/sathyam/media/post_attachments/F4ZnorHJmzcH6yKz9gBJ.jpg)
പാലാ: "ഇത്തവണ വീട്ടിലൊരു ഊഞ്ഞാലുണ്ടാക്കിയിട്ടുണ്ട്. പഴയ ടയറുകളും കയറുമൊക്കെ ഉപയോഗിച്ചു നിർമ്മിച്ച ഒരു നാടന്‍ ഊഞ്ഞാല്‍.
പക്ഷേ എന്നേക്കാള്‍ 'ഭാരം കൂടിയ' ഒരാളെയിരുത്തി ടെസ്റ്റ് ചെയ്തിട്ടേ ഞാനിതില്‍ ആടൂ..." നിഷയെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് ജോസ് കെ മാണി എംപി പറഞ്ഞു.
"അതിനെന്താ... എനിക്കാ വണ്ണം കൂടുതല്‍. ടെസ്റ്റ് ആടാന്‍ ഞാന്‍ തയ്യാറാണ്." ഓണ നാളിലെ ഉരുളയ്ക്ക് ഉപ്പേരി പോലെ നിഷ മറുപടി പറഞ്ഞപ്പോൾ കേട്ടുനിന്നവര്‍ പൊട്ടിച്ചിരിച്ചു.
ഇന്നലെ പാലായില്‍ നടന്ന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിലെ ലളിതമായൊരു ഓണാഘോഷപരിപാടിയായിരുന്നു വേദി.
/sathyam/media/post_attachments/oOK9exgurWv8b94ZWMFd.jpg)
"ഇത്തവണ ഓണം നമുക്ക് കോവിഡ് എന്നൊരു സമ്മാനം കൂടി തന്നിട്ടുണ്ട്. ഈ
പ്രതിസന്ധികളെയൊക്കെ തരണം ചെയ്യാന്‍ ഓണത്തിന്റെ നല്ല ഓര്‍മ്മകള്‍ നമുക്ക് സഹായകമാവും." ജോസ് കെ മാണി പറഞ്ഞു.
"അല്ലെങ്കിലും ഓണം നമ്മുടെ ഏത് ദു:ഖത്തിനിടയിലേയും ഒരു സന്തോഷമല്ലേ" നിഷ ജോസ്.കെ മാണി ഉറക്കെ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരു പാട്ട് പാടണമെന്നായി കാണികള്‍.
തനിക്ക് പാട്ട് പാടാനറിയില്ലെന്ന മറുപടിയോടെ നിഷ ഒഴിഞ്ഞുമാറാന്‍
ശ്രമിച്ചപ്പോള്‍ ജോസ് കെ മാണി തടഞ്ഞു; ഒരു വള്ളപ്പാട്ടെങ്കിലും പാടണമെന്നായി ജോസ്.
ആലപ്പുഴക്കാരിയായ തനിക്ക് വെള്ളവും വള്ളവും എന്നും ഹരമാണന്ന് പറഞ്ഞ നിഷ താളമിട്ട് തുടക്കമിട്ടു; "തിത്തിത്താര തിത്തിത്തൈ തിത്തൈ തക തൈ തൈതോം..."
/sathyam/media/post_attachments/fqaYZoiPKaYSwnButpj8.jpg)
നിഷയുടെ പാട്ടിനൊപ്പം ജോസ് കെ മാണിയും വള്ളപ്പാട്ടിനു ചേര്‍ന്നപ്പോള്‍ കാണികള്‍ക്കും ഹരം പിടിച്ചു. അവരും ഒപ്പം പാടി. ഓണ വള്ളംകളിപോലെ ഓളപ്പരപ്പിലെ ആവേശം കരയിലുയര്‍ന്നു. അരമണിക്കൂറോളം നീണ്ട ആഘോഷവേളയ്‌ക്കൊടുവില്‍ ലളിതമായ ഓണ സദ്യയും ഒരുക്കിയിരുന്നു.
കാണികള്‍ക്ക് വിളമ്പിക്കൊടുക്കാനും മറ്റും നിഷയും മുന്നില്‍ നിന്നു.
അവിശ്വാസം ഉള്‍പ്പടെയുള്ള രാഷ്ട്രീയ ചൂടുകള്‍ക്കിടയിലെ ഈ ഓണാഘോഷം മനസിന് കുളിര്‍മ നല്‍കുന്നതായി എന്ന് എല്ലാവര്‍ക്കും നന്ദി പറയവെ ജോസ് കെ മാണി എംപി പറഞ്ഞു.
പാലാ പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ജോണി പന്തപ്ലാക്കൽ സ്വാഗതവും സെക്രട്ടറി ടിഎന്‍ രാജന്‍ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us