/sathyam/media/post_attachments/aSPA8caVOBVFxitj0ul0.jpg)
ടോക്കിയോ: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആറിടങ്ങളില്‍ ജപ്പാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനവും ഒളിമ്പിക്‌സ് വേദിയുമായ ടോക്കിയോ, സൈതാമ, ചിബ, കനഗാവ, ഒസാക്ക, ഒകിനാവ പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 31 വരെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഹൊക്കായിഡോ, ഇഷികാവ, ക്യോടോ, ഹ്യോഗോ, ഫുക്കുഓക്ക എന്നീ പ്രവിശ്യകളിലേക്ക് രോഗം പടരുന്നത് തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാജ്യത്തുടനീളം കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ടോക്കിയോ മെട്രോപൊളിറ്റരന്‍ ഗവണ്‍മെന്റ് ജൂലൈ 29-ന് 3,865 കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യവ്യാപകമായി 10,699 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജപ്പാനില്‍ കൊവിഡ് മഹാമാരി ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
''ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ, ടോക്കിയോ, സൈതാമ, ചിബ, കനഗാവ, ഒസാക്ക, ഒകിനാവ പ്രവിശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും, ഹൊക്കായിഡോ, ഇഷികാവ, ക്യോടോ, ഹ്യോഗോ, ഫുക്കുഓക്ക എന്നീ പ്രവിശ്യകളിൽ രോഗം പടരാതിരിക്കാനുള്ള മുൻഗണനാ നടപടികൾ സ്വീകരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു'',-ജപ്പാന്‍ പ്രധാനമന്ത്രിയായ യോഷിഗിഡെ സുഗ പറഞ്ഞു.
നേരത്തെ ടോക്കിയോയിലും ഒകിനാവയിലും അടിയന്തരാവസ്ഥകള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ഓഗസ്റ്റ് 22-ന് അവസാനിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം. കൂടാതെ, യുവതലമുറയിലെ ആളുകൾക്ക് വാക്സിനുകൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജപ്പാൻ സർക്കാർ തീരുമാനിച്ചു. ഓഗസ്റ്റ് അവസാന വാരത്തോടെ രാജ്യത്തെ 40 ശതമാനത്തിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും ജാപ്പനീസ് സര്‍ക്കാര്‍ അറിയിച്ചു.
അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.