' വീണ്ടും കാണും വരെ '; ഇർഫാനെ കുറിച്ചുള്ള ഓർമ്മയിൽ ഭാര്യ

author-image
ഫിലിം ഡസ്ക്
New Update

നടൻ ഇർഫാൻ ഖാൻ വിടപറഞ്ഞിട്ട് ഒരു മാസം തികയുകയാണ്. അദ്ദേഹത്തിന്റെ ഓർമ്മയിൽ ഭാര്യ സുദപ സിക്തർ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് എഴുതിയിരിക്കുന്നു. തങ്ങൾ കണ്ടുമുട്ടുന്ന മറ്റൊരു ലോകത്തെക്കുറിച്ചും ഒന്നിച്ച് ഇനിയും പങ്കിടാൻ പോകുന്ന നിമിഷങ്ങളെക്കുറിച്ചുമാണ് സുദപ തന്റെ പോസ്റ്റിൽ എഴുതിയിരിക്കുന്നത്.

Advertisment

publive-image

"ശരിക്കും തെറ്റിനുമപ്പുറം ഒരു ലോകമുണ്ട്. ഞാൻ നിന്നെ അവിടെ വെച്ച് കണ്ടുമുട്ടും. ആ പുൽമേട്ടിൽ നമ്മുടെ ആത്മാക്കൾക്ക് ഈ ലോകത്തെക്കുറിച്ച് പങ്കിടാൻ ഒരുപാട് വിശേഷങ്ങളുണ്ടാകും. വെറും സമയത്തിന്റെ കാര്യമേയുള്ളു. നമ്മൾ കണ്ടുമുട്ടും,നമ്മൾ സംസാരിക്കും. വീണ്ടും കാണും വരെ...." എന്നാണ് സുദപ എഴുതിയിരിക്കുന്നത്.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഇർഫാന്റെ സഹപാഠിയായിരുന്നു സുദപ സിക്തർ. അവിടെ വച്ചാണ് സുദപയുമായി ഇർഫാൻ പ്രണയത്തിലാകുന്നത്. 1995 ലാണ് ഇവർ വിവാഹിതരായത്.

ഇക്കഴിഞ്ഞ ഏപ്രിൽ 29 നാണ് കാൻസർ മൂലം ചികിത്സയിലായിരുന്ന ഇർഫാൻ ഖാൻ നിര്യാതനായത്. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വെച്ചായിരുന്നു മരണം. 2018 ലാണ് ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് വിദേശത്ത് ചികിത്സ തേടിയിരുന്നു. പിന്നീട് രോഗം ഭേദമായി മടങ്ങിവന്ന ഇർഫാൻ സിനിമയിൽ സജീവമായിരുന്നു. അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം 'അംഗ്രേസി മീഡിയ'മാണ്.

irfan khan film news
Advertisment