ലോക ഫുട്ബാൾ പ്രേമികളുടെ മാനസ പുത്രിയായി മാറിയ ഇറാനിയൻ പാവം ബ്ലൂ ഗേൾ !

പി എൻ മേലില
Tuesday, October 8, 2019

നീലപ്പെൺകൊടി പറന്നകന്നു, കണ്ണീർതൂകി ഇറാൻ ജനത,ലോകമെമ്പാടുനിന്നുമുയർന്ന അമർഷമുൾ ക്കൊണ്ട് ഇറാൻ പറഞ്ഞു…………മാപ്പ്..

29 കാരിയായിരുന്ന ‘സഹർ ഖോടയാരി’ (Sahar Khodayari) സ്വതന്ത്രയായി വാനവിഹായസ്സിൽ പറന്നുനടക്കാൻ കൊതിച്ചവളായിരുന്നു. വിടർന്ന കണ്ണുകളും സദാ ചിരിക്കുന്ന മുഖവുമുള്ള ഈ ഇറാൻസുന്ദരിയെ ലോകം ‘ബ്ലൂ ഗേൾ’ എന്നാണു വിളിക്കുന്നത്. മനം നിറയെ നിറമുള്ള സ്വപനങ്ങളും മാനംമുട്ടെ ആശകളും അഭിലാഷ ങ്ങളുമായി ലോകഫുട്ബാൾ പ്രേമികളുടെ മാനസപുത്രിയായിമാറിയ ഇറാനിയൻ Blue Girl. B.A( ഇംഗ്ലീഷ്),B.A ( Computer Engineering) ബിരുദധാരിണി.

സഹർ ഖോടയാരി വലിയൊരു ഫുട്ബാൾ പ്രേമിയായിരുന്നു. അവൾക്ക് പ്രിയപ്പെട്ട ടീമായിരുന്നു Esteghlal ടെഹ്‌റാൻ ഫുട്ബാൾ ടീം. ഇറാനിലെ നിയമമനുസരിച് സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനാനുമതിയില്ല. സഹറിന് ഇതറിയാമായിരുന്നു. എങ്കിലും ഇക്കഴിഞ്ഞ മാർച്ചു മാസം ടെഹ്‌റാനിൽ നടന്ന തന്റെ ഇഷ്ട ടീമിന്റെ മത്സരം ( AFC ചാമ്പ്യൻഷിപ്പ് ) എന്ത് സാഹസം സഹിച്ചും നേരിട്ടുപോയി കാണാൻ തന്നെ തീരുമാനിച്ച അവൾ രഹസ്യമായി പുരുഷന്മാരെപ്പോലെ വസ്ത്രധാരണം ചെയ്തു. നീല വിഗ്ഗും,നീല ഓവർക്കൊട്ടും ധരിച്ചവൾ അന്ന് സ്റ്റേഡിയത്തിലേക്ക് നടന്നു. Esteghlal ടെഹ്‌റാൻ ഫുട്ബാൾ ടീമിന്റെ ജേഴ്സി നീലയായിരുന്നു. നീലയണിഞ്ഞ സഹർ അതുകൊണ്ടുതന്നെ ലോകത്തിനിന്ന് ‘ THE BLUE GIRL ‘ ആണ്.

സഹർ , ആസാദി സ്റ്റേഡിയത്തിനുള്ളിൽ കടക്കുന്നതിനുമുൻപ് പിടിക്കപ്പെട്ടു.മൂന്നുദിവസത്തെ കഠിനമായ ചോദ്യം ചെയ്യലിനൊടുവിൽ അവക്ക് ജാമ്യം അനുവദിച്ചു.

ആറു മാസത്തിനുശേഷം ഇക്കഴിഞ്ഞ സെപ്റ്റംബർ 2 ന് ടെഹ്‌റാനിലെ റവല്യൂഷണറി കോടതിയിൽ ഹാജരാകാൻ സഹറിന് നോട്ടീസ് ലഭിച്ചു.അന്ന് കോടതിയിൽ ജഡ്‌ജി അവധിയായിരുന്നെങ്കിലും കുറ്റപത്രം അവൾക്കു നൽകപ്പെട്ടു.

പരസ്യമായ മതാചാര ലംഘനം,ഹിജാബ് ധരിക്കാതിരിക്കുക,ഉദ്യോഗസ്ഥരെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ അവൾക്കുമേൽ ചാർത്തപ്പെട്ടു. 6 മാസത്തെ ജയിലും പരസ്യമായ ചാട്ടയടിയും ശിക്ഷയായി ലഭിക്കുമെന്നവളെ ധരിപ്പിക്കുകയും ചെയ്തു.(ഇറാൻ സർക്കാർ ഈ ശിക്ഷാവിവരം ഇപ്പോൾ നിഷേധിച്ചിരി ക്കുകയാണ്.)

വളരെ നിരാശയോടെ കോടതിയിൽനിന്ന് പുറത്തിറങ്ങിയ സഹർ ആരും പ്രതീക്ഷിക്കാതെ ആ കടുംകൈ ചെയ്തു. ആളുകൾ നോക്കിനിൽക്കേ കോടതിവളപ്പിനുള്ളിൽ ശരീരമാസകലം പ്രട്രോളൊഴിച്ചവൾ സ്വയം തീകൊളുത്തി.

അമ്പരന്നുപോയ ജനക്കൂട്ടം ഓടിക്കൂടി തീകെടുത്തിയപ്പോഴേക്കും സഹറിന്റെ ശരീരം 90 % വും പൊള്ളലിന് വിധേയമായിരുന്നു. ഒടുവിൽ സെപറ്റംബർ 9 ന് മനസ്സിലെ ഒരായിരം മോഹങ്ങളും സ്വപനങ്ങളും ബാക്കി യാക്കി ബന്ധനങ്ങളില്ലാത്തൊരു ലോകത്തേക്ക് അവൾ യാത്രയായി. ഒരിക്കലും മടങ്ങാത്ത യാത്ര.

സഹർ ഖോടയാരി യുടെ മരണം ഇറാൻജനതയെമാത്രമല്ല ലോകമെമ്പാടുമുള്ള ആളുകളെ അക്ഷാർ ത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. സ്ത്രീകളുടെ തലവര പുരുഷന്മാർ തീരുമാനിക്കുന്ന രാജ്യത്ത് അവരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും വരെ ധ്വംസിക്കപ്പെടുന്നു എന്നാണ് ഇറാനിലെ പരിഷ്കരണവാദികൾ വരെ അഭിപ്രായപ്പെടുന്നത്.

സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും അവകാശങ്ങളും അനുവദിക്കുമെന്ന് തെരഞ്ഞെടുപ്പുവേളയിൽ പ്രഖ്യാപിച്ച ഇപ്പോഴത്തെ ഇറാൻ പ്രസിഡണ്ട് ഹസൻ റൂഹാനി അതൊക്കെ മറന്നമട്ടാണ്. അന്ന് തെരഞ്ഞെടുപ്പുവേളയിൽ അദ്ദേഹത്തിനുവേണ്ടി വലിയൊരു സ്ത്രീസമൂഹം പ്രാചാരണവേദികളിൽ സജീവമായിരുന്നു.

സഹറിന്റെ മരണം ഇറാൻ ജനതയെ വല്ലാതെ ഉലച്ചുകളഞ്ഞു. ഇറാനിലെങ്ങും പ്രതിഷേധം ശക്തമായി. ജനങ്ങൾ നിയമം ലംഘിച്ചുകൊണ്ട് തെരുവിലിറങ്ങി. ഫിഫ അടക്കമുള്ള സംഘടനകൾ ഇറാനെതിരെ ശക്തമായ നിലാപാടെടുത്തു. നിരവധി ലോകരാജ്യങ്ങൾ ഇറാനെ അപലപിച്ചു.

ലോകമെമ്പാടുനിന്നും രാജ്യത്തിനകത്തുനിന്നുമുള്ള ശക്തമായ സമ്മർദ്ദങ്ങൾക്കൊടുവിൽ ഇറാൻ സർക്കാർ മുട്ടുമടക്കി. സഹറിന്റെ മരണം ഒഴിവാക്കാമായിരുന്നുവെന്നവർ സമ്മതിച്ചു.സ്ത്രീകൾക്ക് മത്സരം കാണാൻ ഇനിമുതൽ അനുമതി നൽകുമെന്നും പ്രഖ്യാപിച്ചു.

അങ്ങനെ ഇതാദ്യമായി മറ്റന്നാൾ അതായത് ഒക്ടോബർ 10 ന് ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിൽ (സഹർ പ്രവേശിക്കാൻ ശ്രമിച്ച സ്റ്റേഡിയം ) നടക്കാൻ പോകുന്ന ഇറാൻ – കംബോഡിയ ഫുട്ബാൾ മത്സരം കാണാൻ സ്ത്രീകൾക്ക് 4600 ടിക്കറ്റുകൾ നൽകാൻ ഇറാൻ സർക്കാർ തീരുമാനിക്കുകയും ഒക്ടോബർ 5 നു ടിക്കറ്റുകളുടെ വിൽപ്പന തുടങ്ങുകയും ചെയ്തു. വിൽപ്പനതുടങ്ങി ഏതാനും മണിക്കൂറുകൾക്കകം മുഴുവൻ ടിക്കറ്റുകളും വിറ്റഴിയുകയായിരുന്നു. അത്രയ്ക്ക് ആവേശത്തിലാണ് ഇറാനിലെ സ്ത്രീ സമൂഹം.

ഫുട്ബാൾ മാച്ചുകാണാൻ സ്ത്രീകൾക്ക് എന്തൊക്കെ സൗകര്യങ്ങളാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളതെന്ന് നേരിട്ട് ബോദ്ധ്യപ്പെടാൻ അന്നേദിവസം ഫിഫ അധികാരികളും മത്സരം കാണാനായി എത്തുന്നുണ്ട്.

വരും ദിവസങ്ങളിൽ ഫുട്ബാൾ സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ വീക്ഷിക്കാൻ സ്ത്രീകൾക്ക് കൂടുതൽ സീറ്റുകൾ ഒരുക്കുമെന്ന് ഇറാൻ അധികാരികൾ ഫിഫയ്ക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

ഇറാനിൽ ഇത് വലിയൊരു പരിവർത്തനമാണ് . 1979 ലെ ഇസ്‌ലാമിക മുന്നേറ്റത്തിനുശേഷം സ്ത്രീകൾക്ക് പലവിധ നിയന്ത്രണങ്ങളും അവിടെ ഏർപ്പെടുത്തിയിരുന്നു. അതിനൊന്നും ഇതുവരെ കാതലായ മാറ്റം വരുത്തിയിട്ടുമില്ല. ഇപ്പോൾ ഈ വിപ്ലവകരമായ മാറ്റത്തിനായി സഹർ ഖോടയാരി എന്ന പെൺകുട്ടിക്ക് തന്റെ ജീവനാണ് വിലയായി നൽകേണ്ടിവന്നത്. പാവം ബ്ലൂ ഗേൾ. .

×