നമ്പി നാരായണനെ അന്നു പീഡിപ്പിച്ച പൊലീസുദ്യോഗസ്ഥന്‍ ഇന്നിപ്പോള്‍ പ്രതികളാകുന്നു; കെ കരുണാകരനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നു തെറിപ്പിക്കാന്‍ പോലും ഈ കേസ് രാഷ്ട്രീയമായി ഉപയോഗിച്ചു എന്നു പറയുമ്പോള്‍ അതിന്‍റെ ശക്തി എത്രയായിരുന്നുവെന്ന് ഊഹിക്കാം ! നമ്പിനാരായണനു നഷ്ടമായത് ഇന്ത്യയിലെ ഒരു പ്രധാന ശാസ്ത്രജ്ഞനെന്ന നിലയ്ക്കുള്ള ഉദ്യോഗം മാത്രമല്ല, സ്വന്തം മാനവും സമൂഹത്തിലെ അംഗീകാരവും ഒക്കെകൂടിയാണ്; പൊലീസ് കെട്ടിച്ചമച്ചതൊക്കെയും കള്ളക്കഥകളാണെന്നായിരുന്നു സിബിഐ കണ്ടെത്തല്‍; കാക്കിയുടെയും ബൂട്ടിന്‍റെയും ബലത്തില്‍ ഇല്ലാക്കഥ മെനഞ്ഞ് കേസുണ്ടാക്കി നിരപരാധികളെ പീഡിപ്പിക്കുന്ന ചില പൊലീസുദ്യോഗസ്ഥന്‍ എക്കാലത്തും എവിടെയും സര്‍വീസിലുണ്ടാവും; ഇവരില്‍ ചിലര്‍ക്കൊക്കെ കാലം കനത്ത തിരിച്ചടി നല്‍കും; ഇത് എല്ലാവര്‍ക്കും പാഠമാവുക തന്നെ വേണം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു

New Update

publive-image

Advertisment

മ്പി നാരായണനെ അന്നു പീഡിപ്പിച്ച പോലീസുദ്യോഗസ്ഥന്‍ ഇന്നിപ്പോള്‍ പ്രതികളാവുകയാണ്. നമ്പി നാരായണനെ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ പേരില്‍ തടവിലാക്കുകയും പീഡിപ്പിക്കുകയും അദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതം തന്നെ തകര്‍ത്തുകളയുകയും ചെയ്ത പോലീസുദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസെടുത്തിരിക്കുന്നു. സുപ്രീം കോടതിയിലെ ജസ്റ്റിസ് സി.ജെ ജെയിന്‍ ഉത്തരവിട്ടതുപ്രകാരം സിബിഐ ഡല്‍ഹി യൂണിറ്റ് തിരുവനന്തപുരത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഓണ്‍ലൈനായി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു.

കേരള പോലീസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന എസ് വിജയനാണ് ഒന്നാം പ്രതി. അന്നു ഡിഐജിയായിരുന്ന സിബി മാത്യൂസ് ഏഴാം പ്രതിയുമാണ്. കേന്ദ്ര സര്‍വീസായ ഇന്‍റലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍.ബി ശ്രീകുമാര്‍, സിറ്റി പോലീസ് കമ്മീഷണറായിരുന്ന ബി.ആര്‍ രാജീവന്‍, വഞ്ചിയൂര്‍ എസ്ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്ത് എന്നിങ്ങനെ പോകുന്നു പ്രതിപ്പട്ടിക.

1994 -95 കാലഘട്ടത്തില്‍ കേരളക്കരയെ ഇളക്കി മറിച്ച ഐഎസ്ആര്‍ഒ ചാരക്കേസ് രാഷ്ട്രീയത്തിലും ഏറെ ചലനങ്ങള്‍ സൃഷ്ടിച്ചു. ഐറെക്കരുത്തനായ കെ കരുണാകരനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നു തെറിപ്പിക്കാന്‍ പോലും ഈ കേസ് രാഷ്ട്രീയമായി ഉപയോഗിച്ചു എന്നു പറയുമ്പോള്‍ അതിന്‍റെ ശക്തി എത്രയായിരുന്നുവെന്ന് ഊഹിക്കാന്‍ കഴിയും.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ എക്കാലത്തെയും മികച്ച ശാസ്ത്രജ്ഞന്മാരിലൊരാളായ നമ്പിനാരായണനു നഷ്ടമായത് ഇന്ത്യയിലെ ഒരു പ്രധാന ശാസ്ത്രജ്ഞനെന്ന നിലയ്ക്കുള്ള ഉദ്യോഗം മാത്രമല്ല, സ്വന്തം മാനവും സമൂഹത്തിലെ അംഗീകാരവും ഒക്കെകൂടിയാണ്.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഒരു കോടി മുപ്പതു ലക്ഷം രൂപാ അദ്ദേഹത്തിനു നല്‍കി. പ്രായമേറെയായിരിക്കുന്ന ഈ ഘട്ടത്തില്‍ അതൊരു വലിയ സഹായമാണെങ്കിലും ജീവിതത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഒരു പരിഹാരമല്ലെന്നുമോര്‍ക്കണം.

1994 നവംബര്‍ 30 -ാം തീയതിയാണ് കേരള പോലീസ് നമ്പിനാരായണനെ അറസ്റ്റ് ചെയ്തത്. അതി സങ്കീര്‍ണമായ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ (റോക്കറ്റ് വിക്ഷേപണത്തിനുപയോഗിക്കുന്ന ദ്രവ ഇന്ധനം) രഹസ്യങ്ങള്‍ മാലദ്വീപ് വനിതകളായ മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നീ വനിതകള്‍ക്ക് കൈമാറി എന്നതായിരുന്നു കുറ്റം. അന്നു മറിയം റഷീദയ്ക്ക് 33 വയസായിരുന്നു പ്രായം. ഫൗസിയ ഹസന് 50 വയസും.

സത്യസന്ധതയ്ക്കും പ്രാഗത്ഭ്യത്തിനും പേരുകേട്ട ഡിഐജി സിബി മാത്യൂസിന്‍റെ നേതൃത്വത്തിലുള്ള കേരളാ പോലീസിന്‍റെ കേസന്വേഷണ സംഘമാണ് ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ചത്.

കേസില്‍ സഹപ്രവര്‍ത്തകനായ ഐജി രമണ്‍ ശ്രീവാസ്തവയുടെ പേരുകൂടി ഉയര്‍ന്നുവന്നതോടെ അന്വേഷണം സിബിഐക്കു വിടുകയാണുചിതമെന്ന് അദ്ദേഹം ഡിജിപി ടി.വി മധുസൂധനനോടാവശ്യപ്പെട്ടു. കേസിന്‍റെ പിന്നാമ്പുറത്തു വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ ആവട്ടെ, ശ്രീവാസ്തവയെ ഉടന്‍ സസ്പെണ്ട് ചെയ്യണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടു. ശരിയായ തെളിവുകള്‍ കൈയില്‍കിട്ടാതെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്യാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

1994 ഡിസംബര്‍ രണ്ടാം തീയതി ഐബി ഉദ്യോഗസ്ഥരായ മാത്യു ജോണും ആര്‍.ബി ശ്രീകുമാറും മുഖ്യമന്ത്രി കെ കരുണാകരനെ ഒദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചെന്നു കണ്ട് ഇതേ ആവശ്യം ഉന്നയിച്ചു. എന്തെങ്കിലും തെളിവുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല.

കരുണാകരന്‍ പിന്നെ മൗനമവലംബിച്ചു. ഉദ്യോഗസ്ഥര്‍ നിരാശരായി ഇറങ്ങിപ്പോയി. അന്നു രാത്രിതന്നെ കരുണാകരന്‍ കേസ് സിബിഐ ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി മാര്‍ഗരറ്റ് ആല്‍വയോടാവശ്യപ്പെട്ടു. പിറ്റേന്നുതന്നെ അന്വേഷണം സിബിഐയുടെ കൈയിലായി. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഏറ്റവും പ്രധാന വഴിത്തിരിവ്.

ഐബി ഉദ്യോഗസ്ഥരുടെ പിന്തുണയോടെ കേരള പോലീസ് കെട്ടിച്ചമച്ചതൊക്കെയും കള്ളക്കഥകളാണെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ഒക്കെയും തെളിവുകള്‍ നിരത്തി അവര്‍ സമര്‍ത്ഥിക്കുകയും ചെയ്തു. നമ്പിനാരായണന്‍, ഡി. ശശികുമാരന്‍ എന്നീ ശാസ്ത്രജ്ഞന്മാരും മറിയം റഷീദയും ഫൗസിയാ ഹസനും ഉള്‍പ്പെടെ പ്രതികളൊക്കെയും കടുത്ത പോലീസ് പീഡനത്തില്‍ നിന്നു രക്ഷപെടുകയും ചെയ്തു. 1996 മെയ് രണ്ടിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ച് പ്രതികളെയൊക്കെയും മോചിപ്പിച്ചു. ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ച കേസാണെന്നും കോടതി വിധിച്ചു.

1994 ഒക്ടോബര്‍ 20 -ാം തീയതി മറിയം റഷീദ എന്ന മാലി സ്വദേശിയെ അറസ്റ്റ് ചെയ്തതിലൂടെയാണ് ചാരക്കേസ് തുടങ്ങിയത്. എലിപ്പനിമൂലം തിരുവനന്തപുരം-മാലി വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ താമസകാലാവധി നീട്ടണമെന്ന് അപേക്ഷിച്ച മറിയം റഷീദയില്‍ പോലീസുദ്യോഗസ്ഥനായ എസ് വിജയനു സംശയം തോന്നിയതാണ് അറസ്റ്റിലേയ്ക്ക് നീണ്ടത്. ദിവസങ്ങള്‍ക്കുള്ളില്‍ കേസിന്‍റെ കുരുക്കുകള്‍ മുറുകി.

ഫൗസിയാ ഹസന്‍, ഡി. ശശികുമാരന്‍, നമ്പിനാരായണന്‍, കെ. ചന്ദ്രശേഖരന്‍, എസ്.കെ ശര്‍മ എന്നിവരൊക്കെയും കേസില്‍ പ്രതികളായി. ഇതിനിടയ്ക്ക് ഐജി രമണ്‍ ശ്രീവാസ്തവയുടെ പേരും ഉയര്‍ന്നു. രഹസ്യ രേഖകള്‍ കൈമാറുന്നതിന് ശ്രീവാസ്തവ മറ്റു പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയെന്നും ചെന്നൈയിലെ മദ്രാസ് ഇന്‍റര്‍നാഷണല്‍ ഹോട്ടലില്‍ താമസിച്ച് അദ്ദേഹം മാലി വനിതകളില്‍ നിന്ന് ഡോളറായി വന്‍ തുക കൈപ്പറ്റിയെന്നുമായിരുന്നു ആരോപണം. സിബിഐ അന്വേഷണത്തില്‍ എല്ലാം പച്ചക്കള്ളമാണെന്നു തെളിഞ്ഞതോടെ ശ്രീവാസ്തവയും രക്ഷപെട്ടു. പക്ഷെ കെ കരുണാകരനു മാത്രം ദുരന്തം നേരിട്ടു.

സ്വന്തം പാര്‍ട്ടിയിലെ ആന്‍റണി പക്ഷവും തിരുത്തല്‍ വാദികളും സമ്മര്‍ദ്ദം മുറുക്കിയതിനേ തുടര്‍ന്ന് 1996 മാര്‍ച്ച് 16 ന് കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. മാര്‍ച്ച് 22 ന് ഡല്‍ഹിയില്‍ നിന്നു പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ എ.കെ ആന്‍റണി മുഖ്യമന്ത്രിയായി അധികാരമേറ്റു. ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ രാഷ്ട്രീയ ലാഭനഷ്ടങ്ങള്‍.

ബാക്കിയുള്ളവരൊക്കെ തങ്ങളുടെ നഷ്ടങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിവുകളുമായി പതിയെ ആവരവരുടെ ജീവിതത്തിലേക്ക് മടങ്ങി. പക്ഷെ നമ്പിനാരായണന്‍ പിന്‍വാങ്ങാന്‍ കൂട്ടാക്കിയില്ല. കേസ് പറഞ്ഞ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനു നേരത്തേ 50 ലക്ഷം രൂപാ കിട്ടിയിരുന്നു. ദേശിയ മനുഷ്യാവകാശ കമ്മീഷന്‍റെ വിധി പ്രകാരം പത്തുലക്ഷം രൂപായും കിട്ടി. ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 1.30 കോടി രൂപയുമുള്‍പ്പെടെ ആകെ കിട്ടിയത് 1.90 കോടി രൂപാ. ഈ 79 -ാം വയസില്‍ ഇത്രയും പണം കിട്ടിയിട്ടെന്തു ചെയ്യാന്‍ ? എങ്കിലും നമ്പിനാരായണനാശ്വാസം. തന്നെ പീഡിപ്പിച്ചവര്‍ പ്രതികളാവുന്നതുകാണുന്നതും ഒരു സന്തോഷം.

ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമോ ? കാക്കിയുടെയും ബൂട്ടിന്‍റെയും ബലത്തില്‍ ഇല്ലാക്കഥ മെനഞ്ഞ് കേസുണ്ടാക്കി നിരപരാധികളെ പീഡിപ്പിക്കുന്ന ചില പോലീസുദ്യോഗസ്ഥര്‍ എക്കാലത്തും എവിടെയും സര്‍വീസിലുണ്ടാവും. ഇവരില്‍ ചിലര്‍ക്കൊക്കെ കാലം കനത്ത തിരിച്ചടി നല്‍കും. എത്രയും വേഗം അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതിയുടെ വിധി. ഇത് എല്ലാവര്‍ക്കും പാഠമാവുക തന്നെ വേണം.

editorial isro case nambi narayanan jacob george
Advertisment