പൗരത്വ നിയമത്തെ തള്ളിയും രാഹുല്‍ഗാന്ധിയെയും പ്രിയങ്കയെയും പ്രശംസിച്ചും ബിജെപി സഖ്യകക്ഷിയായ ജെഡിയു ? ശിവസേനയ്ക്ക് പിന്നാലെ അടുത്ത പ്രമുഖ കക്ഷിയും ബിജെപിയുമായി ഇടയുന്നു. ബീഹാറില്‍ പൗരത്വ നിയമമോ പൗരത്വ പട്ടികയോ നടപ്പിലാക്കില്ലെന്ന് പ്രശാന്ത് കിഷോര്‍ !

ജെ സി ജോസഫ്
Sunday, January 12, 2020

ന്യൂഡൽഹി ∙ പൗരത്വ നിയമത്തിലും പൗരത്വ പട്ടികയിലും ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനെയും വെട്ടിലാക്കി എന്‍ ഡി എയിലെ പ്രമുഖ ഘടകകക്ഷിയായ ജെ ഡി യു രംഗത്ത്.

പൗരത്വ നിയമത്തെ തള്ളിയും ഇക്കാര്യത്തില്‍ കര്‍ക്കശമായ നിലപാട് സ്വീകരിച്ച കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രശംസിച്ചും രാഷ്ട്രീയ തന്ത്രജ്ഞനു൦ ജെ ഡി യു നേതാവുമായ പ്രശാന്ത് കിഷോർ ട്വിറ്റ് ചെയ്തത് കേന്ദ്ര സര്‍ക്കാരിന് അടുത്ത ഇരുട്ടടിയായി മാറിയിരിക്കുകയാണ്.

ബിഹാറില്‍ പൗരത്വ നിയമമോ പൗരത്വ പട്ടികയോ നടപ്പിലാക്കില്ലെന്നറിയിച്ചിരിക്കുകയാണ് ഈ ട്വീറ്റിലൂടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്തയാളുകൂടിയായ പ്രശാന്ത് കിഷോർ.

സിഎഎ, എന്‍ആർസി എന്നിവ ഔപചാരികമായും വ്യക്തമായും നിരസിച്ചതിന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും അദ്ദേഹം നന്ദിയും അറിയിച്ചു. വ്യക്തമായ നിബന്ധനകളോടെ എൻ‌ആർ‌സിയെ മുഖ്യമന്ത്രി നിരസിക്കണമെന്ന് പ്രശാന്ത് നേരത്തെയും ആവശ്യപ്പെട്ടിരുന്നു.

ശിവസേന എന്‍ ഡി എ വിട്ടശേഷം ഭരണ കക്ഷിയിലെ മറ്റൊരു പ്രധാന ഘടക കക്ഷിയാണ് ജെഡിയു. അവരും സ്വരം മാറ്റിയതോടെ രാഷ്ട്രീയമായി ബിജെപിയുടെ നില പരുങ്ങലിലാണ് . അതേസമയം ലോക്സഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടെന്നതിനാല്‍ ഘടകക്ഷികളുടെ നിലപാടുകളൊന്നും കേന്ദ്ര സര്‍ക്കാരിന്‍റെ നിലനില്‍പ്പിന് ബാധകവുമല്ല.

×