ജിയോ ‘ എന്നാൽ ജീവിക്കുക എന്നാണർത്ഥം. ഇതുപോലെ ഊർദ്ധശ്വാസം വലിച്ചു ജീവിക്കുന്നതാണോ ജീവിതം അഥവാ ജിയോ ?

പ്രകാശ് നായര്‍ മേലില
Friday, May 29, 2020

ജിയോ വൈഫൈ എടുത്തതിൽ വളരെ ദുഖിതനാണ് ഞാൻ. മുന്നിൽ മറ്റൊരു പോംവഴിയില്ലാത്തതിനാൽ അതിലും ദുഃഖിതൻ.ജിയോയുടെ കസ്റ്റമർ കെയറിൽ വിളിച്ചാൽ അവരുടെ പ്രതിനിധികളിലേക്കല്ല ഫോൺ എത്തുക. മറിച്ച് കസ്റ്റമേഴ്സിനെ പറ്റിക്കാൻ ആട്ടോമാറ്റിക്ക് റിപ്ലൈ സംവിധാനമാണ് അവർ സെറ്റപ്പ് ചെയ്തുവച്ചിരിക്കുന്നത്.

 

അതായത് സ്പീഡ് സംബന്ധമായ പരാതികൾക്ക് 2 അമർത്തുക പറയുമ്പോൾ നമ്മുടെ പ്രശ്നം സോൾവ് ആകുമെന്ന് കരുതി നമ്മൾ 2 അമർത്തും. റിക്കാർഡ് ചെയ്ത മറുപടി ഉടനെത്തും :-

” നിങ്ങളുടെ പ്രദേശത്ത് നെറ്റവർക്ക് പ്രശ്നമുണ്ട് ,അത് പരിഹരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുകയാണ്. താമസിയാതെ എത്രയുംപെട്ടെന്ന് ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” മെയിൻ മെനുവിലേക്ക് തിരിച്ചുപോകാൻ 0 അമർത്തുക ” ഒരു വർഷമായി ഇതാണ് മറുപടി.

ഇത് തട്ടിപ്പിന്റെ ആധുനിക വെർഷൻ. മറ്റു രാജ്യങ്ങൾ 5 ജി പ്രവർത്തനമികവിൽ മുന്നോട്ടുകുതിക്കുമ്പോൾ നമ്മൾ ഇന്നും 2 ജി യെക്കാൾ ഗതികെട്ട നിലയിലാണ്. ഇപ്പോൾ മദ്യത്തിന്റെ ആപ്പ് പ്രശ്‍നം കുറേക്കൂടി സങ്കീർണ്ണമാക്കിയിരിക്കുന്നു.നെറ്റ് സ്പീഡ് അൽപ്പംപോലുമില്ല.

BSNL തരിപ്പണമായി, നന്നായി വർക്ക് ചെയ്തിരുന്ന ഐഡിയ,വൊഡാഫോണുമായി ചേർന്നതോടെ കുളമായി. വൊഡാഫോൺ ഇന്ത്യവിടാൻ പോകുന്നെന്നും കേൾക്കുന്നു. എയർടെൽ എന്നൊരു സർവീസ് നിലവിലുണ്ടോ എന്നുപോലുമറിയില്ല.

ഒരു വർഷം മുൻപ് വരെ ഈ രംഗത്ത് നല്ല മത്സരവും , കസ്റ്റമർക്ക് മികച്ച സർവീസും ലഭിച്ചിരുന്നെങ്കിൽ ഇന്ന് ജിയോയുടെ കടന്നുവരവോടെ സംഗതി അവരുടെ വരുതിയിലായ നിലയിലാണ്. കസ്റ്റമേഴ്സിന് മികച്ച മറ്റൊരു ഓഫറില്ല എന്നതാണ് ഗതികേട്.പരാതിപ്പെടാൻ വേദിയില്ല, പരാതി കേൾക്കാൻ ആളുമില്ല. നാഥനില്ലാക്കളരി പോലെ.

×