സ്മിത്തും സഞ്ജുവും തുടങ്ങിവച്ചു; തെവാട്ടിയയും ആര്‍ച്ചറും പൂര്‍ത്തിയാക്കി; ഷാര്‍ജയില്‍ സിക്‌സറുകളുടെ പെരുമഴ പെയ്ത മത്സരത്തില്‍ പഞ്ചാബിനെ കീഴടക്കി രാജസ്ഥാന്‍

സ്പോര്‍ട്സ് ഡസ്ക്
Sunday, September 27, 2020

ഷാര്‍ജ: പഞ്ചാബ് ഉയര്‍ത്തിയ കൂറ്റന്‍ റണ്‍മല കീഴടക്കി രാജസ്ഥാന്‍. സിക്‌സറുകളുടെ പെരുമഴ പെയ്ത മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 224 റണ്‍സെന്ന വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു.

തകര്‍പ്പന്‍ റണ്‍ചേസ് കണ്ട മത്സരത്തില്‍ സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍, രാഹുല്‍ തെവാട്ടിയ എന്നിവരുടെ ഇന്നിങ്‌സുകളാണ് രാജസ്ഥാന് ജയമൊരുക്കിയത്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസാണിത്. 18 സിക്‌സറുകളാണ് രാജസ്ഥാന്‍ താരങ്ങള്‍ ഷാര്‍ജയില്‍ അടിച്ചുകൂട്ടിയത്.

മത്സരത്തിൽ ഏറിയ പങ്കും ചിത്രത്തിൽ പോലുമില്ലാതിരുന്ന രാജസ്ഥാനെ അവസാന ഓവറുകളിൽ രാഹുൽ തെവാട്ടിയയുടെ കടന്നാക്രമണമാണ് വിജയത്തിലേക്ക് കൈപിടിച്ചത്. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 19 റണ്‍സില്‍ ജോസ് ബട്ട്‌ലറെ (4) നഷ്ടമായി. എന്നാല്‍ പിന്നീട് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും സഞ്ജു സാംസണും ചേര്‍ന്ന് പഞ്ചാബ് ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു.

ഒന്‍പതാം ഓവറില്‍ സ്‌മിത്ത്(27 പന്തില്‍ 50) മടങ്ങുമ്പോള്‍ രാജസ്ഥാന്‍ 100 പിന്നിട്ടിരുന്നു. പിന്നീടങ്ങോട്ട് കണ്ടത് സഞ്ജു സാംസണിന്‍റെ രണ്ടാം താണ്ഡവം. 27 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി. 16-ാം ഓവര്‍ എറിയാനെത്തിയ മാക്‌സ്‌വെല്ലിനെതിരെ മൂന്ന് സിക്‌സടക്കം 21 റണ്‍സ്. എന്നാല്‍ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ഷമിയുടെ സ്ലേ ബൗണ്‍സറില്‍ ബാറ്റുവെച്ച സഞ്ജു രാഹുലിന് ക്യാച്ച് നല്‍കി മടങ്ങി. സഞ്ജു 42 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും സഹിതം 85 റണ്‍സെടുത്തു.

സഞ്ജു പുറത്താകും വരെ ക്രീസില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ തെവാട്ടിയ 18-ാം ഓവര്‍ മുതല്‍ യഥാര്‍ഥ രൂപം പുറത്തെടുത്തു. കോട്രലിന്റെ ഓവറിലെ അഞ്ചു സിക്‌സടിച്ച് രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന തെവാട്ടിയ ഒടുവില്‍ 31 പന്തില്‍ നിന്ന് ഏഴു സിക്‌സര്‍ സഹിതം 53 റണ്‍സെടുത്താണ് മടങ്ങിയത്. മൂന്നു പന്തില്‍ നിന്ന് രണ്ടു സിക്‌സ് സഹിതം 13 റണ്‍സെടുത്ത ആര്‍ച്ചറും രാജസ്ഥാന്‍ വിജയം വേഗത്തിലാക്കി. ജോഫ്ര ആർച്ചർ മൂന്നു പന്തിൽ 13 രൺസോടെയും ടോം കറൻ ഒരു പന്തിൽ നാലു റൺസോടെയും പുറത്താകാതെ നിന്നു.

മായങ്ക് അഗര്‍വാള്‍- കെ എല്‍ രാഹുല്‍ താണ്ഡവത്തിലാണ് കിംഗ്സ് ഇലവൻ പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍ പടുത്തുയർത്തിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 183 റണ്‍സ് ചേര്‍ത്തു. ഇതിനൊപ്പം നിക്കോളാസ് പുരാന്‍റെ അവസാന ഓവറുകളിലെ വെടിക്കെട്ടും ചേര്‍ന്നപ്പോള്‍ പഞ്ചാബ് 20 ഓവറില്‍ രണ്ട് വിക്കറ്റിന് 223 റണ്‍സെടുത്തു. മായങ്ക് 50 പന്തില്‍ 106 റണ്‍സും കെ എല്‍ രാഹുല്‍ 54 പന്തില്‍ 69 റണ്‍സും നേടി. രാജസ്ഥാനായി അങ്കിത് രജ്‌പുതും ടോം കറനുമാണ് വിക്കറ്റ് വീഴ്‌ത്തിയത്.

×