“കേരളത്തിൽ നിന്നുള്ള ആയിരക്കണക്കിന് പേർ ഇസ്രായേലിൽ പരിചരണക്കാരായും വീട്ടുജോലിക്കാരായും ജോലി ചെയ്യുന്നുണ്ട്‌, കേരളത്തില്‍ നഴ്സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം കുറവാണ്. ജോലിയില്‍ ഒരു ഇടവേള വന്നാല്‍ വീണ്ടും ട്രെയിനിയായി വേണം തുടരാന്‍. ഇവിടെ മാസം ഒരു ലക്ഷത്തിലധികം രൂപ ലഭിക്കും. കൂടുതല്‍ സമയം ജോലി ചെയ്യാനും തയാറാണ്; സാധാരണ ഒരു നഴ്സ് ഇസ്രയേലില്‍ പത്ത് വര്‍ഷത്തോളമാണ് ജോലി ചെയ്യുക, എല്ലാവര്‍ക്കും വലിയ കടബാധ്യതകള്‍ ഉണ്ടായിരിക്കും. ഇതെല്ലാം പരിഹരിച്ച് ഭാവിയിലേക്കുള്ള പണവും കണ്ടെത്തിയാണ് മടങ്ങുന്നത്; വെറും കയ്യോടെ ഇവിടുന്ന് മടങ്ങാന്‍ ആരും ആഗ്രഹിക്കുന്നില്ല; ഇസ്രയേലിലെ മലയാളി നഴ്‌സുമാര്‍ പറയുന്നു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, May 15, 2021

തിരുവനന്തപുരം: ഇസ്രയേലിലെ കലാപഭൂമിയല്‍ ഇന്ന് മലാഖമാര്‍ ഭീതിയിലാണ്.സൗമ്യയുടെ മരണത്തിനിടയാക്കിയതു പോലെ ഗാസയില്‍ റോക്കറ്റുകള്‍ ഇന്നും മൂളി പായുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള നിരവധി നഴ്സുമാരുടെ നെഞ്ചിടിപ്പും ഭയവും വര്‍ദ്ധിപ്പിക്കുന്ന ശബ്ദങ്ങള്‍. കഷ്ടതകള്‍ അവസാനിപ്പിക്കാന്‍ കലാപം അവസാനിക്കാത്ത മണ്ണിലെത്തിയവര്‍ ഇന്ന് മരണം മുന്നില്‍ കണ്ട് കഴിയുകയാണ്.

“കഴിഞ്ഞ നാല് ദിവസമായി ഞാൻ ഉറങ്ങിയിട്ടില്ല,” ഇസ്രയേലിലെ അഷ്ദോദില്‍ താമസിക്കുന്ന മരിയ ജോസഫിന്റെ വാക്കുകളാണിത്. ഗാസയില്‍ നിന്ന് 38 കിലോമീറ്റര്‍ ദൂരെയാണ് അഷ്ദോദ്.

“ഇന്നലെ രാത്രി റോക്കറ്റുകള്‍ മഴ പോലെയാണ് ഇവിടെ പതിച്ചത്. ഞങ്ങള്‍ താമസിക്കുന്ന കെട്ടിടം കുലുങ്ങുന്ന തരത്തില്‍. സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ എല്ലാവരും സുരക്ഷിതരാണോ എന്ന് മെസേജുകള്‍ തുടരെ വന്നു കൊണ്ടിരുന്നു.

ഇങ്ങനെയാണ് ഞങ്ങള്‍ പരസ്പരം ആശ്വാസം കണ്ടെത്തുന്നത്. പരിചരണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി ഇന്ത്യക്കാരുണ്ട് ഗാസയുടെ അടുത്ത പ്രദേശങ്ങളില്‍, പ്രത്യേകിച്ചും കേരളത്തില്‍ നിന്നുള്ളവര്‍,” മരിയ പറഞ്ഞു.

കഴിഞ്ഞ രണ്ടര വര്‍ഷമായി മരിയ അഷ്ദോദിലാണ് ജോലി ചെയ്യുന്നത്. 88 കാരിയായ കിടപ്പ് രോഗിയെ പരിപാലിക്കുന്നു. “ഞങ്ങൾക്ക് തെരുവുകളില്‍ നിന്ന് മുന്നറിയിപ്പുകള്‍ ലഭിക്കുന്നുണ്ട്.

എന്നാൽ ഇതൊരു പഴയ കെട്ടിടമാണ്, ഇതിനുള്ളില്‍ ബോംബിടലില്‍ നിന്ന് രക്ഷപെടാനുള്ള സൗകര്യം ഇല്ല. ഒരു നഴ്‌സ് എന്ന നിലയിൽ, രോഗിയെ ഉപേക്ഷിച്ച് അഭയ കേന്ദ്രത്തിലേക്ക് മാറാന്‍ എനിക്ക് സാധിക്കില്ല,” മരിയ കൂട്ടിച്ചേര്‍ത്തു.

“ഇവിടുത്തെ അവസ്ഥയില്‍ പരിഭ്രാന്തരായ വീട്ടുകാരുടെ വിളികളാണ് എപ്പോഴും, കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം സമാധനപരമായി അവസാനിക്കുമെന്നാണ് പ്രതീക്ഷ,” ഷിന്റൊ കുരിയാക്കോസ് പറഞ്ഞു. ഷിന്റൊ കഴിഞ്ഞ ആറ് വര്‍ഷമായി ഇസ്രയേലില്‍ ജോലി ചെയ്യുകയാണ്.

2019 വരെയുള്ള ഇന്ത്യന്‍ എംബസിയുടെ കണക്കനുസരിച്ച് ഇസ്രയേലില്‍ 14,000 ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 13,200 പേരും പരിചരണവുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ടവരാണ്.

നല്ല ശമ്പളവും ഇസ്രയേലിലേക്ക് എത്താന്‍ ഒരുപാട് കടമ്പകള്‍ വേണ്ടത്തതുമാണ് കൂടുതല്‍ പേരെയും ആകര്‍ഷിക്കുന്ന ഘടകം. സൗമ്യ പരിപാലിച്ചിരുന്നയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആക്രമണത്തില്‍ പരുക്കേറ്റ ഒരു 80 കാരിയെയാണ്.

“കേരളത്തിൽ നിന്നുള്ള ആയിരക്കണക്കിന് പേർ ഇസ്രായേലിൽ പരിചരണക്കാരായും വീട്ടുജോലിക്കാരായും ജോലി ചെയ്യുന്നുണ്ടെന്ന്. കേരളത്തിൽ ഇസ്രായേൽ വിസയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

ഇസ്രയേലില്‍ എത്താന്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ആർക്കും ഇങ്ങോട്ട് റിക്രൂട്ട് ചെയ്യാൻ കഴിയും,” കേരള സർക്കാരിന്റെ നോൺ റസിഡന്റ് കേരളൈറ്റ് അഫയേഴ്‌സ് (നോർക്ക) റിക്രൂട്ട്‌മെന്റ് മാനേജർ അജിത് കൊളശേരി വ്യക്തമാക്കി.

“കേരളത്തില്‍ നഴ്സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം കുറവാണ്. ജോലിയില്‍ ഒരു ഇടവേള വന്നാല്‍ വീണ്ടും ട്രെയിനിയായി വേണം തുടരാന്‍. ഇവിടെ മാസം ഒരു ലക്ഷത്തിലധികം രൂപ ലഭിക്കും. കൂടുതല്‍ സമയം ജോലി ചെയ്യാനും തയാറാണ്,” തൃശൂര്‍ സ്വദേശിയായ ഡാനി മാനുവല്‍ പറഞ്ഞു.

“സാധാരണ ഒരു നഴ്സ് ഇസ്രയേലില്‍ പത്ത് വര്‍ഷത്തോളമാണ് ജോലി ചെയ്യുക. എല്ലാവര്‍ക്കും വലിയ കടബാധ്യതകള്‍ ഉണ്ടായിരിക്കും. ഇതെല്ലാം പരിഹരിച്ച് ഭാവിയിലേക്കുള്ള പണവും കണ്ടെത്തിയാണ് മടങ്ങുന്നത്.

ഇന്ത്യക്കാര്‍ മാത്രമല്ല ഇത്തരത്തില്‍ ഇവിടെ ജോലി ചെയ്യുന്നത്. ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട് ഇവിടെ. വെറും കയ്യോടെ ഇവിടുന്ന് മടങ്ങാന്‍ ആരും ആഗ്രഹിക്കുന്നില്ല,” ഇടുക്കി സ്വദേശിയായ സജീഷ് ലോറന്‍സ് പറഞ്ഞു.

×