ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം

സ്പോര്‍ട്സ് ഡസ്ക്
Tuesday, July 20, 2021

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ആവേശജയം. ശ്രീലങ്ക മുന്നോട്ടുവച്ച 276 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ജയം കുറിച്ചത്. 69 റൺസെടുത്ത ദീപക് ചഹാർ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവ് (53), മനീഷ് പാണ്ഡെ (37), കൃണാൽ പാണ്ഡ്യ (35) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ശ്രീലങ്കയ്ക്ക് വേണ്ടി വഹിന്ദു ഹസരങ്ക 3 വിക്കറ്റ് വീഴ്ത്തി.

മനീഷ് പാണ്ഡയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 50 റണ്‍സാണ് ഇന്ത്യയെ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 37 റണ്‍സെടുത്ത് പാണ്ഡ റണ്‍ ഔട്ടായി. പിന്നാലെയെത്തിയ ഹാര്‍ദിക് പാണ്ഡ്യ പൂജ്യനായും മടങ്ങിയപ്പോള്‍ ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുന്നതായി തോന്നിച്ചു.

ഏകദിനത്തിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ ഉടനെ സൂര്യകുമാറും പുറത്തായി. 35 റണ്‍സ് എടുത്ത ക്രുണാല്‍ പാണ്ഡ്യക്ക് ദീപക് ചഹര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ക്രുണാല്‍ ഔട്ടായതിന് ശേഷമെത്തിയ ഭുവനേശ്വര്‍ കുമാറിനേയും കൂട്ടുപിടിച്ചായിരുന്നു ചഹറിന്റെ രക്ഷാപ്രവര്‍ത്തനം.

ആദ്യം ബാറ്റ് ചെയ്ത അവിഷ്കയും മിനോദ് ഭാനുകയും ചേര്‍ന്ന് ശ്രീലങ്കക്ക് മികച്ച് തുടക്കമാണ് നല്‍കിയത്. 300 എന്ന സ്കോര്‍ ലക്ഷ്യമാക്കി ഇരുവരും അതിവേഗം ബാറ്റു വീശി. സ്കോര്‍ 77 ല്‍ നില്‍ക്കെ ഭാനുകയെ ചഹല്‍ മടക്കി. തൊട്ടടുത്ത പന്തില്‍ പിന്നാലെ എത്തിയ ഭാനുക രജപക്ഷയുടെ വിക്കറ്റു വീഴ്ത്തി ചഹല്‍ ഇന്ത്യയെ കളിയിലേക്ക് തിരികെ എത്തിച്ചു.

മധ്യനിരയില്‍ അസലങ്കയുടെ പോരാട്ടമാണ് ശ്രീലങ്കക്ക് നിര്‍ണായകമായത്. 68 പന്തില്‍ ആറ് ബൗണ്ടറികളുടെ സഹായത്താലാണ് അസലങ്ക 65 റണ്‍സ് നേടിയത്. എട്ടാമനായി ഇറങ്ങിയ ചമിക കരുണരത്നെ അവസാന ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടിയത് പൊരുതാവുന്ന നിലയിലേക്ക് ലങ്കയെ എത്തിച്ചു. 32 പന്തില്‍ 40 റണ്‍സാണ് ചമിക നേടിയത്.

യുസ്വേന്ദ്ര ചഹലും ഭുവനേശ്വര്‍ കുമാറും മൂന്ന് വിക്കറ്റ് വീതം നേടി. ദീപക് ചഹര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

×