ചാരക്കേസിൽപ്പെട്ട നമ്പി നാരായണനു നഷ്ടപ്പെട്ട അവസരങ്ങളുടെ മൂല്യം കണക്കാക്കാനാവില്ല ; നമ്പി നാരായണന് 1.30 കോടി രൂപ നഷ്ടരപരിഹാരം നല്‍കാന്‍ ശിപാർശ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, October 14, 2019

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചാരക്കേസിലെ ഇരയായ നമ്പി നാരായണന് 1.30 കോടി രൂപ നഷ്ടരപരിഹാരം നല്‍കാന്‍ ശിപാർശ. നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ മധ്യസ്ഥനായി ചുമതലപ്പെടുത്തിയ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറാണ് സർക്കാരിന് ഇത്തരമൊരു ശിപാർശ നൽകിയത്.

ചാരക്കേസിൽ നിയമവിരുദ്ധമായി പ്രതിചേർക്കപ്പെട്ട നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഇതു സര്‍ക്കാര്‍ നേരത്തേ കൈമാറിയിരുന്നു.

ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരേ 20 വര്‍ഷം മുമ്പ് നമ്പി നാരായണന്‍ കേസ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് നമ്പി നാരായണനുമായി ചർച്ചചെയ്ത് നഷ്ടപരിഹാരം നിശ്ചയിക്കാൻ കെ. ജയകുമാറിനെ സര്‍ക്കാര്‍ നിയോഗിച്ചത്. റിപ്പോര്‍ട്ട് നിയമോപദേശത്തിനായി അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദിനു കൈമാറി.

കേസിൽപ്പെട്ടതിനെ തുടർന്ന് നമ്പി നാരായണനും രാജ്യത്തിനും നഷ്ടപ്പെട്ട അവസരങ്ങളുടെ മൂല്യം കണക്കാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

×