ഇറ്റലിയിൽ നിന്ന് പ്രതീക്ഷയുടെ ആദ്യകിരണം ! ‘ഇന്നലെയാണ് ഞങ്ങൾ നിവർന്നുനിന്ന് അൽപ്പം ശ്വാസം വിട്ടത്’ എന്ന ആഞ്ചലോ ബൊറേലിയുടെ വാക്കുകള്‍ എത്രയോ ശരി !!

പ്രകാശ് നായര്‍ മേലില
Sunday, April 5, 2020

ഇറ്റലിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 20 മുതൽ ഒന്നൊന്നായി കഴിഞ്ഞുപോയ ഭീതിജനകമായ നാളുകളിൽ നിന്ന് ഇതാദ്യമായി നേരിയൊരാശ്വാസം ഇന്നലെ പ്രകടമായി. ICU വിലെത്തുന്ന രോഗികളുടെ എണ്ണത്തിലും വൈറസ് ബാധിച്ചവരുടെ കണക്കിലും ഇന്നലെ അൽപ്പം കുറവുണ്ടായി.

ഇറ്റാലിയൻ സിവിൽ പ്രൊട്ടക്ഷൻ വകുപ്പ് പ്രമുഖ ആഞ്ചലോ ബൊറേലിയുടെ അഭിപ്രായത്തിൽ ” ഇന്നലെയാണ് ഞങ്ങൾ നിവർന്നുനിന്ന് അൽപ്പം ശ്വാസം വിട്ടത് ” എന്നായിരുന്നു.

വെള്ളിയാഴ്ച ഇറ്റലിയിലെ ആശുപത്രികളിലുള്ള ഗുരുതരരോഗികൾ (ICU) 4068 ആയിരുന്നത് ഇന്നലെ ശനിയാഴ്ച 3994 ആയി കുറഞ്ഞിരിക്കുന്നു. നീണ്ട നാളുകൾക്കുശേഷം ഇതാദ്യമായാണ് ആശുപത്രികളിൽ രോഗികളുടെ വർദ്ധനവിൽ കുറവ് വന്നത്. ഇത് വലിയൊരു ശുഭസൂചനയായാണ് ഇറ്റാലിയൻ സർക്കാർ കാണുന്നത്. ആശുപ ത്രികളിലെ അധികസമ്മർദ്ദത്തിന് അയവുണ്ടായിരിക്കുന്നു.

” ഇപ്പോൾ ഞങ്ങൾ സ്വീകരിച്ചിരിക്കുന്ന മുൻകരുതൽ നടപടികൾ ഫലം കാണുന്നു എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കുന്നത്. ശനിയാഴ്ച വൈറസ് ബാധിതരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിരിക്കുന്നു കേവലം 2886 പേർ. സാധാരണ 5000 ത്തിനും മുകളിലായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്” ഇത് പറയുമ്പോൾ ആഞ്ചലോ ബൊറേലിയുടെ മുഖത്ത്‌ നല്ല ആത്മവിശ്വാസം പ്രകടമായിരുന്നു.ഇന്നലെത്തെ മരണസംഖ്യ 812 ആയിരുന്നു.

ഇറ്റലിയിലെ ലൊംബാർഡിയിലാണ് രാജ്യത്തെ കൊറോണബാധിതരിൽ 85 % വും. ഫെബ്രുവരി 20 നാണ് ആദ്യത്തെ കോവിഡ് കേസ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതും. ഇറ്റലിയിൽ ഇപ്പോൾ എല്ലാ നിർമ്മാണപ്രവർത്ത നങ്ങളും 100 % വും നിർത്തിവച്ചിരിക്കുകയാണ്. മോർണിംഗ് ,ഈവനിംഗ് നടത്തങ്ങൾ നിരോധിച്ചു. മാസ്ക്ക് ധരിക്കാതെ ആർക്കും വീടിനുപുറത്തിറങ്ങാൻ അനുവാദമില്ല.

ഹോട്ടലുകളും ,ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചുപൂട്ടിയിരിക്കുന്നു.ബൈക്കുകളിലെ യാത്രക്കും വിലക്കാണ് ഇറ്റലിയിൽ ഇപ്പോഴും ലോക്ക് ഡൗൺ സ്ഥിതിയാണ്.ഏപ്രിൽ 13 വരെ ഈ നില തുടരാനാണ് തീരുമാനം. വിലക്കുകൾ ലംഘിച്ചാൽ 2.5 ലക്ഷം ഇന്ത്യൻ രൂപയ്ക്കു തത്തുല്യമായ ( യൂറോ) തുകയാണ് പിഴ ചുമത്ത പ്പെടുക.

×