അന്തര്‍ദേശീയം

ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; അന്താരാഷ്ട്ര ബഹികാരാശ നിലയത്തിലേക്ക് അയക്കാനിരുന്ന ബോയിങ് സിഎസ്ടി-100 സ്റ്റാര്‍ലൈനര്‍ ക്യാപ്‌സ്യൂളിന്റെ വിക്ഷേപണം നാസ മാറ്റിവെച്ചു 

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, July 30, 2021

മോസ്‌കോ: അന്താരാഷ്ട്ര ബഹികാരാശ നിലയത്തിലേക്ക് അയക്കാനിരുന്ന ബോയിങ് സിഎസ്ടി-100 സ്റ്റാര്‍ലൈനര്‍ ക്യാപ്‌സ്യൂളിന്റെ വിക്ഷേപണം നാസ മാറ്റിവെച്ചു. ബഹിരാകാശ നിലയത്തിലേക്ക് പുതുതായെത്തിയ റഷ്യന്‍ ലബോറട്ടറി മെഡ്യൂളായ നൗകയിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനാലാണ് ബോയിങിന്റെ വിക്ഷേപണം മാറ്റിയതെന്ന് നാസ അറിയിച്ചു.

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് അറ്റ്‌ലസ് വി റോക്കറ്റില്‍ വിക്ഷേപണത്തിന് ഒരുദിവസം ശേഷിക്കെയാണ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിയതായി നാസ പ്രഖ്യാപിച്ചത്. ബഹിരാകാശ നിലയത്തില്‍ നിലവില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിച്ച ശേഷം ഓഗസ്റ്റ് മൂന്നിലേക്കാണ് വിക്ഷേപണം മാറ്റിയത്.

കഴിഞ്ഞ ദിവസം ബഹിരാകാശ നിലയത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് റഷ്യയുടെ നൗകയില്‍ പ്രശ്‌നങ്ങളുണ്ടായത്. മൊഡ്യൂളിലെ ജെറ്റ് ത്രസ്റ്ററുകള്‍ അബദ്ധത്തില്‍ പ്രവര്‍ത്തിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

ഭ്രമണപഥത്തില്‍ ബഹിരാകാശ നിലയത്തിന്റെ സഞ്ചാര പാതയേയും ഇത് പ്രതികൂലമായി ബാധിച്ചതായി നാസയുടെ സ്‌പേസ് സ്റ്റേഷന്‍ പ്രോഗ്രാം മാനേജര്‍ ജോല്‍ മോണ്ടല്‍ബനോ വ്യക്തമാക്കി.

ഏഴ് ക്രൂ അംഗങ്ങൾ – രണ്ട് റഷ്യൻ ബഹിരാകാശയാത്രികർ, മൂന്ന് നാസ ബഹിരാകാശയാത്രികർ, ഒരു ജാപ്പനീസ് ബഹിരാകാശയാത്രികൻ, ഫ്രാൻസിൽ നിന്നുള്ള ഒരു യൂറോപ്യൻ ബഹിരാകാശ ഏജൻസി ബഹിരാകാശയാത്രികൻ എന്നിവർക്ക് അപകടമുണ്ടായില്ലെന്ന് നാസയും റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ ആർ‌ഐ‌എയും അറിയിച്ചു.

×