/sathyam/media/post_attachments/oZSONeYn041bkLThiZDc.jpg)
റോം: കൊവിഡ് ഏറെ നാശം വിതച്ച രാജ്യങ്ങളിലൊന്നായിരുന്നു ഇറ്റലി. രോഗബാധിതരുടെയും മരണസംഖ്യയുടെയും എണ്ണ പെരുകുന്നതായിരുന്നു ഒരു സമയത്ത് ഇറ്റലിയിലെ കാഴ്ച.
വൈകിയാണെങ്കിലും ശക്തമായ നിയന്ത്രണങ്ങള്‍ സ്വീകരിച്ച് രാജ്യം അതിജീവനത്തിന്റെ പാതയിലെത്തിയിരുന്നു. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അങ്ങനെ കുറഞ്ഞുതുടങ്ങിയിരുന്നു.
എന്നാല്‍ പൂര്‍ണമായി ആശ്വസിക്കാന്‍ ഇറ്റലിക്ക് ഇനിയും കഴിയില്ല.
24 മണിക്കൂറിനിടയില്‍ 1739 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 199414 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണസംഖ്യ 26977 ആയി ഉയര്‍ന്നു.
രാജ്യത്ത് കൊവിഡ് ആശങ്കകള്‍ സജീവമായിരിക്കേ നിയന്ത്രണങ്ങളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി ജുസപ്പെ കോന്‍തെ.
മെയ് നാല് മുതല്‍ ലോക്ക്ഡൗണില്‍ ഇളവ് അനുവദിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിര്‍മ്മാണമേഖല, ഉത്പാദകമേഖല എന്നിവയുടെ പ്രവര്‍ത്തനം അന്നുമുതല്‍ സാധാരണനിലയിലാകും.
മെയ് 18 ഓടെ ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍, മ്യൂസിയം, ലൈബ്രറികള്‍, ഗാലറികള്‍ എന്നിവയും ജൂണ്‍ ഒന്ന് മുതല്‍ ബാറുകള്‍, റെസ്റ്റോറന്റുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവയും പ്രവര്‍ത്തിച്ച് തുടങ്ങും.
ഞായറാഴ്ച ടെലിവിഷനിലൂടെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഇളവുകളെക്കുറിച്ച് വ്യക്തമാക്കിയത്.
മാസ്‌ക് ധരിച്ചുകൊണ്ട് ജനങ്ങള്‍ക്ക് ബന്ധുവീടുകളില്‍ പോകാനും ജോഗിങ്ങിനും സുരക്ഷിതമായ അകലം പാലിച്ചുകൊണ്ട് 15 പേര്‍ മാത്രം പങ്കെടുക്കുന്ന ശവസംസ്‌കാരച്ചടങ്ങുകള്‍ നടത്താനും അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.