കേരളം

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐ സംഘം തിരുവനന്തപുരത്ത് എത്തി; മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍ ഹൈക്കോടതിയിൽ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, June 28, 2021

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐ സംഘം തിരുവനന്തപുരത്ത് എത്തി. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ ഡല്‍ഹി യൂണിറ്റില്‍ നിന്നുള്ള പ്രത്യേക സംഘമാണ് തലസ്ഥാനത്ത് എത്തിയത്.

കേസില്‍ കൂടുതല്‍ രേഖകള്‍ ശേഖരിക്കാനും സാക്ഷികളുടെ മൊഴിയെടുക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പരാതിക്കാരനായ നമ്പിനാരായണന്റെ മൊഴി നാളെ രേഖപ്പെടുത്തുമെന്നാണ് വിവരം. പ്രതികളുടെ അറസ്റ്റ് അടക്കം നിര്‍ണ്ണായക നീക്കങ്ങള്‍ ഉണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെയാണ് സിബിഐയുടെ കേരളത്തിലേക്കുള്ള വരവ്.

കേസിൽ മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഒന്നാം പ്രതി എസ് വിജയൻ, രണ്ടാം പ്രതി തമ്പി എസ്. ദുർഗ്ഗാദത്ത് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി സഹകരിക്കാമെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം

. പൊലീസ് ഉദ്യോഗസ്ഥർ എന്ന നിലയ്ക്ക് മാത്രമാണ് പ്രവർത്തിച്ചത്. വർഷങ്ങൾക്ക് ശേഷം ആരോപണം ഉയർന്നത് സംശയാസ്പദമെന്നും പ്രതികൾ ഹര്‍ജിയില്‍ പറയുന്നു. സിബിഐ കേസന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

×