Advertisment

ഗള്‍ഫ് മേഖലയില്‍ കുടുങ്ങിയ പ്രവാസികളെ ഒഴിപ്പിക്കാന്‍ ഐഎന്‍എസ് ജലാശ്വയും ; കപ്പലുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഗള്‍ഫ് മേഖലയിലേക്ക്

New Update

ഡല്‍ഹി : ഗള്‍ഫ് മേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ഇന്ത്യന്‍ നാവിക സേന മൂന്നു വലിയ യുദ്ധക്കപ്പലുകള്‍ സജ്ജമാക്കിയതായി ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ലാന്‍ഡിങ് പ്ലാറ്റ്‌ഫോം ഡോക്ക് (എല്‍പിഡി) വിഭാഗത്തില്‍പെട്ട ഐഎന്‍എസ് ജലാശ്വയും ടാങ്ക് ലാന്‍ഡിങ് ഡോക്ക് (എല്‍എസ്ടി) വിഭാഗത്തില്‍പെട്ട രണ്ടു യുദ്ധക്കപ്പലുകളുമാണ് തയാറായത്.

Advertisment

ദിവസങ്ങള്‍ക്കുള്ളില്‍ ഗള്‍ഫ് മേഖലയിലേക്കു നീങ്ങാന്‍ സജ്ജമായിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

publive-image

ഐഎന്‍എസ് ജലാശ്വയെപ്പോലെ വമ്പന്‍ യുദ്ധക്കപ്പലുകള്‍ ആയതിനാല്‍ കൂടുതല്‍ ആളുകളെ ഒഴിപ്പിക്കാന്‍ കഴിയുമെന്നാണു കരുതുന്നത്. പ്രവാസികളെ വിമാനങ്ങള്‍ക്കു പകരം കടല്‍മാര്‍ഗം എത്തിക്കാനാണു തീരുമാനമെങ്കില്‍ ഈ കപ്പലുകളാവും ഗള്‍ഫ് മേഖലയിലേക്കു നീങ്ങുക. സാമൂഹിക അകലം പാലിച്ചാണെങ്കിലും ആയിരത്തിലധികം ആളുകളെ വരെ ഒരു കപ്പലില്‍ എത്തിക്കാന്‍ കഴിയും. വിശാഖപട്ടണം, പോര്‍ട്ട്‌ബ്ലെയര്‍, കൊച്ചി എന്നിവിടങ്ങളിലായി എട്ട് എല്‍എസ്ടികളാണ് നാവികസേനയ്ക്കുള്ളത്.

ഏതു തുറമുഖത്തുനിന്നാണ് നീങ്ങുന്നത് എന്നതിനെ ആശ്രയിച്ച് നാലു മുതല്‍ അഞ്ചു ദിവസം വരെയാണ് ഗള്‍ഫിലേക്കുള്ള യാത്രയ്ക്കു വേണ്ടിവരുന്നത്. ലോക്ഡൗണ്‍ അവസാനിക്കുന്ന മേയ് 3 നു ശേഷം പ്രവാസികളെ ഒഴിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ യുദ്ധക്കപ്പലുകള്‍ ഗള്‍ഫിലേക്കു പുറപ്പെടാനുള്ള സമയമായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍ഗണനാ ക്രമത്തില്‍ ആളുകളെ നാട്ടില്‍ തിരികെ എത്തിക്കാനാണു കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അന്തിമ തീരുമാനം അടുത്തു തന്നെ ഉണ്ടാകുമെന്നാണു സൂചന.

indian navy ins jalaswa
Advertisment