ആ അമ്മ പിന്നെയും നാല് ദിവസം ജീവിച്ചിരുന്നു...ശരീരമാകെ പരുക്കേറ്റ അവർ 4 മക്കളെയും അടുത്തുചേർത്തുപിടിച്ചു. മരണം ഉറപ്പായതോടെ ആ അമ്മ മൂത്ത കുട്ടിക്ക് വനത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ട നിർദേശങ്ങൾ നൽകി. അമ്മയെ വനത്തിൽ ഉപേക്ഷിച്ച് അവർ നടന്നകന്നു. പിന്നീട് 40 ദിവസത്തെ അത്ഭുതകരമായ അതിജീവനം. കുട്ടികൾക്ക് ആഹാരമൊരുക്കി ആമസോൺ തന്നെ 'അമ്മ'യായി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

മസോൺ വനത്തിൽ നടന്ന ചെറുവിമാനത്തിന്റെ അപകടവും അതിൽനിന്നും രക്ഷപെട്ട 4 കുട്ടികളെ 40 ദിവസത്തിനുശേഷം സൈന്യം രക്ഷിച്ചതുമെല്ലാം ലോകം അത്ഭുതത്തോടെയാണല്ലോ ശ്രവിച്ചത്.

എന്നാൽ കുട്ടികളിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന വിവരം വളരെ ഹൃദയഭേദകമാണ്. വിമാന അപകടം നടന്ന ശേഷം ഗുരുതരമായി പരുക്കേറ്റ ആ നാലു കുട്ടികളുടെയും അമ്മ 'Magdalena Mucutuy Valencia,' നാലു ദിവസത്തോളം ജീവിച്ചിരുന്നു എന്നും കുട്ടികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ അവർ നല്കിയിരുന്നുവെന്നുമാണ് കുട്ടികൾ വെളിപ്പെടുത്തിയിരിക്കുന്നത്..

ശരീരമാകെ ഗുരുതരമായി പരുക്കേറ്റ അവർ 4 മക്കളെയും അടുത്തുചേർത്തുപിടിച്ചാണ് മുഴുവൻ സമയവും കഴിഞ്ഞത്. റെസ്ക്യൂ ടീമുകൾ വന്നെത്തുമെന്നും തങ്ങളെ രക്ഷിക്കുമെന്നും അവർ പ്രതീക്ഷിച്ചിരുന്നു.

അപകടം നടന്ന നാലാം ദിവസം തൻ്റെ മരണം ഉറപ്പാണെന്ന ബോദ്ധ്യം വന്നപ്പോൾ ആ അമ്മ മൂത്ത കുട്ടിയായ 13 വയസ്സുള്ള ലെസ്‌ലി ജാകോംബൈര്‍ മുകുതുയ് (Lesly Jacombaire Mucutuy) യോട് മറ്റു മൂന്നു കുട്ടികളുമായി കഴിയും വേഗം വനത്തിൽ നിന്നും രക്ഷ പെട്ട് പിതാവിൻ്റെ അടുത്തെത്താൻ നിർദ്ദേശിക്കുകയായിരുന്നു.

publive-image

പുറപ്പെടും മുൻപ് കുട്ടികൾക്ക് എല്ലാ മുന്നറിയിപ്പുകളും അവർ നൽകിയിരുന്നു. വഴിയിൽ ആഹാരത്തിനായി തകർന്ന വിമാനത്തിലുണ്ടായിരുന്ന കിഴങ്ങിന്റെ പൊടിയും (Cassava Flour)) ഒപ്പം കരുതാൻ പറഞ്ഞതും ആ അമ്മയായിരുന്നു. അമ്മയെ അനുസരിച്ച് കൈക്കുഞ്ഞിനെ ഒക്കത്തേറ്റി 13 കാരിയായ മൂത്ത മകൾ മറ്റു രണ്ടു കുട്ടികളെയും കൊണ്ട് കണ്ണീരോടെ അവിടം വിടുമ്പോഴും അമ്മയുടെ നിസ്സഹായാവസ്ഥയിലുള്ള തേങ്ങലുകൾ അകലെവരെ അവർക്ക് കേൾ ക്കാമായിരുന്നു.

അമ്മയുടെ ശബ്ദം നിലച്ചപ്പോൾ കുട്ടികൾക്ക് സഹിക്കാനായില്ല. അവർ വീണ്ടും അമ്മയ്ക്കരുകിലേക്ക് വരാൻ ശ്രമിച്ചപ്പോൾ അരുതെന്ന് വിലക്കി ശാസനയോടെ വേഗം അവിടം വിട്ടു പോകാനുള്ള നിർദ്ദേശം അമ്മയിൽ നിന്നുണ്ടായി.

publive-image

ഇക്കാര്യങ്ങളൊക്കെ കുട്ടികളുടെ പിതാവ് മാനുവല്‍ റനോക്ക് (Manuel Ranoque) ആണ് ഇന്ന് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ആ 4 കുട്ടികളും സുഖം പ്രാപിക്കുന്നു.

കൊളംബിയ എന്ന ഒരു ദേശത്തിന്റെ ഒന്നാകെയുള്ള പ്രാർത്ഥനയുടെ ഫലമാകാം ആ നാല് കുഞ്ഞുങ്ങളും രക്ഷപെട്ടത്. കൊളംബിയൻ ജനത അവരെ സ്വന്തം മക്കളായി സ്വീകരിച്ചുകഴിഞ്ഞു.

publive-image

വിഷപ്പാമ്പുകളും പുലികളും ധാരാളമുള്ള നിബിഡമായ വനത്തിൽ തകർന്ന വിമാനത്തിൽ നിന്നും രക്ഷപെട്ട് 40 ദിവസത്തോളം അമ്മയുടെ അനുവാദത്തിൽ അവർ ഒപ്പം കരുതിയ കപ്പപോലുള്ള കിഴങ്ങിന്റെ പൊടി (Cassava Flour) യും വനത്തിൽ ലഭിച്ചിരുന്ന വിഷമില്ലാത്ത കായകളും വലിയ ഇലകൾ കുമ്പിൾ കുത്തി വെള്ളം ശേഖരിച്ചു കുടിച്ചും കാട്ടുകമ്പുകളും ഇലകളും കൊണ്ട് 14 കാരിയായ മൂത്ത കുട്ടി ലെസ്ലിയുടെ തലയിലെ റിബൺ വച്ചുകെട്ടിയ ടെന്റിലുമാണ് അവർ കഴിഞ്ഞത്. വനത്തിൽ ലഭിക്കുന്ന പാഷൻ ഫ്രൂട്ട് പോലുള്ള 'എവി ച്ചുർ' എന്ന കായയാണ് ആ കുട്ടികളുടെ ജീവൻ നിലനിർത്തിയത്.

publive-image

14 കാരിയായ ലെസ്ലിക്ക് വനത്തെപ്പറ്റി നല്ല അറിവുണ്ടായിരുന്നു. ചെറുപ്പം മുതൽ വനത്തിൽ നായാട്ടിനുപോകുന്ന കുടുംബത്തോടൊപ്പം അവളും പോയിരുന്നു. രാത്രിയിൽ ടെന്റ് ഒരുക്കിയാണ് അവർ കഴിഞ്ഞിരുന്നത്. വനത്തിലെ വിഷക്കായകളും വിഷച്ചെടികളും അവൾക്കറിയാമായിരുന്നു. ആക്രമണകാരികളായ വന്യമൃഗങ്ങളിൽ നിന്നും രക്ഷപെടാനുള്ള വിദ്യകളും അവൾ വശമാക്കിയിരുന്നു.

മരക്കമ്പുകൾ കല്ലിൽ ഉരച്ച് മൂർച്ചയാക്കിയായിരുന്നു അവരുടെ യാത്ര. കുട്ടികളെ സംബന്ധിച്ചിടത്തോ ളമുണ്ടായ ഏറ്റവും വലിയ ഭാഗ്യം വനത്തിൽ ഇപ്പോൾ കായ്‌കനികൾ വിളഞ്ഞുപഴുക്കുന്ന സീസണായിരുന്നു എന്നതാണ്.

കൊളംബിയയിലെ ഗോത്രവർഗ്ഗമായ 'ഗുവാനാനോ' സമുദായത്തിൽ നിന്നുള്ളവരാണ് ഈ കുട്ടികൾ. വനത്തിൽ അലഞ്ഞ നാളുകളിൽ അവർക്കുനേരെ പാഞ്ഞടുത്ത ഒരു ചെന്നായയെ ആട്ടിപ്പായിക്കാൻ ലെസ്ലിക്കും അനിയത്തിക്കും അനായാസം കഴിഞ്ഞു. കുട്ടികളുടെ ഈ സാഹസികത കൊളംബിയൻ രാഷ്‌ട്രപതി ഗുസ്താവോ പെട്രോ (Gustavo Petro) ആണ് വെളിപ്പെടുത്തിയത്.

publive-image

വിഷമുള്ള ഇഴജന്തുക്കളിൽ നിന്നും രക്ഷനേടാനുള്ള വിദ്യയൊക്കെ മൂത്ത രണ്ടു കുട്ടികൾക്കും അറിയാ മായിരുന്നു. അതും രക്ഷയായി. വലിയ കൊതുകുളായിരുന്നു അവരുടെ യാത്രയിലെ ഏറ്റവും വലിയ ശത്രുക്കൾ. കൊതുകു കടിച്ച പാടുകൾ വലിയ രണ്ടു കുട്ടികളുടെയും ശരീരം നിറയെയുണ്ട്. എന്നാൽ ചെറിയ കുട്ടികൾക്ക് കൊതുകുകടി ഏറ്റിട്ടില്ല എന്നതാണ് അതിശയകരം. 4 ഉം ഒന്നും വയസ്സുള്ള അവരെ കൊതുകിൽനിന്നുവരെ മൂത്ത രണ്ടുകുട്ടികളും കരുതലോടെ സംരക്ഷിച്ചു എന്നതാണ് പ്രത്യകം ശ്രദ്ധിക്കേണ്ടത്.

കാടിന്റെ മക്കൾ ഇന്ന് നാടിന്റെ മക്കളായി മാറിയിരിക്കുന്നു എന്നാണ് കൊളംബിയൻ പ്രസിഡണ്ട് പറഞ്ഞത്. തിരച്ചിൽ നടത്തിയ സൈനിക ടീമിനും ഗോത്രവർഗ്ഗങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

publive-image

കുട്ടികൾ ഇപ്പോൾ കൊളംബിയയിലെ മിലിട്ടറി ആശുപത്രിയിലാണ്.അവർ ആരോഗ്യം വീണ്ടെടുക്കുന്നു. 2 മുതൽ മൂന്നാഴ്ചവരെ അവിടെയവർ തുടരേണ്ടിവരും. കൊളംബിയൻ പ്രസിഡണ്ട് ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിക്കുകയും അവരെ പരിചരിക്കുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും അഭിനന്ദിക്കുകയുമുണ്ടായി.

Advertisment