ഡല്‍ഹിക്കെതിരായ കളിയില്‍ ഞാന്‍ അധികമൊന്നും ചിന്തിച്ചില്ല. എങ്ങനെ കളിക്കണം എന്ന്‌ വാര്‍ണറോട്‌ ചോദിച്ചു. സ്വതന്ത്രമായി കളിക്കാനാണ്‌ വാര്‍ണര്‍ നിര്‍ദേശിച്ചത്; സാഹ പറയുന്നു

സ്പോര്‍ട്സ് ഡസ്ക്
Wednesday, October 28, 2020

ഇഷ്ടമുള്ളത്‌ പോലെ കളിക്കാന്‍ പറഞ്ഞ നായകന്‍ ഡേവിഡ്‌ വാര്‍ണറുടെ വാക്കുകളാണ്‌ ഡല്‍ഹിക്കെതിരായ ഇന്നിങ്‌സില്‍ പ്രചോദനമായതെന്ന്‌ വൃധിമാന്‍ സാഹ. ഡല്‍ഹിക്കെതിരെ 45 പന്തില്‍ നിന്ന്‌ 87 റണ്‍സ്‌ ആണ്‌ സാഹ അടിച്ചെടുത്തത്‌.

സീസണിലെ ആദ്യ മത്സരം കളിച്ചപ്പോള്‍ എങ്ങനെയാണ്‌ കളിയെ സമീപിക്കേണ്ടത്‌ എന്ന ആശയക്കുഴപ്പം എനിക്കുണ്ടായി. എന്നാല്‍ ഡല്‍ഹിക്കെതിരായ കളിയില്‍ ഞാന്‍ അധികമൊന്നും ചിന്തിച്ചില്ല. എങ്ങനെ കളിക്കണം എന്ന്‌ വാര്‍ണറോട്‌ ചോദിച്ചു. സ്വതന്ത്രമായി കളിക്കാനാണ്‌ വാര്‍ണര്‍ നിര്‍ദേശിച്ചത്‌, സാഹ പറയുന്നു.

ആദ്യ ആറ്‌ ഓവറില്‍ റിസ്‌ക്‌ എടുത്ത്‌ കളിക്കുകയും പിന്നീട്‌ ആ ഗതിയില്‍ മുന്‍പോട്ട്‌ പോവാനും സാധിച്ചു. വാര്‍ണര്‍ പുറത്തായ ശേഷം ഞാന്‍ ഉത്തരവാദിത്വം ഏറ്റെടുക്കുകയും, ലൂസ്‌ ബോളുകള്‍ പ്രഹരിച്ച്‌ ബൗണ്ടറി കണ്ടെത്തുകയും ചെയ്‌തതായി സാഹ പറഞ്ഞു.

ഓപ്പണിങ്ങില്‍ 107 റണ്‍സിന്റെ കൂട്ടുകെട്ടാണ്‌ വാര്‍ണറും സാഹയും ചേര്‍ന്ന്‌ തീര്‍ത്തത്‌. ഒടുവില്‍ ഇവരുടെ കൂട്ടുകെട്ട്‌ പൊളിച്ച്‌ 10ാം ഓവറില്‍ അശ്വിന്റെ ഡെലിവറി എത്തി. 34 പന്തില്‍ നിന്ന്‌ 8 ഫോറും രണ്ട്‌ സിക്‌സും പറത്തി 66 റണ്‍സ്‌ എടുത്താണ്‌ വാര്‍ണര്‍ മടങ്ങിയത്‌.

219 റണ്‍സ്‌ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയെ 131 റണ്‍സ്‌ എറിഞ്ഞിട്ട്‌ ബൗളിങ്ങിലും ഹൈദരാബാദ്‌ മികവ്‌ കാണിക്കുകയായിരുന്നു. 88 റണ്‍സ്‌ ജയത്തോടെ പോയിന്റ്‌ ടേബിളില്‍ ആറാം സ്ഥാനത്തേക്ക്‌ ഹൈദരാബാദ്‌ എത്തി. രാജസ്ഥാന്‌ മുകളില്‍ നില്‍ക്കുന്ന ഹൈദരാബാദിന്‌ നെറ്റ്‌റണ്‍റേറ്റും തുണയാവുന്നുണ്ട്‌.

×