ന്യൂയോർക്ക്: ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന് ന്യൂയോർക്കിൽ തുടക്കമായി. ലോക കേരള സഭയിൽ പ്രവാസികൾ സമർപ്പിച്ച എല്ലാ നിർദേശങ്ങളും സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തന്റെ ചുറ്റുംനിൽക്കുന്നവർ എത്രലക്ഷം ചെലവാക്കിയെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കൻ മേഖലാസമ്മേളനത്തെ സർക്കാർ അതീവപ്രാധാന്യത്തോടെ കാണുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക കേരള സഭ സമ്മേളനത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ മുഖ്യമന്ത്രി ശക്തമായി പ്രതികരിച്ചു.
കഴിഞ്ഞ ലോക കേരളസഭയിൽ ഉയർന്ന നിർദേശങ്ങൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ചു. പ്രായോഗികമായ 67 നിർദേശങ്ങൾ കണ്ടെത്തി. ഇതിൽ 11 വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയ്‌ക്ക് സമർപ്പിച്ചു.
56 ശുപാർശകൾ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. ശുപാർശകൾ കൈകാര്യം ചെയ്യാൻ വകുപ്പുകളിൽ ഡെപ്യൂട്ടി, അണ്ടർ സെക്രട്ടറിമാരെ നോഡൽ ഓഫീസർമാരായി നിയോഗിച്ചിട്ടുണ്ട്.
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രവാസി മിത്രം പോർട്ടൽ ആരംഭിച്ചു. പ്രവാസികൾക്കായുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സജ്ജമായി.
പ്രവാസികളുടെ വിവര ശേഖരണത്തിനായുള്ള ഡിജിറ്റൽ ഡാറ്റാ പ്ലാറ്റ്‌ഫോം രൂപീകരിക്കൽ അവസാന ഘട്ടത്തിലാണ്. ഡിജിറ്റൽ സർവകലാശാലയും നോർക്കയും ചേർന്നാണ് ഇത് നടപ്പാക്കുന്നത്. പ്രവാസികൾക്കുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതിയും അവസാന ഘട്ടത്തിലാണ്.
കേരളത്തിനകത്തും പുറത്തുമുള്ള മുഴുവൻ കേരളീയരുടെയും കൂട്ടായ്മയും പുരോഗതിയും ഉറപ്പുവരുത്താനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ഏഴു വർഷംകൊണ്ട് പ്രവാസി വകുപ്പിനുള്ള ബജറ്റ് വിഹിതത്തിൽ അഞ്ചിരട്ടി വർധനയാണ് വരുത്തിയത്.
പ്രവാസികൾക്കുള്ള പുനരധിവാസ പദ്ധതിയായ എൻഡിപ്രേം വഴി 6,600 സംരംഭം ആരംഭിച്ചു. പ്രവാസി ഭദ്രത പദ്ധതിയിൽ കഴിഞ്ഞ രണ്ടു വർഷംകൊണ്ട് 14,166 സംരംഭങ്ങൾ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സ്‌പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി.