ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യുകെയില്‍ മതിയായ സുരക്ഷയില്ല; ഭരണകൂടത്തിനെതിരെ നിയമനടപടിയുമായി ഇന്ത്യന്‍ വംശജരായ ദമ്പതികള്‍

New Update

publive-image

ലണ്ടന്‍: കൊവിഡ് പ്രതിരോധത്തിന് തുടക്കം മുതല്‍ യുകെ സര്‍ക്കാര്‍ അലംഭാവം കാണിച്ചതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആദ്യ ഘട്ടത്തില്‍ കൊവിഡ് വ്യാപനത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച പ്രധാനപ്പെട്ട അഞ്ച് യോഗങ്ങളില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പങ്കെടുത്തിരുന്നില്ലെന്ന റിപ്പോര്‍ട്ടുകളും വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂട്ടി.

Advertisment

നിലവില്‍ കൊവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലൊന്നായ യുകെയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ത്ത് മതിയായ സുരക്ഷാസംവിധാനങ്ങള്‍ നല്‍കുന്നില്ലെന്നതാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.

സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതക്കുറവിലും നല്‍കിയവ എങ്ങനെ ഉപയോഗിക്കണമെന്ന മാര്‍ഗനിര്‍ദേശം നല്‍കാത്തതിലും യുകെ സര്‍ക്കാരിനെതിരെ നിയമനടപടി ആരംഭിച്ചിരിക്കുകയാണ് ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതികള്‍.

ഡോ. നിഷാന്ത് ജോഷി, ഭാര്യ ഡോ. മീണാല്‍ എന്നിവരാണ് സര്‍ക്കാരിനെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സുരക്ഷാഉപകരണങ്ങളുടെ സമാഹരണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് ഇവരുടെ വിമര്‍ശനം. കൊവിഡ് ബാധിതരുമായി നേരിട്ട് ഇടപെഴുകുന്ന ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെങ്കിലും ഭരണകൂടം ഇക്കാര്യത്തില്‍ നിസംഗത പുലര്‍ത്തുന്നതായും ഇവര്‍ പറയുന്നു.

അതേസമയം, യുകെയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. പുതിയതായി 5386 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 143464 ആയി ഉയര്‍ന്നു. 19506 പേര്‍ മരിച്ചു. ഇതില്‍ 768 പേര്‍ 24 മണിക്കൂറിനിടെ മരിച്ചവരാണ്.

Advertisment