രൂക്ഷഗന്ധമുള്ള സ്കങ്ക് ജലപീരങ്കി ആയുധമാക്കി ഇസ്രയേൽ; പലസ്തീൻ പ്രതിഷേധക്കാർക്ക് മേൽ പ്രയോഗിക്കുന്ന ദ്രാവകസംയുക്തം

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, May 15, 2021

ജറുസലേമിലെ ഷെയ്ഖ് ജറയുടെ അയൽ‌പ്രദേശത്തുള്ള പലസ്തീൻ കുടുംബങ്ങളെ ഇസ്രയേൽ സൈന്യം അവരുടെ വീടുകളിൽ നിന്ന് നിർബന്ധിതമായി കുടിയൊഴിപ്പിച്ചു വരികയാണ്. എന്നാൽ, പ്രതിരോധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പലസ്തീനികൾ ധൈര്യത്തോടെ തെരുവിലിറങ്ങാൻ തുടങ്ങി. ഇതോടെ ഇസ്രായേൽ അതിക്രൂരമായ അടിച്ചമർത്തലാണ് പലസ്തീനികൾക്ക് മേൽ നടത്തി വരുന്നത്.

പ്രതിഷേധക്കാർക്ക് എതിരായ അതിക്രമങ്ങൾ നടന്ന അൽ-അക്സാ കോമ്പൗണ്ടിൽ പലസ്തീനികൾ പ്രാർത്ഥിക്കുന്നതിനിടെ ഇസ്രായേൽ സൈന്യം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം നടത്തി. 14 കുട്ടികളടക്കം 40 ഓളം പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവർക്ക് പുറമേ റബ്ബർ ബുള്ളറ്റുകൾ, കണ്ണീർ വാതകം എന്നിവയാൽ നൂറുകണക്കിന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ, രാജ്യാന്തര മാധ്യമങ്ങൾക്ക് പോലും സുപരിചിതമല്ലാത്ത മറ്റൊരു ആയുധം കൂടി ഇസ്രായേൽ സൈന്യം പലസ്തീനികൾക്ക് മേൽ പ്രയോഗിക്കുന്നുണ്ട്. പലരും ഇതിനെ ജലപീരങ്കി അല്ലെങ്കിൽ മലിനജല പീരങ്കി എന്നാണ് വിളിക്കുന്നത്. എന്നാൽ അറബിയിൽ‌, ഈ രൂക്ഷ ഗന്ധമുള്ള മലിന ജലത്തെ “ഖരാര” എന്നാണ് വിളിക്കുന്നത്. ഇംഗ്ലീഷിൽ ഇതിനെ സ്കങ്ക് വാട്ടർ (Skunk Water) എന്നും വിളിക്കുന്നു.

പ്രതിഷേധക്കാരെ ഓടിക്കാൻ ഇസ്രായേൽ പൊലീസ് ഉപയോഗിക്കുന്ന ഒരു പ്രധാന ആയുധമാണിത്. ഈ വെള്ളത്തിൽ നിന്ന് വമിക്കുന്ന അതിരൂക്ഷ ഗന്ധം സഹിക്കാൻ ആർക്കും പറ്റാറില്ല. ഒഡോർടെക് എന്ന ഇസ്രായേലി കമ്പനിയാണ് സ്കങ്ക് വാട്ടർ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ആയുധമായി വികസിപ്പിച്ചെടുത്തത്.

രൂക്ഷ ദുർഗന്ധമുള്ള ഒരു ദ്രാവകസംയുക്തമാണ് സ്കങ്ക് വാട്ടർ. ഇതിന് അഴുകിയ ശവശരീരങ്ങളുമായി കലർന്ന മലിന ജലത്തിന്റെ ഗന്ധമാണെന്നാണ് ഇവയുടെ ഗന്ധം ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവരുടെ വിശദീകരണം.

വാസ്തവത്തിൽ, ഇത് രാസവസ്തുക്കളുടെ ഒരു മിശ്രിതമാണ്. ഈ മണം ആളുകളിൽ ഓക്കാനം ഉണ്ടാക്കുകയും സാധാരണ ശ്വസനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇവ കണ്ണ് വേദന, വയറുവേദന എന്നിവയ്ക്ക് കാരണമാകുമെന്നും കമ്പനിയുടെ സുരക്ഷാ രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് പലസ്തീനികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

×