കഴിഞ്ഞ തവണ സുരേഷ് ഗോപി തനിക്കു വേണ്ടി പ്രചാരണത്തിന് വന്നിരുന്നു. ഇക്കുറി അദ്ദേഹം വേറെ പാര്‍ട്ടിയിലാണ്. അതുകൊണ്ട് സുരേഷ് ഗോപിയെ പിന്തുണയ്ക്കാനാവില്ല ; തൃശൂരിലെ വോട്ടര്‍ ആയിട്ടും സുരേഷ് ഗോപി തന്നോടു വോട്ടു ചോദിച്ചില്ലെന്ന് ഇന്നസെന്റ്

ന്യൂസ് ബ്യൂറോ, തൃശൂര്‍
Tuesday, April 23, 2019

ഇരിഞ്ഞാലക്കുട: സുരേഷ് ഗോപി സുഹൃത്താണെങ്കിലും വോട്ടു ചെയ്യാനാവില്ലെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നടന്‍ ഇന്നസെന്റ്. കഴിഞ്ഞ തവണ സുരേഷ് ഗോപി തനിക്കു വേണ്ടി പ്രചാരണത്തിന് വന്നിരുന്നു. ഇക്കുറി അദ്ദേഹം വേറെ പാര്‍ട്ടിയിലാണ്. അതുകൊണ്ട് സുരേഷ് ഗോപിയെ പിന്തുണയ്ക്കാനാവില്ല. തൃശൂരിലെ വോട്ടര്‍ ആയിട്ടും സുരേഷ് ഗോപി തന്നോടു വോട്ടു ചോദിച്ചില്ലെന്നും ഇന്നസെന്റ് പറഞ്ഞു. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

” കഴിഞ്ഞ തവണ ചുറ്റും ആളു കൂടുമ്പോള്‍ ശരിക്കും ടെന്‍ഷനുണ്ടായിരുന്നു. ഇതൊക്കെ വോട്ടാവുമോ? ഇക്കുറി അങ്ങനെ ടെന്‍ഷനൊന്നുമില്ല.” ഇന്നസെന്റ് പറഞ്ഞു. ചാലക്കുടി മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന് ഉറപ്പുണ്ടെന്ന് ഇന്നസെന്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടു ചെയ്ത ശേഷം പതിവു ശൈലിയിലാണ് ഇന്നസെന്റ് മാധ്യമങ്ങളെ നേരിട്ടത്. ഇപ്പോള്‍ വോട്ടു ചെയ്ത ഈ സ്‌കൂളിലും ഞാന്‍ പഠിച്ചിട്ടുണ്ട്. ഇരിഞ്ഞാലക്കുടയിലെ എല്ലാ സ്‌കൂളിലും പഠിച്ചയാളെന്ന റെക്കോഡുള്ളയാളാണ് താനെന്ന് ഇന്നസെന്റ് പറഞ്ഞു.

വോട്ടു ചെയ്യാന്‍ സ്‌കൂളിലെത്തിയപ്പോള്‍ ഞാന്‍ നോക്കിയത് ഈ വരാന്തയിലേക്കാണ്. ക്ലാസില്‍ ഇരുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ നിന്നിട്ടുള്ളത് ഈ വരാന്തയിലാണ്. ഞാനിതെന്റെ മകനോടു പറഞ്ഞപ്പോള്‍ അവന്റെ അവസ്ഥയും ഇതൊക്കെ തന്നെ.- ഇന്നസെന്റ് പറഞ്ഞു.

 

×