ആളിപ്പടരുന്ന പ്രതിഷേധത്തിന് പിന്നാലെ കല്ലാക്കുറിച്ചിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍; പെണ്‍കുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കളും

author-image
Charlie
New Update

publive-image

ചെന്നൈ: കല്ലുറിച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സ്‌കൂള്‍ പ്രിന്‍സിപ്പലും രണ്ട് അദ്ധ്യാപകരുമാണ് പിടിയിലായത്. സിബിസിഐഡി സംഘം കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. നേരത്തെ കുട്ടിയുടെ ആത്മഹത്യയില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് അദ്ധ്യാപകരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട്ടില്‍ പ്രതിഷേധം അക്രമാസക്തമായിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ സ്‌കൂളിന് തീ വെയ്‌ക്കുകയും നിരവധി ബസുകള്‍ കത്തിക്കുകയും ചെയ്തിരുന്നു.

Advertisment

സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ അനുരജ്ഞന ശ്രമത്തിനായി മുഖ്യമന്ത്രി സ്റ്റാലിന്‍ ഇടപെട്ടിരുന്നു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും നീതി ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.

പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കല്ലാക്കുറിച്ചിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ കളക്ടര്‍. സ്ഥലത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് കല്ലാക്കുറിച്ചി ജില്ലാ കളക്ടര്‍ പി.എന്‍. ശ്രീധര്‍ അറിയിച്ചു. സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ കല്ലാക്കുറിച്ചി, ചിന്നസേലം മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇവിടേക്ക് കൂടുതല്‍ പോലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.

വന്‍ സംഘര്‍ഷമാണ് ഇന്ന് കല്ലാക്കുറിച്ചിയിലുണ്ടായത്. ആദ്യം കുറച്ചുപേരാണ് സ്‌കൂളിലേക്ക് പ്രതിഷേധവുമായി എത്തിയത്. ഇവരെ നേരിടാന്‍ പൊലീസ് സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ കൂടുതല്‍പേരെ സംഘടിപ്പിച്ച്‌ സ്‌കൂളിലേക്ക് വരികയാണുണ്ടായതെന്നും ഡി.ജി.പി. പറഞ്ഞു.

ചിന്നസേലത്തെ ശക്തി മെട്രിക്കുലേഷന്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് ഞായറാഴ്ച വന്‍സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്‌കൂളിലേക്ക് ഇരച്ചെത്തിയ ആയിരക്കണക്കിന് പേര്‍ സ്‌കൂളിലെ ബസുകളും മറ്റുവാഹനങ്ങളും അടിച്ചുതകര്‍ത്തു. പത്തിലേറെ ബസുകളും മൂന്ന് പൊലീസ് വാഹനങ്ങളും അഗ്‌നിക്കിരയാക്കി.

പെണ്‍കുട്ടിയുടെ സ്വദേശമായ കടലൂരില്‍നിന്നടക്കം നിരവധി പേരാണ് ചിന്നസേലത്തേക്ക് സമരത്തില്‍ പങ്കെടുക്കാനെത്തിയത്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ആഹ്വാനപ്രകാരം നിരവധി യുവാക്കളും എത്തിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്.

കഴിഞ്ഞ ദിവസമാണ് രണ്ട് അദ്ധ്യാപകര്‍ തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച്‌ പ്ലസ് ടു വിദ്യാര്‍ത്ഥിനി സ്വകാര്യ സ്‌കൂളിലെ ഹോസ്റ്റല്‍ കെട്ടിടടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇന്നലെ മരിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കൊലപാതകത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. നൂറ് കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

തന്റെ മരണത്തിന് കാരണം രണ്ട് അദ്ധ്യാപകരുടെ മാനസികപീഡനമാണെന്ന് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി രണ്ടുഅദ്ധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രതിഷേധം ആളിപ്പടരുകയായിരുന്നു. കുറ്റക്കാരായ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

Advertisment