Advertisment

സമചിത്തതയോടെ സഞ്ചരിക്കുന്ന ഒരു ചലച്ചിത്ര പത്രപ്രവർത്തകന്റെ നിഗമനങ്ങൾ... പിആർ എന്ത് ? എന്തല്ല - മലയാളസിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് ഏറെ ശ്രദ്ധേയനായ പിആര്‍ഒ പി.ആര്‍ സുമേരനുമായി അഭിമുഖം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

ഏത് മേഖലയും ഇന്ന് പി.ആര്‍ വര്‍ക്കുകളുടെ നിയന്ത്രണത്തിലാണ്. ബിസിനസ്സ് രംഗത്തായിരുന്നു കൂടുതലും പി ആര്‍ വര്‍ക്കുകള്‍. ഇന്ന് രാഷ്ട്രീയവും പി ആര്‍ വര്‍ക്കുകളിലൂടെയാണ് മുന്നോട്ട് പോകുന്നത്. എന്തിന് ഭരണകൂടങ്ങള്‍ പോലും തങ്ങളുടെ ഭരണപരിഷ്ക്കാരങ്ങള്‍ പി ആര്‍ വര്‍ക്കിലൂടെയാണ് ജനങ്ങളിലേക്കെത്തിക്കുന്നതും.

മറ്റെല്ലാ മേഖലെയെയും പോലെ തന്നെ സിനിമയിലും ഒഴിച്ചുകൂടാനാവാത്ത രംഗമാണ് പി ആര്‍ വര്‍ക്കുകള്‍. സിനിമയുടെ സന്ദേശവും പരസ്യവും ഒക്കെ പി ആര്‍ വര്‍ക്കിലൂടെയാണ് സമൂഹത്തിലേക്കെത്തുന്നത്. സോഷ്യല്‍മീഡിയ കൂടുതല്‍ സജീവമായ ഇക്കാലത്ത് സിനിമയില്‍ പി ആര്‍ വര്‍ക്കുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.

ചലച്ചിത്ര മേഖലയിലെ പി ആര്‍ വര്‍ക്കുകള്‍ക്ക് ഗുണവും ദോഷവുമുണ്ട്. വലിയൊരു തട്ടിപ്പിന്‍റെയും വെട്ടിപ്പിന്‍റെയും മേഖല കൂടിയാണ് പി ആര്‍ വര്‍ക്കുകള്‍. മലയാളസിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് ഏറെ ശ്രദ്ധേയനായ പിആര്‍ഒയാണ് പത്രപ്രവര്‍ത്തകനായ പി ആര്‍ സുമേരന്‍.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് സജീവ സാന്നിദ്ധ്യമായ പി ആര്‍ സുമേരന്‍ സിനിമാരംഗത്തെ പി ആര്‍ വര്‍ക്കുകളെക്കുറിച്ചും മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചും സംസാരിക്കുന്നു

താങ്കള്‍ക്ക് എഴുത്തിനോടുള്ള അഭിരുചി എങ്ങനെയുണ്ടായി?

കുട്ടിക്കാലം മുതലേ എഴുത്തിനോടും വായനയോടും എനിക്ക് ഏറെ താല്പര്യമുണ്ടായിരുന്നു.ധാരാളം പുസ്തകങ്ങളും ആനുകാലികങ്ങളും വീട്ടില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ എഴുത്തും വായനയും കൂടെകൂടി.ഇപ്പോള്‍ ഇരുപത് വര്‍ഷമായി മാധ്യമ രംഗത്ത് തുടരുന്നു.

ചലച്ചിത്ര പത്രപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്നത് എങ്ങനെ?

മാധ്യമം ദിനപ്പത്രത്തിന്‍റെ കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടറായിട്ടായിരുന്നു പത്രപ്രവര്‍ത്തനത്തിന് തുടക്കം. അതിനുമുമ്പ് നിരവധി പത്രങ്ങളില്‍ ഫ്രീലാന്‍സായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടേറെ മാഗസിനുകളുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു. മാധ്യമത്തില്‍നിന്ന് മാറിയ ശേഷം തേജസ് ദിനപത്രത്തിന്‍റെ റിപ്പോര്‍ട്ടറായി കൊച്ചിയില്‍ തന്നെ ജോലി ചെയ്തു. തുടര്‍ന്ന് സിറാജ് ദിനപ്പത്രത്തിന്‍റെ കൊച്ചി ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചു. അതിനുശേഷം ജനയുഗം ദിനപത്രത്തിന്‍റെ കൊച്ചി ബ്യൂറോയില്‍ തന്നെ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

പത്രപ്രവര്‍ത്തനത്തില്‍ നിന്ന് ചലച്ചിത്ര മാധ്യമ പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?

മംഗളം പബ്ലിക്കേഷന്‍സിന്‍റെ കന്യക ദ്വൈവാരികയില്‍ സീനിയര്‍ സബ് എഡിറ്ററായി ജോലി തുടങ്ങിയതോടെയാണ് ചലച്ചിത്ര പത്രപ്രവര്‍ത്തനത്തിലേക്ക് അടുക്കുന്നത്. നടീനടന്മാരടക്കം സിനിമാ മേഖലയിലെ വിവിധ രംഗത്തുള്ള പ്രമുഖരുമായി അഭിമുഖം നടത്തുവാനും സിനിമാ വിശേഷങ്ങള്‍ എഴുതാനും കഴിഞ്ഞത് സിനിമയിലേക്കെന്നെ കൂടുതല്‍ അടുപ്പിച്ചു.

തുടര്‍ന്ന് കേരളാ കൗമുദിയുടെ സിനിമാ പ്രസിദ്ധീകരണമായ സെലിബ്രിറ്റി മാഗസിന്‍ ഫ്ളാഷ് മൂവീസില്‍, സീനിയര്‍ സബ് എഡിറ്ററായി പ്രവര്‍ത്തിച്ചതോടെയാണ് മുഴുവന്‍ സമയം ചലച്ചിത്ര പത്രപ്രവര്‍ത്തനത്തിലേക്ക് മാറുന്നത്. അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലൊക്കേഷന്‍ റിപ്പോര്‍ട്ടുകള്‍ തുടങ്ങി സിനിമാ മേഖലയെക്കുറിച്ചുള്ള എഴുത്തിലേത്ത് ഞാന്‍ തിരിഞ്ഞതോടെയാണ് സിനിമയുമായി ഞാന്‍ കൂടുതല്‍ അടുക്കുന്നത്. മാധ്യമരംഗത്തെ അനുഭവങ്ങളും അറിവും ചലച്ചിത്ര മേഖലയിലെ പ്രവര്‍ത്തകരമായുള്ള ബന്ധങ്ങളുമാണ് എന്നെ സിനിമാ പി ആര്‍ ഒ രംഗത്തേക്ക് എത്തിക്കുന്നത്.

സിനിമാ രംഗത്തേക്ക് പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിച്ച സഹപ്രവര്‍ത്തകരായ മാധ്യമ പ്രവര്‍ത്തകര്‍ ആരൊക്കെയായിരുന്നു?

പത്രപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ചലച്ചിത്രമേഖലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും കന്യക ദ്വൈവാരികയില്‍ എത്തുമ്പോഴാണ് എനിക്ക് സിനിമാ മേഖലയിലുള്ളവരുമായി അഭിമുഖങ്ങള്‍ നടത്തുവാനും സിനിമാ ബന്ധങ്ങള്‍ക്ക് അവസരവും ഉണ്ടാകുന്നത്. കന്യകയുടെ എഡിറ്ററായിരുന്ന പ്രശസ്ത ചലച്ചിത്രനിരൂപകനും ശ്രദ്ധേയനായ പത്രപ്രവര്‍ത്തകനുമായ എ.ചന്ദ്രശേഖര്‍ ആയിരുന്നു.

ചന്ദ്രന്‍സാറാണ് എനിക്ക് ആദ്യമായി സിനിമയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ അവസരം നല്‍കുകയും നിര്‍ദ്ദേശങ്ങള്‍ തരുകയും ചെയ്തത്. പിന്നീട് ഫ്ളാഷ് മൂവീസിലെത്തുമ്പോള്‍ എഡിറ്റര്‍ ടി.കെ സജീവ്കുമാറും ഒത്തിരി സഹായിച്ചു. സിനിമയെക്കുറിച്ച് നല്ല വിജ്ഞാനമുള്ള ഈ രണ്ട് എഡിറ്റര്‍മാര്‍ക്ക് കീഴില്‍ ജോലി ചെയ്യാന്‍ അവസരം കിട്ടിയതാണ് എനിക്ക് സിനിമയിലേക്ക് വഴി തുറന്നത്.

സിനിമയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (പി ആര്‍ ഒ) ആകാന്‍ എങ്ങനെയാണ് അവസരം വന്നത്?

എനിക്ക് സഹോദരതുല്യനായ പത്രപ്രവര്‍ത്തകന്‍ സി.എ.സജീവന്‍ ആദ്യമായി തിരക്കഥയെഴുതിയ ചിത്രത്തിലാണ് ഞാന്‍ പി ആര്‍ ഒ ആയി വര്‍ക്ക് ചെയ്യുന്നത്. സജീവേട്ടനാണ് പി ആര്‍ ഒ ആയി സിനിമയില്‍ എനിക്ക് അവസരം തരുന്നത്. എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ കൃത്യമായി ചെയ്തു.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സംവിധായകന്‍റെ പിടിപ്പുകേടുകൊണ്ട് ആ ചിത്രം വലിയ പരാജയമായി മാറി. ചിത്രത്തില്‍ നായകനായി അരങ്ങേറിയ ആ യുവനടനും വല്ലാതെ പ്രയാസപ്പെടേണ്ടി വന്നു.നിര്‍മ്മാതാവും സാമ്പത്തികമായി തകര്‍ന്നു.

പി ആര്‍ ഒ രംഗത്ത് സജീവമാകുന്നത്?

രാജ്യത്തെ ഏറ്റവും പ്രശസ്ത ട്രാവല്‍ ഏജന്‍സി ഗ്രൂപ്പായ അക്ബര്‍ ട്രാവല്‍സിന്‍റെ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ബെന്‍സി പ്രൊഡക്ഷന്‍സിലൂടെയാണ് ഞാന്‍ പി ആര്‍ ഒ ആയിട്ട് കൂടുതല്‍ സജീവമാകുന്നത്.

ടി.വി ചന്ദ്രന്‍ സാര്‍ സംവിധാനം ചെയ്ത 'പെങ്ങളില' എന്ന ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ചിത്രത്തില്‍ ഞാന്‍ പി ആര്‍ ഒ ആയി. തുടര്‍ന്ന് ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ചിത്രങ്ങളായ പ്രിയനന്ദനന്‍റെ സൈലന്‍സര്‍,ഷാനു സമദിന്‍റെ മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള, ശ്രീദേവ് കപൂറിന്‍റെ ലൗ എഫ് എം, ദിലീപ് നാരായണന്‍റെ മൈ ഡിയര്‍ മച്ചാന്‍, സിദ്ധാര്‍ത്ഥ് ശിവയുടെ വര്‍ത്തമാനം, വി.കെ പ്രകാശിന്‍റെ ഒരുത്തി, മനോജ് കാനയുടെ ഖെദ്ദ,തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഞാന്‍ പി ആര്‍ ഒ ആയി വര്‍ക്ക് തുടങ്ങി.

publive-image

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം തരുന്നത് പി ആര്‍ ഒ രംഗത്ത് കൂടുതല്‍ അവസരങ്ങളിലേക്ക് എന്നെ ക്ഷണിച്ചതും പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ്.

സിനിമയില്‍ പി ആര്‍ ഒ ആയി വര്‍ക്ക് തുടങ്ങിയതോടെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ വന്നു തുടങ്ങിയല്ലേ?

തീര്‍ച്ചയായും. ഏതാണ്ട് മുപ്പത്തഞ്ചോളം സിനിമകള്‍ മലയാളം, തമിഴ്,മറാത്തി, ഭാഷകളിലായി ഞാന്‍ ചെയ്തു.വളരെ സത്യസന്ധവും സിനിമയ്ക്ക് ഗുണകരവുമായ രീതിയില്‍ ഞാന്‍ പി ആര്‍ ഒ വര്‍ക്ക് ചെയ്തതിനാല്‍ സിനിമകള്‍ എന്നെത്തേടി വന്നു. ഇപ്പോള്‍ ഒട്ടേറെ സിനിമകളില്‍ ഞാന്‍ വര്‍ക്ക് ചെയ്തു വരുന്നു.

സിനിമയില്‍ പി ആര്‍ ഒ വര്‍ക്കിന്‍റെ പ്രാധാന്യം എന്താണെന്നാണ് താങ്കളുടെ അഭിപ്രായം?

സിനിമയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു തസ്തികയാണ് പി ആര്‍ ഒ.കാരണം എത്ര ഉത്കൃഷ്ടമായ സൃഷ്ടിയാണെങ്കിലും അത് സമൂഹത്തിന്‍റെ മുമ്പില്‍ അവതരിപ്പിക്കേണ്ടതും ആ സിനിമയുടെ സന്ദേശം ജനങ്ങളിലെത്തിക്കേണ്ടതും പി ആര്‍ ഒ യാണ്.നല്ല രീതിയില്‍ സിനിമയെ മനസ്സിലാക്കി പുറത്തുവിടേണ്ട വിവരങ്ങള്‍ മാത്രം എല്ലാ വിഭാഗം ജനങ്ങള്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ എഴുതുകയാണ് പി ആര്‍ ഒ യുടെ ജോലി. ആ പ്രസ് റിലീസ് മാധ്യമങ്ങള്‍ക്ക് ഷെയര്‍ ചെയ്ത് നല്ല രീതിയില്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതോടെ സിനിമയുടെ സന്ദേശം സമൂഹത്തിന്‍റെ നാനാതുറകളില്‍ അറിയുന്നു.

സിനിമയില്‍ താങ്കള്‍ ഉദ്ദേശിച്ച തരത്തില്‍ പി ആര്‍ ഒ മാര്‍ക്ക് പരിഗണന ലഭിക്കുന്നുണ്ടോ?

പരിഗണിക്കപ്പെടുക എന്നത് വ്യക്തിപരമായ കാര്യമാണ്.പി ആര്‍ ഒ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് മാതൃകയാക്കാന്‍ പറ്റിയ മുന്‍ഗാമികള്‍ മലയാളസിനിമയില്‍ ഇല്ല.സിനിമയില്‍ ഉദ്ദേശിച്ച മേഖലയില്‍ ശോഭിക്കാന്‍ കഴിയാതെ പി ആര്‍ ഒ മാരായി മാറിയവരുണ്ട്.

പിന്നെ മുന്‍ഗാമികളുടെ പാത പിന്തുടര്‍ന്ന് വന്നവരായിരുന്നു പിന്നീടുള്ളവര്‍. സിനിമയില്‍ ആദ്യകാല പി ആര്‍ ഒ മാര്‍ ആ ജോലിയുടെ മഹത്വം കളഞ്ഞുകുളിച്ചതായി തോന്നിയിട്ടുണ്ട്. അതുകൊണ്ടായിരിക്കാം ഇന്നും സിനിമയില്‍ പി ആര്‍ ഒ മാര്‍ക്ക് കാര്യമായി പരിഗണന ലഭിക്കാതെ പോകുന്നത്.

ഈ ഒരു സമീപനത്തിന് മാറ്റം വരേണ്ടതല്ലേ?

തീര്‍ച്ചയായും നല്ല മാറ്റം വരേണ്ടതുണ്ട്.പക്ഷേ ഒരു കാര്യം നമ്മള്‍ മനസ്സിലാക്കണം. സോഷ്യല്‍ മീഡിയ ഇത്ര സജീവമായ ഇന്നത്തെക്കാലത്ത് സൂപ്പര്‍ സ്റ്റാറുകളുടേതടക്കം പുതിയ ചിത്രങ്ങള്‍ക്ക് പി ആര്‍ ഒ മാര്‍ അനിവാര്യമല്ല. സ്വാഭാവികമായി തന്നെ ആ ചിത്രത്തിന് പബ്ലിസിറ്റി കിട്ടും. വലിയ ചിത്രങ്ങളുടെ പി ആര്‍ ഒ ആകുന്നതില്‍ കാര്യമില്ല.പണവും പേരും പ്രശസ്തിയും കിട്ടും.

ജോലി കുറവായിരിക്കും. ചെറിയ ചിത്രങ്ങള്‍ക്കാണ് പി ആര്‍ ഒ മാര്‍ വേണ്ടത്. ആ സിനിമ മുഖ്യധാരയിലെത്തിക്കേണ്ടതും വാര്‍ത്തകള്‍ സൃഷ്ടിക്കേണ്ടതും പി ആര്‍ ഒ മാരുടെ ജോലിയാണ്. അതൊരു വലിയ പ്രയത്നം തന്നെയാണ്.

സിനിമയില്‍ ഓണ്‍ലൈന്‍ മീഡിയ പ്രമോഷന്‍ വര്‍ക്കുകള്‍ വ്യാപകമാക്കിയല്ലോ?

തീര്‍ച്ചയായും. ധാരാളം നല്ല ഓണ്‍ലൈന്‍ മീഡിയകളുണ്ട്. സത്യസന്ധമായി സിനിമയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മീഡിയകള്‍. മലയാളത്തില്‍ മിടുക്കരായ പി ആര്‍ ഒ മാരുമുണ്ട്. പക്ഷേ സോഷ്യല്‍ മീഡിയ സജീവമായതോടെ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി വലിയ രീതിയില്‍ തട്ടിപ്പ് നടക്കുന്നുണ്ട്.

പുതിയ സിനിമാക്കാര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയാണ്. അത് തടയേണ്ടതുണ്ട്. ഗ്രൂപ്പുകളായി ചേര്‍ന്ന് കൊണ്ടുള്ള ഇത്തരം പ്രമോഷന്‍ വര്‍ക്കുകള്‍ താല്‍ക്കാലികമാണ്. അതിന് ഭാവിയില്ല. പിന്നെ ചില ബന്ധങ്ങളുടെ പുറത്ത് നടക്കുന്ന പി ആര്‍ വര്‍ക്കുകള്‍ക്കും സ്ഥിരതയുണ്ടാവാന്‍ സാധ്യതയില്ല. സത്യസന്ധമായി നല്ല രീതിയില്‍ വര്‍ക്ക് ചെയ്താല്‍ സിനിമയില്‍ പി ആര്‍ ഒ മാര്‍ക്ക് നല്ല പരിഗണനയും മാന്യമായ വേതനവും ലഭിക്കുമെന്നു തന്നെയാണ് എന്‍റെ അനുഭവം.

life style
Advertisment