കേരള ബ്ലാസ്റ്റേഴ്സ്-എഫ്‌സി ഗോവ പോരാട്ടം സമനിലയില്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, December 1, 2019

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ്-എഫ്‌സി ഗോവ പോരാട്ടം സമനിലയില്‍. സ്‌കോര്‍ 2-2. അവസാന നിമിഷം വരെ ഒരു ഗോളിന്റെ ലീഡുണ്ടായിരുന്ന ബ്ലാസ്റ്റേഴ്സ് അവസാനം സമനില വഴങ്ങി.

ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ റെനി റോഡ്രിഗസാണ് ഗോവയ്ക്ക് രണ്ടാമതും സമനില സമ്മാനിച്ച ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്സിനായി സിഡോഞ്ചയും റാഫേല്‍ മെസിയും വലകുലുക്കിയപ്പോള്‍ റോഡ്രിഗസും മൊര്‍ത്താദ ഫാളും ഗോവക്കായി ഗോളുകള്‍ കണ്ടെത്തി.

നേരത്തെ മെസ്സി ബൗളിയുടെ ഗോളിലാണ് എഫ്‌സി ഗോവയ്‌ക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാമതും ലീഡ് നേടിയത്. അമ്ബത്തിയൊമ്ബതാം മിനിറ്റില്‍ മലയാളി താരം പ്രശാന്തിന്റെ ക്രോസില്‍ നിന്നായിരുന്നു മെസ്സിയുടെ ഗോള്‍. സ്‌കോര്‍: 2-1.

രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയ കേരള ബ്ലാസ്റ്റേഴ്‌സിന് നാല്‍പത്തിയൊന്നാം മിനിറ്റിലാണ് ഗോവ തിരിച്ചടി നല്‍കിയത്. ഒന്നാം പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച്‌ സമനില പാലിക്കുകയായിരുന്നു.

ആറു കളികളില്‍ നിന്ന് ഇത് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം സമനിലയാണ്. ആറു കളികളില്‍ നിന്ന് അഞ്ച് പോയിന്റുള്ള അവര്‍ എട്ടാം സ്ഥാനത്താണ്. ഒരൊറ്റ ജയം മാത്രമാണ് അവര്‍ക്ക് സ്വന്തമായുള്ളത്. അഞ്ചാം തീയ്യതി മുബൈ സിറ്റിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

×