മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാനിരിക്കെ ക്യാപ്റ്റൻ സഞ്ജു സാംസണിനെതിരെ അധിക്ഷേപകരമായി ട്വീറ്റ് ചെയ്തതിന് സോഷ്യൽ മിഡിയ ടീമിനെ രാജസ്ഥാൻ റോയൽസ് പുറത്താക്കിയ സംഭവം വെറും പ്രാങ്ക്.
/sathyam/media/post_attachments/4SGl8SIpQmxr2NBhsWzc.jpg)
സംഭവം ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായതിനു പിന്നാലെയാണ് എല്ലാം വെറും നാടകമായിരുന്നുവെന്ന് വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ട്വീറ്റ് ചെയ്തത്. രാജസ്ഥാൻ റോയൽസിന്റെ സോഷ്യൽ മീഡിയ ടീം തയാറാക്കിയ പ്രാങ്ക് ആയിരുന്നു ഇതെന്ന് വ്യക്തമാക്കി പുതിയൊരു വിഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇതിനു പിന്നാലെ ഇന്നു രാവിലെ മറ്റൊരു വിഡിയോ കൂടി പോസ്റ്റ് ചെയ്തതോടെ പ്രാങ്ക് പൂർണം. ‘ഒരു വ്യാജ ഓഡിഷൻ കൂടിയില്ലെങ്കിൽ ഈ പ്രാങ്ക് അപൂർണമാകും’ എന്ന ക്യാപ്ഷൻ സഹിതമാണ് പുതിയ വിഡിയോ.
രാജസ്ഥാൻ റോയൽസ് ഉടമകൾ പുതിയ സോഷ്യൽ മിഡിയ ടീമിനെ കണ്ടെത്താൻ ഓഡിഷൻ നടത്തുന്നതായിട്ടാണ് രണ്ടു മിനിറ്റുള്ള ഈ വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്. അനുയോജ്യരായ ആളുകളെ കണ്ടെത്താൻ സാധിക്കാതെ ‘പുറത്താക്കിയ’ ടീമിനെത്തന്നെ സോഷ്യൽ മിഡിയ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഏൽപ്പിക്കുന്നതാണ് വിഡിയോയിലുള്ളത്. അവസാനം ‘സംവിധാനം – ആർ.ആർ. അഡ്മിൻ’ എന്ന് എഴുതിക്കാട്ടുന്നതോടെ എല്ലാം ‘ശുഭം’!
സഞ്ജു സാംസണിന്റെ എഡിറ്റ് ചെയ്ത ചിത്രം രാജസ്ഥാൻ ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ടതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. സഞ്ജുവിനെ നീല നിറത്തിലുള്ള തലപ്പാവ് അണിയിച്ച തരത്തിലായിരുന്നു ചിത്രം.
സഞ്ജുവിന്റെ പ്രതിഷേധത്തിനു പിന്നാലെ ക്ലബ് അധികൃതർ ചിത്രം ഡിലീറ്റ് ചെയ്തെങ്കിലും അതിനകം തന്നെ ചിത്രവും സഞ്ജുവിന്റെ മറുപടിയും വൈറലായി.