സൗമ്യയുടെ വേർപാടിൽ ഇസ്രയേൽ ആകെ ദുഃഖിക്കുന്നു, 9 വയസ്സുകാരന് അമ്മയെ നഷ്ടപ്പെട്ടതിൽ ഇസ്രയേലിന്റെ ഹൃദയവും തേങ്ങുന്നു; ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡറുടെ ട്വിറ്റ് ഇങ്ങനെ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, May 13, 2021

തൊടുപുഴ:  ഇസ്രയേലിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന്റെ മകൻ അഡോണിനെ 2008ൽ മുംബൈ ഭീകരാക്രമണത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട മോഷെ ഹോൾസ്ബെർഗിനോട് ഉപമിച്ച് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റോൺ മൽക്ക. ഇസ്രയേൽ സർക്കാരിനെ പ്രതിനിധീകരിച്ചു സൗമ്യയുടെ കുടുംബവുമായി സംസാരിച്ചെന്നും സൗമ്യയും ഭർത്താവ് സന്തോഷും കുഞ്ഞും കൂടി നിൽക്കുന്ന ചിത്രത്തിനൊപ്പം റോൺ ട്വീറ്റ് ചെയ്തു.

‘സൗമ്യയുടെ വേർപാടിൽ ഇസ്രയേൽ ആകെ ദുഃഖിക്കുന്നു. 9 വയസ്സുകാരന് അമ്മയെ നഷ്ടപ്പെട്ടതിൽ ഇസ്രയേലിന്റെ ഹൃദയവും തേങ്ങുന്നു. അഡോൺ എന്ന കുഞ്ഞിനൊപ്പമാണ് എന്റെ മനസ്സ്. 2008 ലെ മുംബൈ ഭീകരാക്രമണത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞു മോഷെയെയാണ് അഡോൺ ഓർമിപ്പിക്കുന്നത്. ദൈവം അവർക്കു കരുത്തും ധൈര്യവും നൽകട്ടെ’ – റോൺ ട്വീറ്റ് ചെയ്തു. 2 വയസ്സുള്ളപ്പോഴായിരുന്നു ഇസ്രയേ‍ൽ സ്വദേശിയായ മോഷെയ്ക്കു മാതാപിതാക്കളെ നഷ്ടമായത്.

ഇതിനിടെ, സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇസ്രയേലിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം മൃതദേഹം ഏറ്റുവാങ്ങിയതായി കേന്ദ്രമന്ത്രി വി. മുരളീധരൻ അറിയിച്ചു.

ഇന്ത്യയിൽനിന്ന് തിങ്കളാഴ്ച ഇസ്രയേലിലേക്കു പോകുന്ന ചാർട്ടേഡ് വിമാനം ചൊവ്വാഴ്ച തിരികെ വരുമ്പോൾ അതിൽ മ‍ൃതദേഹം കൊണ്ടു വരാനാകുമെന്ന് അറിയുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഇസ്രയേലിൽ കെയർ ടേക്കറായ സൗമ്യ (32) ചൊവ്വാഴ്ച വൈകിട്ട് 5.15 നു ഫോണിൽ ഇടുക്കി കീരിത്തോടുള്ള സന്തോഷുമായി സംസാരിക്കുമ്പോഴാണു റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

×