വാക്‌സിന്‍ സ്വീകരിക്കാനെത്തിയ യുവതിയ്ക്ക് ആരോഗ്യപ്രവര്‍ത്തക ഒറ്റയടിക്ക് കുത്തിവച്ചത് ആറു ഡോസ് വാക്‌സിന്‍; സംഭവം ഇങ്ങനെ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, May 12, 2021

ഇറ്റലി: ഇറ്റലിയിലെ നോവ ആശുപത്രിയില്‍ നഴ്‌സിന് സംഭവിച്ച കൈപ്പിഴയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വാക്‌സിന്‍ സ്വീകരിക്കാനെത്തിയ യുവതിയ്ക്ക് ആരോഗ്യപ്രവര്‍ത്തക ഒറ്റയടിക്ക് കുത്തിവച്ചത് ആറു ഡോസ് വാക്‌സിന്‍. ഫൈസര്‍ ബയോഎന്‍ടെക്കിന്റെ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കാനെത്തിയ യുവതിയ്ക്കാണ് ഈ ദുര്യോഗമുണ്ടായത്.

ഞായറാഴ്ചയാണ് 23-കാരിയായ യുവതി പ്രതിരോധ വാക്സിന്‍ സ്വീകരിക്കുന്നത്. ഒരു കുപ്പിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ വാക്സിനും സിറിഞ്ചില്‍ നിറച്ച ആരോഗ്യപ്രവര്‍ത്തക അതു മുഴുവന്‍ കുത്തിവെക്കുകയായിരുന്നു.

ആറു ഡോസ് വാക്സിനാണ് ഒരു ബോട്ടിലില്‍ ഉണ്ടാവുക. എന്നാല്‍ സിറിഞ്ച് ശൂന്യമായപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം ആരോഗ്യപ്രവര്‍ത്തക തിരിച്ചറിഞ്ഞത്. കുത്തിവെപ്പ് സ്വീകരിച്ച യുവതിയെ ഉടന്‍ തന്നെ 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ബന്ധിത നിരീക്ഷണത്തിന് വിധേയയാക്കി. എന്നാല്‍ പൂര്‍ണ ആരോഗ്യവതിയായ യുവതിക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.

ഇതേ തുടര്‍ന്ന് തിങ്കളാഴ്ച ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതേ ആശുപത്രിയിലെ സൈക്കോളജി വിഭാഗത്തിലെ ഇന്റേണാണ് യുവതി. യുവതിയെ ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ആരോഗ്യനില നിരീക്ഷിക്കുന്നത് തുടരുമെന്ന് ആശുപത്രി വക്താവ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകയ്ക്ക് സംഭവിച്ച കൈപ്പിഴയാണെന്നും മനഃപൂര്‍വമല്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

×