വത്തിക്കാൻ: കൊറോണ ഇപ്പോൾ ഏറ്റവും ഭീതികരമായ അവസ്ഥയിലുള്ളത് ഇറ്റലിയിലാണ്. ദിനംതോറും 800 നടുത്ത് ആളുകളാണ് മരിക്കുന്നത്. അസുഖ ബാധിതരായിരുന്നവരിൽ അതിലേറെ ആളുകൾ സുഖം പ്രാപിക്കുകയും ചെയ്യുന്നു.
ഇറ്റലിയിലെ സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ സംബന്ധിച്ച് ഭീതികരമായ നിരവധി വാർത്തകളാണ് ലോകമെങ്ങും പരക്കുന്നത്. അതിൽ ഏറെക്കുറെ യാഥാർഥ്യവുമാണ്. പക്ഷെ, കേൾക്കുന്നത്ര ഭീതികരമാണോ ഇറ്റലിയിലെ അവസ്ഥയെന്ന് ചോദിച്ചാൽ അല്ലെന്നു പറയേണ്ടിവരും.
ഇറ്റലിയിൽ കൊറോണ മരണങ്ങളിൽ 95 ശതമാനവും 80 നു മുകളിൽ പ്രായമുള്ളവരിലാണ്. 65 വയസിനും 80 നുമിടയിൽ പ്രായമുള്ളവരിൽ 5 ശതമാനത്തിൽ താഴെ മാത്രമാണ്. അതിലധികവും മറ്റെന്തെങ്കിലും രോഗം ഉണ്ടായിരുന്നവരാണ്.
രണ്ടോ മൂന്നോ കിലോമീറ്ററിൽ ഒരു വൃദ്ധമന്ദിരം എന്നതാണ് ഇറ്റലിയിലെ സ്ഥിതി. ജനസംഖ്യയിൽ 25 ശതമാനം ജനങ്ങളും 75 വയസിനു മുകളിൽ പ്രായമുള്ളവരാണ്. നിലവിലെ അയ്യായിരത്തിനടുത്ത ഇറ്റലിയിലെ കൊറോണ മരണങ്ങളിൽ ഏറിയ പങ്കും വൃദ്ധസദനങ്ങളിലെയും പാലിയേറ്റിവ് കെയർ യൂണിറ്റുകളിലെയും അന്തേവാസികൾക്കിടയിലാണ്.
ഓരോ വൃദ്ധസദനങ്ങളിലും എഴുന്നൂറും എണ്ണൂറും വയോധികരാണ് താമസിക്കുന്നത്. ഇവർക്കിടയിലേക്ക് രോഗം പടർന്നതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലായി.
പ്രായമായവരിൽ ഈ രോഗം ബാധിച്ചാൽ ഭേദമാകാൻ പ്രയാസമാണെന്നതാണ് കൊറോണയുടെ പ്രത്യേകത. ഇതോടെ ഒന്നിന് പുറമെ ഒന്നായി അന്തേവാസികളിൽ കൊറോണ പടർന്നുപിടിച്ചു.
അവശ നിലയിലായ രോഗികൾക്ക് അത്യാഹിത സേവനങ്ങൾ നൽകാൻ സംവിധാനങ്ങൾ പരിമിതമായി. 250 ഐ സി യു കിടക്കകളുള്ള ഒരാശുപത്രിയിൽ മാത്രം കഴിയുന്നത് 2500 രോഗികളാണ്. ഇവർക്ക് വെന്റിലേറ്റർ, ഓക്സിജൻ മാസ്ക് പോലുള്ള ജീവൻരക്ഷാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ പോലും കഴിയുന്നില്ല.
ഇതുമൂലം പ്രായം കുറഞ്ഞ ഒരു രോഗി വന്നാൽ ജീവനുവേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന രക്ഷപെടാൻ സാധ്യതയില്ലെന്ന് കരുതുന്ന ഒരു രോഗിയുടെ ശരീരത്തുനിന്നും ഉപകരണങ്ങൾ നീക്കം ചെയ്ത് കുറച്ചുകൂടി സാധ്യതയുള്ള രോഗിയുടെ ദേഹത്ത് ഘടിപ്പിക്കേണ്ടി വരുന്നു. അതോടെ ഉപകരണങ്ങൾ നീക്കം ചെയ്ത രോഗികളെ അറിഞ്ഞുകൊണ്ടുതന്നെ മരണത്തിലേക്ക് യാത്രയാക്കേണ്ടി വരുന്നു.
പ്രായം കുറഞ്ഞ ആളുകളിലും ഇറ്റലിയിൽ കൊറോണ പടർന്നിട്ടുണ്ട്.ഇത് തുടക്കത്തിൽ ജനങ്ങൾക്കിടയിലുണ്ടായ ഉദാസീനതയിൽ നിന്നും സംഭവിച്ചതാണ്. രാജ്യത്ത് സാഹചര്യങ്ങൾ ഇത്രയധികം ഗുരുതരമായിട്ടുപോലും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ തയാറാകാത്ത ജനങ്ങൾ ഇപ്പോളും ഇവിടെയുണ്ട്.
എന്നാൽ പ്രായം കുറവായ കൊറോണ രോഗികളാണ് അസുഖം ഭേദമായി ആശുപത്രിയിൽ നിന്നും മടങ്ങുന്നത്. അതേസമയം, ഇറ്റലിയിൽ നിന്നും പുറത്തുവരുന്ന എല്ലാ മരണങ്ങളും കൊറോണ ബാധിച്ചാണെന്ന നിഗമനവും തെറ്റാണ്.
കൊറോണ പടർന്നുപിടിച്ച വൃദ്ധസദനങ്ങളിലും പാലിയേറ്റിവ് യൂണിറ്റുകളിലും മറ്റ് അസുഖങ്ങൾ മൂലം നടക്കുന്ന മരണങ്ങൾ ഉൾപ്പെടെയുള്ള സംഖ്യയാണ് പുറത്തുവരുന്നത്.
ഏറ്റവും പ്രധാനം കരുതൽ തന്നെയാണ്. പ്രവാസികൾ ഉൾപ്പെടെയുള്ള ഇറ്റലിയിലെ സാധാരണ ജനത സുരക്ഷിതരായി വീട്ടിലിരുന്നാൽ ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല.
ഇത്രയധികം കൊറോണ വ്യാപനം അടുത്തിടെ അശ്രദ്ധ കൊണ്ടാണെങ്കിലും സംഭവിച്ചതിനാൽ പുറത്തിറങ്ങിയാൽ വൈറസ് വ്യാപനത്തിനുള്ള സാധ്യത അധികമാണ്. അതിനാൽ തന്നെ ജനങ്ങൾ കൂടുതലും സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിലിരിക്കുന്നതാണ് സാഹചര്യം.
മെഡിക്കൽ ഷോപ്പുകളും സൂപ്പർ മാർക്കറ്റുകളും തുറന്നിരിക്കുന്നതിനാൽ അവശ്യ വസ്തുക്കൾക്ക് ദൗർലഭ്യമില്ല. കടകളിൽ കൂട്ടമായി കയറിച്ചെന്ന് സാധനങ്ങൾ വാങ്ങാൻ കഴിയില്ല. ഒന്നോ രണ്ടോ ആളുകളായിരിക്കും ഒരു സമയത്ത് ഷോപ്പിനുള്ളിൽ ഉണ്ടായിരിക്കുക.
മലയാളികളെ സംബന്ധിച്ച് എന്തെങ്കിലും ആശങ്കപ്പെടേണ്ട ഒരു സാഹചര്യമുള്ളത് ആശുപത്രി ജീവനക്കാരുടെ കാര്യത്തിൽ മാത്രമാണ്. ഈ രോഗികളെ പരിചരിക്കാൻ ഊണും ഉറക്കവും കുടുംബം പോലും മറന്ന് നിതാന്ത ജാഗ്രതയോടെ ഡ്യൂട്ടിയിലുള്ളത് മലയാളികളായ നേഴ്സുമാരും മറ്റ് ജീവനക്കാരുമാണ്.
ഈ പ്രതിസന്ധി ഘട്ടത്തിൽ ഇറ്റലിയിൽ ഏറ്റവും സ്തുത്യർഹമായ സേവനം ചെയ്യുന്നത് നേഴ്സുമാരും ഡോക്ടർമാരും തന്നെയാണ്. ഭൂമിയിലെ മാലാഖമാർ എന്നത് അക്ഷരം പ്രതി യാഥാർഥ്യമാക്കുന്ന തരത്തിലാണ് ഇവരുടെ സേവനം.
ഈ ജീവനക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്. ഈ രോഗികളെ പരിചരിക്കുന്നതും അവരുമായി അടുത്തിടപെടുന്നതും അവരാണ്.
എന്നാൽ കർശന സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു തന്നെയാണ് ഇവർ ഡ്യൂട്ടിയിൽ പ്രവേശിക്കുന്നത്. അതിനാൽ തന്നെ ഇവർക്കിടയിൽ ഇതുവരെ കൊറോണ വ്യാപനം സംഭവിച്ചിട്ടില്ലെന്നതാണ് ആശ്വാസകരം.