മുംബൈ∙ മലയാളി താരം സഞ്ജു സാംസനോട് വീണ്ടും നീതികേട്. ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി20 ടീമിൽനിന്ന് സഞ്ജു സാംസൺ പുറത്തായി . ഈ മാസം 24ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയ്ക്കുള്ള ടീമിൽനിന്നാണ് സഞ്ജു പുറത്തായത്.
/sathyam/media/post_attachments/khqwEH3b9WtEuAP7jkp0.jpg)
ഇന്ത്യയുടെ കഴിഞ്ഞ മൂന്നു പരമ്പരകളിലും ടീമിലുണ്ടായിരുന്ന സഞ്ജു സാംസണ് ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യിൽ മാത്രമാണ് കളത്തിലിറങ്ങാൻ അവസരം കിട്ടിയത്. നേരിട്ട ആദ്യ പന്തിൽ സിക്സടിച്ചു തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തിൽ പുറത്തായി. വിക്കറ്റ് കീപ്പറെന്ന നിലയിലും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയതെങ്കിലും സഞ്ജുവിന് ടീമിൽ സ്ഥാനം നിലനിർത്താനായില്ല.
2015ൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ സഞ്ജുവിന് പിന്നീട് 73 മത്സരങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷമാണ് വീണ്ടും ഇന്ത്യൻ ജഴ്സിയണിയാൻ കഴിഞ്ഞ ദിവസം പുണെയിൽ അവസരം ലഭിച്ചത്. രണ്ടു മത്സരങ്ങൾക്കിടയിലെ ഇടവേളയുടെ കാര്യത്തിൽ ഇത്രയും അന്തരം മറ്റൊരു താരത്തിനും ഉണ്ടായിട്ടില്ല .
ഓപ്പണർ രോഹിത് ശർമയുടെ മടങ്ങിവരവോടെയാണ് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽനിന്ന് രോഹിത്തിന് വിശ്രമം അനുവദിച്ചിരുന്നു. രോഹിത് ശർമയ്ക്കൊപ്പം പേസ് ബോളർ മുഹമ്മദ് ഷമിയുടെ മടങ്ങിവരവാണ് ടീമിലെ പ്രധാന മാറ്റം.
വിരാട് കോലി നയിക്കുന്ന ടീമിൽ ഓപ്പണർമാരായ രോഹിത് ശർമ, ലോകേഷ് രാഹുൽ, ശിഖർ ധവാൻ എന്നിവർ ഇടംപിടിച്ചു. ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ശിവം ദുബെ തുടങ്ങിയവരും ടീമിൽ സ്ഥാനം നിലനിർത്തി. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പർ. കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹൽ, വാഷിങ്ടൺ സുന്ദർ എന്നിവർ സ്പിന്നർമാരായി തുടരും.
സ്പിൻ ഓൾറൗണ്ടറായി രവീന്ദ്ര ജഡേജയുമുണ്ട്. പേസ് ബോളിങ് നിരയിൽ ജസ്പ്രീത് ബുമ്ര, നവ്ദീപ് സെയ്നി, ഷാർദുൽ താക്കൂർ എന്നിവർക്കു പുറമെയാണ് മുഹമ്മദ് ഷമിയെക്കൂടി ഉൾപ്പെടുത്തിയത് കായികക്ഷമത തെളിയിക്കാത്തതിനാൽ ഹാർദിക് പാണ്ഡ്യയെ പരിഗണിച്ചില്ല. സൂര്യകുമാർ യാദവിന്റെ പേരും പറഞ്ഞുകേട്ടിരുന്നെങ്കിലും ടീമിലില്ല.