കെഎസ് യു നേതാവ് ജോബി ചെമ്മല സഹപ്രവര്‍ത്തകനെ ആക്രമിച്ചെന്ന്കാട്ടി വ്യാജ പ്രചാരണം – ഒപ്പ൦ നടന്ന സഖാവിന്റെ ഇടനെഞ്ചിൽ കത്തി കുത്തിയിറക്കിയിട്ട് എനിക്കെതിരെ വ്യാജ പ്രചാരണം നടത്താന്‍ ഉളുപ്പില്ലേയെന്ന്‍ ചെമ്മലയുടെ മറുപടി. നിയമനടപടിക്കും നീക്കം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, July 18, 2019

തിരുവനന്തപുരം : കെ എസ് യു സഹപ്രവര്‍ത്തകനെ കുത്തിയ കേസിലെ പ്രതിയായ കെ എസ് യു നേതാവ് അക്രമസമരത്തിനെതിരെയുള്ള സമരപ്പന്തലില്‍ എന്ന നിലയില്‍ ഫോട്ടോ ഉള്‍പ്പെടെ നല്‍കിയ വ്യാജ വാര്‍ത്തയ്ക്കും പ്രചരണത്തിനുമെതിരെ കെ എസ് യു സംസ്ഥാന ജനറല്‍സെക്രട്ടറി ജോബി ചെമ്മല നിയമനടപടിക്ക്.

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജില്‍ എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികള്‍ സഹപ്രവര്‍ത്തകനെ കുത്തിയത് ഉള്‍പ്പെടെയുള്ള അക്രമരാഷ്ട്രീയത്തിനെതിരെ കെ എസ് യു നടത്തിയ സമരപ്പന്തലില്‍ ജോബി ചെമ്മല ഇരിക്കുന്ന ഫോട്ടോ സഹിതമായിരുന്നു വാര്‍ത്ത. സഹപ്രവര്‍ത്തകനെ കുത്തിയ കേസിലെ പ്രതി സമരപ്പന്തലില്‍ എന്ന നിലയിലായിരുന്നു പ്രചാരണം.

എന്നാല്‍ ജോബിക്കെതിരെ ഇത്തരം ഒരു പരാതിയോ കേസോ ഉണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടി നാളെ സിപിഎം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ക്കെതിരെയും കൈരളി ചാനലിനെതിരെയും പരാതി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജോബി ചെമ്മല.

ഇന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രധാന വാര്‍ത്തയും ഫോട്ടോയും ജോബി ചെമ്മല സമരപ്പന്തലില്‍ ഇരിക്കുന്നതുമായി ബന്ധപെട്ട ഈ പോസ്റ്റാണ്. എന്നാല്‍ സംഭവം വാസ്തവ വിരുദ്ധമാണെന്ന് മനസിലായതോടെ പലരും ഈ പോസ്റ്റ്‌ പിന്‍വലിച്ചു തുടങ്ങിയിട്ടുണ്ട്. ഈ വാര്‍ത്തയ്ക്കെതിരെ ജോബി ചെമ്മല ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇതിനു മറുപടിയായി കോണ്‍ഗ്രസ് സൈബര്‍ പോരാളികള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഉളുപ്പുണ്ടോ ‘കൈരളി’ ഉളുപ്പ്…….
ഒന്നിച്ച് ഇങ്കിലാബ് വിളിച്ചു നടന്ന സഖാവിന്റെ ഇടനെഞ്ചിൽ കത്തി കുത്തിയിറക്കിയിട്ട് അവന്മാർ എനിക്ക് നേരെ വ്യാജ വാർത്തയുമായി വന്നേക്കുന്നു.

കൈരളി ചാനലും പി ജയരാജന്റെ നിയന്ത്രണത്തിലുള്ള PJ Army ഫേസ്ബുക് സംവിധാനവും എനിക്കെതിരെ വ്യാപകമായ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. മന്ത്രി MM മണിയുടെ ശിഷ്യന്മാരും അക്കൂട്ടത്തിലുണ്ട് .ഞാൻ ഏതോ KSU ക്കാരനെ കുത്തിയ കേസിലെ പ്രതിയാണെന്നാണ് വ്യാജ പ്രചാരണം…

SFI ക്കാരെ തല്ലിയിട്ടുണ്ട്, കെ.എസ്.യു.നടത്തുന്ന മാർച്ചിന്റെ കേസുകൾ അങ്ങിനെ ചില കേസുകളിൽ പ്രതിയും ആയിട്ടുണ്ട്…

കൂടപ്പിറപ്പുകളെ ഞാൻ എന്തോ ചെയ്തു എന്ന മട്ടിൽ എന്റെ ചിത്രം അടക്കം വെച്ച് പ്രചരിപ്പിക്കുന്ന വാർത്തയിൽ വസ്തുതയുടെ കണികയെങ്കിലും ഉണ്ടെങ്കിൽ ഞാൻ ഈ പണി നിർത്തി പോകാം കൈരളി പൂപ്പലേ.

യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ KSU സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിൽ ഞങ്ങൾ നടത്തുന്ന സമരത്തിൽ മേലാളന്മാരുടെ മുട്ടിടിക്കുന്നുണ്ട്. അതിന്റെ വിഷമം ഇതുപോലെ വ്യാജ വാർത്ത ഉണ്ടാക്കി തീർക്കാനാണെങ്കിൽ വിടില്ല.. .

നിരാഹാര സമര പന്തലിലെ എന്റെ ചിത്രം വെച്ചുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

•പ്രിയ സഹപ്രവർത്തകർ ഒപ്പമുണ്ടാകണം

 

×