ദേശീയം

അമ്മാവനും അമ്മായിയും 22കാരനെ വീട്ടിലേക്ക് ക്ഷണിച്ചു; മുറിയില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, മൂത്രം കുടിപ്പിച്ചു; പണം തട്ടിയെടുത്തതായി പരാതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 22, 2021

ജയ്പൂര്‍: രാജസ്ഥാനില്‍ 22കാരനെ മുറിയില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി. അമ്മായിയും അമ്മാവനും ചേര്‍ന്ന് തന്റെ പണം തട്ടിയെടുത്തതായും യുവാവിന്റെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് കോട്ടയിലാണ് സംഭവം. അഹമ്മദാബാദില്‍ ജോലി ചെയ്യുന്ന യുവാവ് കുറച്ചുദിവസങ്ങള്‍ താമസിക്കാന്‍ വീട്ടില്‍ വന്നതാണ്. ഈസമയത്ത് അമ്മാവനും അമ്മായിയും യുവാവിനെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചതായി സഹോദരന്‍ പറയുന്നു.

വീട്ടിലെത്തിയ 22കാരനെ ഇരുവരും ചേര്‍ന്ന് മുറിയില്‍ കെട്ടിയിട്ടു. യുവാവിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണും 22000 രൂപയും തട്ടിയെടുത്തതായി സഹോദരന്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. അതിനിടെ മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് ഇടപെട്ടത്.

 

×