കീവ്: യുക്രെയ്നിലെ കഖോവ്ക ഡാം തകർത്തത് റഷ്യ തന്നെയെന്ന് ആവർത്തിച്ച് യുക്രെയ്ൻ. റഷ്യയുടെ പങ്ക് വെളിവാക്കുന്ന തെളിവുകൾ നിരത്തിയാണ് യുക്രെയ്ൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അണക്കെട്ട് തകർക്കാനായി റഷ്യ നടത്തിയ ആസൂത്രിത നീക്കത്തിന്റെ തെളിവെന്ന് അവകാശപ്പെടുന്ന ഫോട്ടോ യുക്രെയ്ൻ പുറത്തുവിട്ടു. മേയ് 28-ന് അണക്കെട്ടിന് മുകളിൽ ഒരു ഓപ്പൺ ടോപ് കാർ കിടക്കുന്ന ചിത്രമാണ് യുക്രെയ്ൻ പുറത്തുവിട്ടത്.
കാറിന്റെ ഫോട്ടോ സൂം ചെയ്ത് നോക്കിയാൽ വീപ്പകളും കുഴിബോംബ് സാമഗ്രികൾ ഘടിപ്പിച്ച ഉപകരണങ്ങളും കാണാമെന്നാണ് യുക്രെയ്ൻ പറയുന്നത്. കാറിനുള്ളിൽ നിന്ന് അണക്കെട്ടിലെ ജലാശയത്തിലേക്ക് ഒരു വയറും ഘടിപ്പിച്ചിരുന്നു.
അണക്കെട്ടിലെ യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിൽ വച്ച് റഷ്യ നടത്തിയ സ്ഫോടനനീക്കത്തിന് സുരക്ഷ ഒരുക്കാനാണ് ഈ വാഹനം ഉപയോഗിച്ചതെന്ന് യുക്രെയ്ൻ അറിയിച്ചു. റഷ്യൻ നിയന്ത്രണത്തിലുള്ള അണക്കെട്ടിലേക്ക് കടക്കാൻ തങ്ങൾ ശ്രമിച്ചാൽ ഉപയോഗിക്കാനായിരുന്നു കാറിലെ സ്ഫോടകവസ്തുക്കളെന്നും യുക്രെയ്ൻ ആരോപിച്ചു.
ഇതിനിടെ, അണക്കെട്ട് തകർച്ചയെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 45 ആയി ഉയർന്നു. തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ 29 പേർ മരിച്ചതായി റഷ്യ അറിയിച്ചു.
യുക്രെയ്ൻ അതിർത്തിക്കുള്ളിലെ മേഖലകളിൽ 16 പേർ മരിച്ചെന്നാണ് കീവ് അറിയിച്ചത്. 31 പേരെ കാണാതായതായും 1,300 വീടുകൾ വെള്ളത്തിനടിയിൽ തുടരുകയാണെന്നും യുക്രെയ്ൻ അറിയിച്ചു.