കാനഡ: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹിനി ടൈറ്റനിലെ ഓക്‌സിജന്‍ സപ്ലെ തീര്‍ന്നതായി റിപ്പോര്‍ട്ട്. 96 മണിക്കൂര്‍ ആണ് ടൈറ്റനിലെ ഓക്‌സിജന്‍ സപ്ലെ സമയം. യുകെ സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.8 ഓടെ ഓക്‌സിജന്‍ തീര്‍ന്നിട്ടുണ്ടാകുമെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, അഞ്ച് യാത്രികരുമായി കാണാതായ അന്തര്‍വാഹിനിക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. പേടകം തിരയാൻ ഫ്രാൻസിന്റെ റോബട്ടിക് പേടകം ‘വിക്ടർ 6000’ രക്ഷാപ്രവർത്തനം നടക്കുന്ന മേഖലയിലെത്തി. സമുദ്രാന്തർ തിരച്ചിൽയാനങ്ങളിൽ ഏറെ പ്രശസ്തിയുള്ള റോബട്ടിക് പേടകമാണ് വിക്ടർ 6000. 19,600 അടി (6000 മീറ്റർ) താഴ്ചയിൽ വരെ തിരച്ചിൽ നടത്താൻ ഇതിന് സാധിക്കും.
രണ്ടു പൈലറ്റുമാർ അടങ്ങുന്ന സംഘങ്ങൾ നാലു ഷിഫ്റ്റുകളിലായി, കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലെ കൺട്രോൾ റൂമിലിരുന്ന് വിക്ടറിന്റെ പ്രവർത്തനങ്ങളും സഞ്ചാരപാതയും നിരീക്ഷിക്കും. ഇവർക്കു പുറമേ ഒരു മൂന്നാമനും സഹായത്തിനുണ്ടാകും. ഇയാൾ കനേഡിയൻ കോസ്റ്റ് ഗാർഡിലെയോ ഓഷൻ ഗേറ്റ് ടൈറ്റനിലെയോ ജീവനക്കാരനാകും. വിക്ടർ 6000 ലെ ലൈറ്റുകളും ക്യാമറകളും കടലിന്റെ അടിത്തട്ടിലെ തത്സമയ ദൃശ്യങ്ങൾ കൺട്രോൾ റൂമിലെത്തിക്കും.
നാലു ദിവസം മുന്‍പാണ് ന്യൂഫൗണ്ട് ലാന്‍ഡ് തീരത്തിന് സമീപത്തുവെച്ച് ടൈറ്റനുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടത്. ബ്രിട്ടീഷ് വ്യവസായി ഹമീഷ് ഹാര്‍ഡിങ്, പാകിസ്ഥാനില്‍ നിന്നുള്ള വ്യവസായി ഷഹസാദ് ദാവൂദ്, മകന്‍ സുലേമാന്‍, ഓഷ്യന്‍ഗേറ്റിന്റെ സിഇഒ സ്റ്റോക്‌റ്റോണ്‍ റഷ്, ഫ്രഞ്ച് പൈലറ്റ് നാര്‍ജിയോലെറ്റ് എന്നിവരാണ് ടൈറ്റനിലുള്ളത്.
നാലുകിലോമീറ്റര്‍ ചുറ്റളവില്‍ ആഴത്തിലാണ് തെരച്ചില്‍ നടക്കുന്നത്. കടലിന്റെ അടിയില്‍ നിന്ന് നിരന്തരം കേട്ട മുഴക്കം സഞ്ചാരികളെ രക്ഷിക്കുന്നതില്‍ നിര്‍ണായകമാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. എന്നാല്‍ സമുദ്രത്തില്‍ മുഴക്കത്തിന്റെ ഉറവിടം കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.