Advertisment

ജമ്മു കശ്മീരിന് സംസ്ഥാന പദവി ലഭിച്ചേക്കും? സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നിലപാട് അറിയിക്കാന്‍ സാധ്യത; നിര്‍ണായക യോഗം 24ന്

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് സംസ്ഥാനപദവി നല്‍കിയേക്കും. പ്രധാനമന്ത്രി വിളിച്ചിരിക്കുന്ന സർവ്വകക്ഷി യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത. മേഖലയിലെ രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകളുണ്ടായേക്കുമെന്നാണ് സൂചനകളെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വ്യാഴാഴ്ചയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് വർഷമാകാൻ പോകുമ്പോഴാണ് കേന്ദ്രം ചില നിർണ്ണായക മാറ്റങ്ങൾ ആലോചിക്കുന്നത്. ജമ്മുകശ്മീരിനെ രണ്ടാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാണ് രൂപീകരിച്ചത്.

ഇതിൽ ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി തുടരും. ജമ്മുകശ്മീർ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും എന്നായിരുന്നു തുടക്കത്തിലെ പ്രഖ്യാപനം. എന്നാൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ആലോചിക്കുമ്പോൾ പൂർണ്ണ സംസ്ഥാനപദവി നല്‍കിയാലോ എന്ന ആലോചന സജീവമാകുകയാണ്.

2019 ഓഗസ്ത് 5 നാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മുവിന്റെ പ്രത്യേക പദവി പിന്‍വലിക്കുകയും ജമ്മു ആൻഡ് കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തത്‌. ജൂണ്‍ 24ന് വിളിച്ചിട്ടുള്ള സര്‍വകക്ഷി യോഗത്തില്‍ ജമ്മു കാശ്മീരിലെ പ്രമുഖ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് എല്ലാം തന്നെ ക്ഷണമുണ്ട്.

നാല് മുന്‍ മുഖ്യമന്ത്രിമാരടക്കം 14 നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പ്രത്യേക പദവി തിരിച്ചുനല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകളുണ്ടാകില്ല.

Advertisment