ചരിത്രപരമായ കരാറിലെത്തി ഇസ്രായേലും യുഎഇയും; കൂടുതല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നത് താത്കാലികമായി നിര്‍ത്തുമെന്ന് ഇസ്രായേല്‍; പരസ്പര ഉഭയകക്ഷി സഹകരണത്തിനും യുഎഇയും ഇസ്രായേലും തമ്മില്‍ ധാരണ; മധ്യസ്ഥനായത് ട്രംപ്‌

New Update

publive-image

വാഷിംഗ്ടണ്‍: ചരിത്രപരമായ കരാറിലെത്തി യുഎഇയും ഇസ്രായേലും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ പരസ്പര ഉഭയകക്ഷി സഹകരണത്തിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.

Advertisment

കരാര്‍ പ്രകാരം കൂടുതല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നത് താത്കാലികമായി നിര്‍ത്തുമെന്ന് ഇസ്രായേല്‍ അറിയിച്ചതായി വൈറ്റ് ഹൗസും യുഎഇയും അറിയിച്ചു. ഇസ്രയേലുമായി നയതന്ത്രബന്ധത്തിനൊരുങ്ങുന്ന ആദ്യ അറബ് രാഷ്ട്രമാണ് യുഎഇ.

ഏറെ നാള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് കരാറിലേര്‍പ്പെട്ടത്. ട്രപും അബുദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമാണ് ചര്‍ച്ചയിലേര്‍പ്പെട്ടത്. ഫോണിലൂടെയാണ് കരാര്‍ നടപടികള്‍ നടത്തിയത്.

ഊർജം, ടൂറിസം, നേരിട്ടുള്ള വിമാന സർവീസുകൾ, നിക്ഷേപം, സുരക്ഷ, വിവര സാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും വരും ആഴ്ചയിൽ കരാർ ഒപ്പിടുമെന്ന് യുഎഇ അറിയിച്ചു. പശ്ചിമേഷ്യയിലെ മറ്റു ചില രാജ്യങ്ങളുമായും അടുത്ത ആഴ്ച ഇത്തരത്തില്‍ കരാറുണ്ടാകുമെന്ന് ട്രംപ് അറിയിച്ചു.

'ഇന്ന് വലിയ നേട്ടം! ഞങ്ങളുടെ രണ്ട് മികച്ച സുഹൃത്തുക്കളായ ഇസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറിലേര്‍പ്പെട്ടു'-ട്രംപ് ട്വീറ്റ് ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിൽ ആക്കുന്നതിനായി ധാരണയിലെത്തിയതായി യുഎഇ കിരീടാവകാശി ഷെയ്ക് മുഹമ്മദ് ബിൻ സയിദ് അറിയിച്ചു.

Advertisment