വാഷിംഗ്ടൺ: അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസിൽ വമ്പൻ സ്വീകരണം. തനിക്ക് ലഭിച്ച സ്വീകരണം 140 കോടി ഇന്ത്യാക്കാർക്കുള്ള ആദരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. ഊഷ്മള സ്വീകരണത്തിന് മോദി നന്ദി പറഞ്ഞു.
ഇത്രയധികം പേർക്കായി വൈറ്റ് ഹൗസിന്റെ വാതിലുകൾ തുറന്നുകൊടുക്കുന്നത് ആദ്യമായാണെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യക്കാർക്കും ഇന്ത്യൻ അമേരിക്കക്കാർക്കും ഇതൊരു ബഹുമതിയാണ്. 140 കോടി ഇന്ത്യക്കാർക്കു വേണ്ടി പ്രസിഡന്റ് ജോ ബൈഡനും ജിൽ ബൈഡനും നന്ദി പറയുന്നതായും മോദി പറഞ്ഞു.
ഇന്ത്യയും അമേരിക്കയും പങ്കിടുന്നത് ഒരേ മൂല്യങ്ങളാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ ശക്തമായ ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ വംശജയായ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ജീവിതം അടക്കം പരാമർശിച്ചായിരുന്നു ബൈഡൻ സംസാരിച്ചത്.
അമേരിക്കയുടെ വളർച്ചയ്ക്ക് പ്രവാസികളായ ഇന്ത്യാക്കാരുടെ പങ്ക് വളരെ വലുതാണ്. വൈവിധ്യവും, മതങ്ങളിലെ നാനാത്വവും ഇരു രാജ്യങ്ങളുടെയും ശക്തിയാണ്. ഇന്ത്യ - അമേരിക്ക ബന്ധത്തിന്റെ സാധ്യതകൾ വളരെ വലുതാണ്. രണ്ട് മഹത്തായ രാഷ്ട്രങ്ങൾ, രണ്ട് ഉറ്റസുഹൃത്തുക്കൾ, രണ്ട് ലോക ശക്തികൾ, അതാണ് അമേരിക്കയും ഇന്ത്യയും. 21ാം നൂറ്റാണ്ടിന്റെ ഗതി നിർണയിക്കുന്ന ശക്തികളാണ് ഇന്ത്യയും അമേരിക്കയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.