സൗദിയിൽ ഐ ടി - കമ്മ്യൂണിക്കേഷൻ പ്രൊഫഷനുകൾ സ്വദേശികൾക്ക് മാത്രം; മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രിയുടെ തീരുമാനം തിങ്കളാഴ്ച പുറത്തു വന്നു

New Update

ജിദ്ദ: സൗദിയിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ആശയവിനിമയ (കമ്മ്യൂണിക്കേഷൻ), വിവര സാങ്കേതിക വിദ്യ (ഐ ടി) പ്രൊഫഷനുകൾ സ്വദേശിവല്കരിച്ചു കൊണ്ട് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽറാജിഹി തിങ്കളാഴ്ച തീരുമാനം പുറപ്പെടുവിച്ചു. അഞ്ചോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളും തീരുമാനം നടപ്പിലാക്കണമെന്നും മന്ത്രിയുടെ തീരുമാനം ആവശ്യപ്പെടുന്നു.

Advertisment

publive-image

കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ്, ആപ്ലിക്കേഷൻ വികസനം, പ്രോഗ്രാമിംഗ്, അനാലിസിസ്, ടെക്നിക്കൽ സപ്പോർട്, ആശയ വിനിമയ സാങ്കേതിക ജോലികൾ തുടങ്ങിയ തസ്തികകളിൽ ഇനി മുതൽ സ്വദേശികൾ മാത്രമായിരിക്കും. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പുതിയ തീരുമാനത്തോടൊപ്പം ചേർത്തിട്ടുള്ള ബന്ധപ്പെട്ട നടപടി മാർഗരേഖ അവലോകനം ചെയ്യാൻ തൊഴിലുടമകളോടും തൊഴിലന്വേഷകരോടും മന്ത്രാലയം ആവശ്യപ്പെട്ടു.

കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാനായി എടുത്തിട്ടുള്ള നടപടികളുടെ ഭാഗമായാണ് പുതിയ മന്ത്രി തല തീരുമാനം. ഇതിലൂടെ ഈ മേഖലയിൽ 9000 തൊഴിലവസരങ്ങൾ സ്വദേശി യുവതി യുവാക്കൾക്ക് ഉറപ്പാക്കാനാകുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. സ്വദേശികൾ ഐ ടി - കമ്മ്യൂണിക്കേഷൻ തസ്തികകളിൽ നിയമിതരാകുന്നതോടെ സ്പെഷ്യലിസ്റ്റുകൾക്ക് ഏഴായിരം റിയാലും ടെക്നിക്കൽ ജോലിക്കാർക്ക് അയ്യായിരം റിയാലും ആയിരിക്കും ശമ്പളമെന്നും മന്ത്രാലയത്തിന്റെ തീരുമാനത്തിൽ പറയുന്നുണ്ട്.

ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പ്രവാസികളെ നേരിട്ട് ബാധിക്കുന്നതാണ് പുതിയ സ്വദേശിവൽക്കരണ തീരുമാനം.

Advertisment