ചെന്നൈ: തമിഴ്‌നാട് മുന്മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ അന്വേഷിക്കുന്നതിന് ഇതുവരെ ചെലവായത് 3.6 കോടി രൂപ. ജയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖസാമി കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത്രയും തുക ചെലവായത്. അഭിഭാഷകനായ ബ്രഹ്‌മ വിവരാവകാശപ്രകാരം ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
കമ്മിഷന്റെയും കമ്മിഷനിലെ ജീവനക്കാരുടെയും വേതനമടക്കമുള്ള കാര്യങ്ങള്‍ക്കാണ് കൂടുതല്‍ തുക ചെലവായത്. കമ്മിഷന്റെ പ്രവര്‍ത്തനത്തിനായി സര്‍ക്കാരനുവദിച്ച പണത്തില്‍ ഒരു കോടിയിലേറെ രൂപ ചെലവാക്കാതെ തിരികെനല്‍കിയെന്നും ഇതില്‍ പറയുന്നു.
ജയലളിതയുടെ മരണത്തിനുപിന്നില്‍ ദുരൂഹതയുണ്ടെന്ന പനീര്‍ശെല്‍വത്തിന്റെ ആരോപണത്തെത്തുടര്‍ന്ന് 2017 സെപ്റ്റംബറിലാണ് ആറുമുഖസാമി കമ്മിഷനെ നിയമിച്ചത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ കമ്മിഷന്റെ കാലാവധി ഈ മാസം 24-ന് അവസാനിക്കും. റിപ്പോര്‍ട്ട് നല്‍കുന്നതിനായി ഒരു മാസംകൂടി സാവകാശംതേടി കമ്മിഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്