യുദ്ധക്കപ്പലില്‍ നിന്ന് കപ്പല്‍വേധ മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തി ഇന്ത്യന്‍ നാവികസേന

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, October 30, 2020

ഡല്‍ഹി: ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും യുദ്ധക്കപ്പലില്‍ നിന്ന് കപ്പല്‍വേധ മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തി ഇന്ത്യന്‍ നാവികസേന. ബംഗാള്‍ ഉള്‍ക്കടലിലാണ് പരീക്ഷണം നടത്തിയത്. യുദ്ധക്കപ്പലായ ഐഎന്‍എസ് പ്രബാലില്‍ നിന്ന് കപ്പല്‍വേധ മിസൈല്‍ തൊടുക്കുന്നതും ഡീകമ്മീഷന്‍ ചെയ്ത യുദ്ധക്കപ്പല്‍ തകര്‍ക്കുന്നതുമായ വിജയകരമായ പരീക്ഷണം ദിവസങ്ങള്‍ക്ക് മുന്‍പ് നടന്നിരുന്നു.

ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ വീണ്ടും നാവികസേന കപ്പല്‍വേധ മിസൈല്‍ പരീക്ഷണം വീണ്ടും നടത്തിയത്.

നാവികസേന തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. യുദ്ധക്കപ്പലായ ഐഎന്‍എസ് കോറയില്‍ നിന്നാണ് കപ്പല്‍വേധ മിസൈല്‍ വിക്ഷേപിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ മുന്‍കൂട്ടി നിശ്ചയിച്ച ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ത്തതായി നാവികസേന അറിയിച്ചു. ഡീകമ്മീഷന്‍ ചെയ്ത കപ്പല്‍ തന്നെയാണ് ലക്ഷ്യസ്ഥാനമായി നിശ്ചയിച്ചത്. പരമാവധി ദൂരത്തില്‍ നിശ്ചയിച്ച ലക്ഷ്യസ്ഥാനം മിസൈല്‍ കൃത്യമായി തകര്‍ത്തതായി നാവികസേന അറിയിച്ചു.

×