/sathyam/media/post_attachments/ILbTMNjCZrOIhbz3bSeB.jpg)
ബാംഗ്ലൂര്‍ : രാജ്യത്ത് ആദ്യത്തെ കൊറോണ മരണത്തിനിരയായ കര്‍ണ്ണാടക സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖി എന്ന 76 കാരനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ കൊറോണ പരിശോധനയ്ക്ക് വിധേയനാക്കി രോഗം ഇല്ലെന്നു കണ്ടെത്തി വിട്ടയച്ചതായിരുന്നെന്ന് കണ്ടെത്തി.
ഫെബ്രുവരി 29 ന് ഇദ്ദേഹം സൗദി അറേബ്യയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് എയര്‍പോര്‍ട്ടില്‍ ഇവരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. എന്നാല്‍ നെഗറ്റീവ് ആയിരുന്നു ഫലം. പക്ഷേ മാർച്ച് അഞ്ചിന് ആസ്മയും പ്രഷറും അധികരിച്ചതിനെതുടര്‍ന്നായിരുന്നു ഇദ്ദേഹത്തെ കൽബുർഗിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . അപ്പോള്‍ ഇദ്ദേഹത്തിന് ന്യൂമോണിയയും കൊവിഡ് 19 രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നു.
നില വഷളായതോടെ ഇദ്ദേഹത്തെ മാർച്ച് ഒൻപതിന് ഹൈദരാബാദിലേക്ക് മാറ്റി. ഇവിടെ വച്ച് രോഗം മൂർച്ഛിച്ചതിനാൽ ആശുപത്രി അധികൃതർ വീട്ടിലേക്ക് മടക്കി അയച്ചു. ഇതോടെ ബന്ധുക്കൾ ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നു. ഇന്നലെയാണ് മരണം സംഭവിച്ചത് .
മരണം സ്ഥിരീകരിച്ചതോടെ കൊറോണയുമായി ബന്ധപ്പെട്ട ആശങ്ക വർധിച്ചിരിക്കുകയാണ്. ഇയാളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. തെലങ്കാന സർക്കാരിനെയും വിവരമറിയിച്ചിട്ടുണ്ട്.
ഇതോടെ എയര്‍പോര്‍ട്ടിലെ പരിശോധനയും ഫലപ്രദമായിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ട് മാത്രം കൊറോണ ഇല്ലെന്നു ഉറപ്പു വരുത്താന്‍ കഴിയില്ല. എയര്‍പോര്‍ട്ടിലെ പരിശോധന കഴിഞ്ഞ് അഞ്ചാം ദിവസമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇന്നലെയാണ് മരണം സംഭവിച്ചതെങ്കിലും കൊറോണ ആണെന്ന സ്ഥിരീകരണം ഉണ്ടാകുന്നത് ഇന്നാണ്.