‘ ഉമ്മയും ബാപ്പയും ‌ഞാനും മറിയവും അവൾക്ക് ജീവനായിരുന്നു ;  സിവിൽ സർവീസ് എന്ന സ്വപ്നവും ഞങ്ങൾ നാലാളും മാത്രമെ അവളുടെ മനസ്സിലുണ്ടായിരുന്നുള്ളു ;   ജീവിതത്തിൽ ഇന്നോളം അനുഭവിച്ചിട്ടില്ലാത്തത്ര വേദന തോന്നിയ നിമിഷത്തിലായിരിക്കും അവൾ അതു ചെയ്തത് ; ഫാത്തിമയുടെ ഇരട്ടസഹോദരി പറയുന്നു

ന്യൂസ് ബ്യൂറോ, കൊല്ലം
Tuesday, November 19, 2019

കൊല്ലം: ‘ ജീവിതത്തിൽ ഇന്നോളം അനുഭവിച്ചിട്ടില്ലാത്തത്ര വേദന തോന്നിയ നിമിഷത്തിലായിരിക്കും അവൾ അതു ചെയ്തത്. അത്രയും ക്രൂരമായി ആരൊക്കെയോ അവളെ വേദനിപ്പിച്ചു.” ഉമ്മയും ബാപ്പയും ‌ഞാനും മറിയവും അവൾക്ക് ജീവനായിരുന്നു. ഞങ്ങൾ നാലാളും സിവിൽ സർവീസ് എന്ന സ്വപ്നവും മാത്രമെ അവളുടെ മനസ്സിലുണ്ടായിരുന്നുള്ളു . ഫാത്തിമയുടെ ഇരട്ടസഹോദരി ഐഷ ലത്തീഫിന്റെ വാക്കുകളാണ് ഇത്‌ .

ഐഷയുടെ നമ്പർ ചെന്നൈയിലെ കൂട്ടുകാർക്കെല്ലാം അറിയാം.  നേരത്തെ പലരും വിളിച്ചിട്ടുണ്ട്. “അവൾ മരിച്ചശേഷം ഒരു സഹപാഠി പോലും വിളിച്ചിട്ടില്ല. ആരെയോ പേടിച്ചായിരിക്കാം അവർ അവിടെ പഠിക്കുന്നത്. മിടുക്കിയായ ഒരു വിദ്യാർത്ഥിനി മരിച്ചിട്ട് ഐ.ഐ.ടി അധികൃതരും ഇവിടേക്ക് വിളിച്ചിട്ടില്ല.” തിരുവനന്തപുരം ലാ കോളേജിൽ എൽ.എൽ.ബി വിദ്യാർത്ഥിയായ ഐഷ പറഞ്ഞു.

അകത്ത്, ഫാത്തിമയുടെ ബാപ്പ അബ്ദുൾ ലത്തീഫ് കരഞ്ഞു തളർന്ന് കിടപ്പാണ്. ഫാത്തിമയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മുഖ്യമന്ത്രിയെ കാണാൻ പോകാനിരുന്നതാണ്.

രാവിലെ ചെറിയ ദേഹാസ്വാസ്ഥ്യം. ഡോക്ടറെത്തി പരിശോധിച്ചപ്പോൾ ഹൃദയമിടിപ്പിൽ നേരിയ വ്യതിയാനമുണ്ട്. ബന്ധുക്കൾ പലരും വീട്ടിലേക്കു വരുന്നുണ്ട്. ആരോടും മിണ്ടാനാകാതെ ഫാത്തിമയുടെ അമ്മ സജിതയും കുഞ്ഞനുജത്തി മറിയവും.

×