കാലിഫോര്‍ണിയ: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ കടന്നാക്രമിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഷി ജിന്‍പിങ് ഏകാധിപതിയാണെന്നും ചൈനയുടെ ചാര ബലൂണുകള്‍ താന്‍ വെടിവെച്ചിട്ടപ്പോള്‍ അദ്ദേഹം വളരെ അസ്വസ്ഥനായെന്നും ബൈഡൻ. ഈ സംഭവത്തിൽ എന്താണ് നടന്നതെന്ന് അറിയാതിരിക്കുന്നത് ഏകാധിപതികള്‍ക്ക് വലിയ മാനക്കേടായെന്നും ജോ ബൈഡന്‍ പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ചൈനീസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന്റെ പിറ്റേദിവസമാണ് ജോ ബൈഡന്‍ ചൈനീസ് പ്രസിഡന്റിന് എതിരെ രൂക്ഷ പ്രതികരണം നടത്തിയിരിക്കുന്നത്. ഷി ജിന്‍ പിങുമായി ആന്റണി ബ്ലിങ്കണ്‍ നയതന്ത്ര ബന്ധങ്ങളെ കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ വേണ്ടത്ര പുരോഗതി ഇല്ലാതിരുന്നതാണ് അമേരിക്കന്‍ പ്രസിഡന്റിനെ ചൊടിപ്പിച്ചത്.
അതേസമയം, യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ചൈന രംഗത്തെത്തി. ബൈഡന്റെ പ്രസ്താവന തീര്‍ത്തും രാഷ്ട്രീയ പ്രകോപനമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. ചൈനയുടെ രാഷ്ട്രീയ മാന്യതയെ ബാധിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ബൈഡന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.