മലയാളത്തിന്റെ പ്രിയങ്കരിയായ നായികയായി മാറിയ താരമാണ് ശാലിനി. മലയാളത്തില്‍ താരം വേഷമിട്ട ചിത്രങ്ങളെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മലയാളത്തില്‍ നിന്നും പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരം ആരാധകരുടെ സ്വന്തം തല അജിത്തിന്റെ ജീവിത നായികയുമായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമാ നടിയെ വിവാഹം കഴിക്കരുതെന്ന് അജിത്തിനെ താന്‍ ഉപദേശിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് തമിഴ് സംവിധായകനും നടനുമായ രമേഷ് ഖന്ന. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രമേശിന്റെ വെളിപ്പെടുത്തല്‍.
"അമര്‍ക്കളത്തില്‍ അജിത്തിനൊപ്പം ജോലി ചെയ്യുമ്പോള്‍ അദ്ദേഹം ശാലിനിയുമായി പ്രണയത്തിലാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. ഇതൊന്നുമറിയാതെ ഒരു സുഹൃത്തെന്ന നിലയില്‍ ഒരിക്കലും ഒരു നടിയെ വിവാഹം ചെയ്യരുതെന്നും അത് ഡിവോഴ്സില്‍ അവസാനിക്കുമെന്നുമൊക്കെ ഞാന്‍ അജിത്തിനെ ഉപദേശിച്ചു.
ഒരു സാധാരണ പെണ്‍കുട്ടിയെ വിവാഹം ചെയ്യൂ, അതാണ് ജീവിതത്തിന് നല്ലതെന്നും പറഞ്ഞുകൊടുത്തു. ചെറുചിരിയോടെ അജിത്ത് അതെല്ലാം കേള്‍ക്കുകയും തല കുലുക്കുകയും ചെയ്തു.
ഞാന്‍ അജിത്തിനോട് സംസാരിക്കുന്നത് കണ്ട് അമര്‍ക്കളത്തിന്റെ സംവിധായകന്‍ സരണ്‍ എന്നെ വിളിച്ച് എന്താണ് സംസാരിച്ചതെന്ന് ചോദിച്ചു. ഞാന്‍ ഉപദേശത്തെകുറിച്ച് പറഞ്ഞപ്പോള്‍, അദ്ദേഹം ശാലിനിയും അജിത്തും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്നതായും വെളിപ്പെടുത്തി. അത് കേട്ട് ഞാന്‍ ഷോക്കായി പോയി.
പിന്നത്തെ വര്‍ഷം നടന്ന അജിത് ശാലിനി വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ആ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമാണുള്ളത്"-രമേശ് പറയുന്നു.