ജെഇഇ അഡ്വാന്‍സ്ഡ് 2021 ജൂലൈ മൂന്നിന്; പരീക്ഷ നടത്തുന്നത് ഐഐടി ഖരഗ്പുര്‍; വിശദാംശങ്ങള്‍ അറിയാം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, January 7, 2021

ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) അഡ്വാന്‍സ്ഡ് 2021 ജൂലൈ മൂന്നിന് നടക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഐഐടി ഖരഗ്പൂരാണ് പരീക്ഷ നടത്തുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റു പരീക്ഷകളെപ്പോലെ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയും താമസിക്കുകയായിരുന്നു. ഐഐടി ഡല്‍ഹിയായിരുന്നു കഴിഞ്ഞ വര്‍ഷം ഈ പരീക്ഷ സംഘടിപ്പിച്ചിരുന്നത്.

പ്രവേശനത്തിനുള്ള അടിസ്ഥാന മാനദണ്ഡമെന്ന നിലയില്‍ പ്ലസ്ടുവിന് 75% മാര്‍ക്ക് വേണമെന്ന കാര്യത്തില്‍ കോവിഡ് സാഹചര്യത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.  കഴിഞ്ഞ വർഷം ജെ.ഇ.ഇ മെയിനില്‍ യോഗ്യത നേടിയ 2.5 ലക്ഷം പേര്‍ക്ക് ഇത്തവണ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് 2021 ന് അപേക്ഷിക്കാം.

രാജ്യത്തുടനീളമുള്ള ബിരുദ എഞ്ചിനീയറിംഗ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനാണ് ജെഇഇ മെയിന്‍ നടത്തുന്നത്. എന്നാല്‍ ജെഇഇ അഡ്വാന്‍സ്ഡ് ഐഐടികളിലേക്കുള്ള പ്രവേശനത്തിന് വേണ്ടി മാത്രമാണ് നടത്തുന്നത്. ജെഇഇ മെയിന്‍ കഴിഞ്ഞവര്‍ക്കാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയെഴുതാന്‍ യോഗ്യതയുള്ളത്.

×