നായക്ക് എത്രമണിക്കൂര്‍ വരെ മണം ലഭിക്കും; ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയ്ക്കിടെ ഒന്നുമറിയാത്ത പോലെ ഡിനോയുടെ ചോദ്യം; ഒടുവില്‍ പിടിവീണത് ഇങ്ങനെയും

New Update

കൊച്ചി : എറണാകുളം പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതി ഡിനോയ് ക്രിസ്‌റ്റോയ്ക്ക് കുരുക്കായത് സംശയം. പുതുക്കലവട്ടത്തെ പിതൃസഹോദരന്റെ വീട്ടില്‍ വന്‍ മോഷണം നടന്നതറിഞ്ഞ് പൊലീസ് എത്തി തെളിവെടുക്കുമ്പോള്‍ ഡിനോയിയും സ്ഥലത്തുണ്ടായിരുന്നു.

Advertisment

publive-image

ഒന്നുമറിയാത്ത പോലെ നിന്ന ഡിനോയ് ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയ്ക്കിടെ ചോദിച്ച ചോദ്യമാണ് കുരുക്കായത്. നായക്ക് എത്രമണിക്കൂര്‍ വരെ മണം ലഭിക്കുമെന്നാണ് ഡിനോയ് ചോദിച്ചത്. ഇതോടെ ഡിനോയിയും പൊലീസിന്റെ സംശയനിഴലിലായി.

ഇതേത്തുടര്‍ന്ന് ഡിനോയിയുടെ നീക്കങ്ങളും പൊലീസ് നിരീക്ഷിച്ചു. സമീപപ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലും ഡിനോയിയുടെ സാന്നിധ്യം കണ്ടെത്തി. ഇതോടെ കവര്‍ച്ചയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കവര്‍ച്ചയും, പിന്നാലെ നടന്ന കൊലപാതകവും തെളിഞ്ഞത്.

പുതുവല്‍സര രാത്രിയിലാണ് എളമക്കര പുതുക്കലവട്ടത്തെ ഡിനോയിയുടെ പിതൃസഹോദരന്റെ വീട്ടില്‍ കവര്‍ച്ച നടക്കുന്നത്. ഡിനോയിയും ജോബിയും അടങ്ങുന്ന സംഘം 130 പവനാണ് മോഷിടിച്ചത്. വീട്ടുകാര്‍ തന്റെ വീട്ടില്‍ നടക്കുന്ന വിവാഹചടങ്ങിന് എത്തിയെന്ന് ഉറപ്പാക്കിയശേഷമായിരുന്നു കവര്‍ച്ച.

കവര്‍ച്ച സമയത്ത് ജോബി കയ്യുറ ധരിച്ചിരുന്നില്ല. ജോബിയുടെ വിരലടയാളം പൊലീസിന് ലഭിച്ചാല്‍ തങ്ങളെല്ലാം കുടുങ്ങുമെന്ന് ഡിനോയ് ഭയന്നു. തുടര്‍ന്ന് കൊച്ചിയില്‍ നിന്നും മാറി നില്‍ക്കാന്‍ ഡിനോയ് ആവശ്യപ്പെട്ടെങ്കിലും ജോബി കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് ജോബിയെ പുല്ലേപ്പടിയിലെ റെയില്‍വേ ട്രാക്കിലെത്തിച്ച് അമിതമായി മദ്യം നല്‍കി മയക്കി ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ആളെ തിരിച്ചറിയാതിരിക്കാന്‍ മൃതദേഹം കത്തിക്കുകയും ചെയ്തു. മോഷണവിവരം ജോബിയിലൂടെ പുറത്തറിയുമോ എന്ന ഭയമാണ് കൊലയ്ക്ക് കാരണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. ഫോര്‍ട്ടുകൊച്ചി കഴുത്തുമുട്ട് സ്വദേശിയാണ് കൊല്ലപ്പെട്ട ജോബി.

murder case
Advertisment