അന്തര്‍ദേശീയം

ചിക്കാഗോ ഇന്ത്യൻ അമേരിക്കൻ കൗൺസിലിന്റെ ജീവൻ രക്ഷാ ഉപകരണങ്ങൾ ഇന്ത്യയിലേക്ക്

പി പി ചെറിയാന്‍
Tuesday, June 15, 2021

ഇല്ലിനോയ്: ഇല്ലിനോയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് ഇന്ത്യൻ അമേരിക്കൻ ബിസിനസ് കൗൺസിലിന്റെ നേതൃത്വത്തിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ ആദ്യഘട്ടമായി ഓക്‌സിജൻ കോൺസട്രേറ്റർ യൂണിറ്റ്‌സ്, കൺവർട്ടേഴ്‌സ്, സർജിക്കൽ ഗൗൺസ്, മാസ്‌ക്, ഡിജിറ്റൽ തെർമോമീറ്റേഴ്‌സ്, ഓക്‌സി മീറ്റേഴ്‌സ് എന്നിവ ഇന്ത്യയിലേക്ക് അയച്ചു. രണ്ടാം ഘട്ടമായി കൂടുതൽ ഉപകരണങ്ങൾ അയയ്ക്കുമെന്നും കൗൺസിലിന്റെ വാർത്താകുറിപ്പിൽ പറയുന്നു.

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതീവ ഗുരുതരാവസ്ഥയിൽ എത്തിചേരുകയും, ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് ലഭ്യത ഇല്ലാതാകുകയും ചെയ്ത സാഹചര്യത്തിലാണ് കമ്മ്യൂണിറ്റിയുടെ സഹായത്തോടെ റീലീഫ് പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് ഐ.എ.ബി.സി. പ്രസിഡന്റ് കീർത്തി കുമാർ റാവൂരി പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇതു വിതരണം ചെയ്യുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയതായി കൗൺസിൽ ചെയർമാൻ അജീത്സിംഗ് പറഞ്ഞു.

ഇന്ത്യയിൽ നമ്മുടെ ഭാവനകൾക്കപ്പുറമായ കോവിഡ് വ്യാപനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും, അതിനെ നേരിടുന്നതിന് ഉത്തരവാദിത്വപ്പെട്ടവർ നടത്തുന്ന ശ്രമങ്ങൾക്ക് ഒരു കൈതാങ്ങൽ കൊടുക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നതെന്നും അജിത്സിംഗ് പറഞ്ഞു. എൻ.ആർ.ഐ. ഓർഗനൈസേഷനുമായി സഹകരിച്ചു കൂടുതൽ ഉപകരണങ്ങൾ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്നും നടത്തുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

×