അന്ന് വായില്‍ ഒട്ടിക്കാന്‍ പ്ലാസ്റ്റര്‍, പിന്നെ അഴിമതിക്കാരെ പിടിക്കാന്‍ ചുവപ്പ് – മഞ്ഞ കാര്‍ഡുകള്‍ ! ഇപ്പോള്‍ ‘തറയിലെ കിടപ്പ്’ പബ്ലിസിറ്റിക്കായുള്ള ജേക്കബ് തോമസിന്‍റെ പുതിയ ‘തറവേല’ ! ഒപ്പം അഴിമതിക്കേസില്‍ കഴമ്പുണ്ടെന്ന ഹൈക്കോടതി നിരീക്ഷണം മറച്ചുവയ്ക്കാനുള്ള തന്ത്രവും

ന്യൂസ് ബ്യൂറോ, പാലക്കാട്
Sunday, May 31, 2020

പാലക്കാട്: എത്ര നിലവാരമില്ലാത്ത കാര്യങ്ങള്‍ ചെയ്തും പബ്ലിസിറ്റി നേടാന്‍ മടികാണിക്കാത്ത ഉദ്യോഗസ്ഥനാണ് ഇന്ന് വിരമിക്കുന്ന ഡിജിപി ജേക്കബ് തോമസ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള പരസ്യ വിമര്‍ശനം അരുതെന്ന സര്‍ക്കാരിന്‍റെ താക്കീതിനെതിരെ വായ് മൂടിക്കെട്ടാന്‍ പ്ലാസ്റ്ററുമായി മാധ്യമങ്ങള്‍ക്കു മുമ്പിലെത്തിയിരുന്നു ഇദ്ദേഹം.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നെന്നു പറഞ്ഞു വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്ത ജേക്കബ് തോമസ് അഴിമതിക്കാരെ കാണിക്കാനെന്നുപറഞ്ഞ് ചുമപ്പു കാര്‍ഡും മഞ്ഞ കാര്‍ഡും പോക്കറ്റിലിട്ട് കുറച്ചുനാള്‍ നടന്നു. ഇത്തരം അല്‍പത്തരങ്ങള്‍ എന്നും അദ്ദേഹത്തിനു കുടെപ്പിറപ്പായിരുന്നു.

എന്നാല്‍ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിന്‍റെ ഓഫീസില്‍ തറയില്‍ പായ വിരിച്ച് കിടന്നുറങ്ങിയ സര്‍വ്വീസിലെ അവസാന ദിവസത്തെ ചിത്രം എന്ന പേരില്‍ ഇന്ന് പുറത്തുവിട്ട ചിത്രം മറ്റൊരു അടവായിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജേക്കബ് തോമസിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന ഹൈക്കോടതി നിരീക്ഷണം പുറത്തുവന്നത് വെള്ളിയാഴ്ചയായിരുന്നു.

ഈ വാര്‍ത്തയുടെ പ്രാധാന്യം ഇല്ലാതാക്കാന്‍ കരുതിക്കൂട്ടി നടത്തിയ പിആര്‍ നീക്കമായിരുന്നു തറയിലെ ഉറക്കമെന്ന പുതിയ തറവേല ! ഒപ്പം തന്‍റെ വിരമിക്കലിന് സോഷ്യല്‍ മീഡിയ വഴി വലിയ പ്രാധാന്യം കിട്ടുന്നതും അദ്ദേഹം സ്വപ്നം കണ്ടു. ചിത്രം പുറത്തുവന്ന പിന്നാലെ ജേക്കബ് തോമസിന്‍റെ സ്ഥിരം കുഴലൂത്തുകാര്‍ അതേറ്റു പിടിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ കളം മാറി. കടുത്ത വിമര്‍ശനമാണ് ഇപ്പോള്‍ ഈ പോസ്റ്റിനെതിരെ ഉയരുന്നത്.

ഹൈക്കോടതി നിരീക്ഷണത്തിന്‍റെ വാര്‍ത്ത വഴിതിരിച്ചു വിടാനാണ് പുതിയ നീക്കമെന്ന വിമര്‍ശനങ്ങള്‍ ശക്തമായികഴിഞ്ഞു. മാത്രമല്ല പതിവായി പബ്ലിസിറ്റിക്കായി ഇത്തരം വിലകുറഞ്ഞ നീക്കങ്ങളുമായി എത്തുന്നതിനെതിരെയും വിമര്‍ശനങ്ങള്‍ ശക്തമാണ്.

വിജിലന്‍സ് ഡയറക്ടര്‍ പദവിയിലെത്തിയിട്ട് അഴിമതിക്കെതിരെ ചെരുവിരലനക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പകരം ശത്രുപക്ഷത്തുള്ള ഉദ്യോഗസ്ഥര്‍ക്കും നേതാക്കള്‍ക്കുമെതിരെയുള്ള പകപോക്കല്‍ പ്രഹസനങ്ങളായിരുന്നു ഏറെയും നടന്നത്. ഇത് അസഹനീയമായപ്പോഴാണ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയത്.

×