ബൈഡനിസത്തിലൂടെ അമേരിക്ക മാറുമോ?

Tuesday, January 19, 2021

ഹസ്സൻ തിക്കോടി

(2021 ജനുവരി 20 -(നാളെ) ബുധനാഴ്ച ഉച്ചക്ക് 12-മണിക്ക് പുതിയ പ്രസിഡന്റിന് അമേരിക്കയുടെ അധികാരം കൈമാറുകയാണ്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യരാജ്യത്തിന്റെ അമരക്കാരനായി ജോ ബൈഡൻ കയറുമ്പോൾ മറ്റൊരു മാറ്റത്തിന്റെ അമേരിക്കയെയാണ് ലോകം വീക്ഷിക്കുന്നത്.)

ജോ ബൈഡനെ ഞാൻ നേരിൽ കാണുന്നത് രണ്ടായിരത്തി ഇരുപത് മാർച്ച് മാസം ഏഴാംതിയ്യതി ശനിയാഴ്ചയായിരുന്നു. അന്നായിരുന്നു അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാർഥി പ്രചാരണത്തിന്റെ ഭാഗമായി മിസ്സോറി സ്റ്റേറ്റിലെ സാൻ ലൂയിസിൽ അദ്ദേഹം എത്തിയത്.

അമേരിക്കയിലെത്തുന്നു സഞ്ചാരികളെ ആകർഷിക്കുന്ന മിസ്സൂരി ആർച്ചിന് സമീപത്തൊരുക്കിയ ഒരു ഓപ്പൺ സ്റ്റേജിൽ ജോ ബൈഡനെ കാണാനും അദ്ദേഹത്തിന്റെ ഇലക്ഷൻ പ്രചരണ പ്രസംഗം കേൾക്കാനും ആണും പെണ്ണും കൊടും തണുപ്പിനെ വകവെക്കാതെ തിങ്ങിനിറഞ്ഞു. അവിടത്തെ യൂണിവേസിറ്റിയിൽ പഠിക്കുന്ന എന്റെ കൊച്ചുമകൻ നിദാൽ ഒരു തികഞ്ഞ ഡെമോക്രാറ്റിക് പാർട്ടി അനുഭാവിയാണ്.

അവൻ ആ സമ്മേളത്തിന്റെ വളണ്ടിയർ കൂടി ആയതിനാൽ എനിക്ക് മുൻനിരയിൽ ഇരിക്കാനുള്ള ഒരു പാസ്സ് സംഘടിപ്പിച്ചു. പതിനൊന്നു മണിക്കായിരുന്നു ജോ ബൈഡൻ എത്തേണ്ടിയിരുന്നത്, പക്ഷെ ഒരല്പം വൈകിയാണെങ്കിലും അദ്ദേഹം ഒരു ചെറുപ്പക്കാരന്റെ ചുറുചുറുപ്പോടെ സ്റ്റേജിലേക്ക് ഓടി കയറിയപ്പോൾ ജനം ആർത്തട്ടഹിച്ചു. എഴുപത്തിയേഴിലെത്തിയ ഒരു കിഴവനെയാണോ ഈ അമേരിക്കക്കാർ തങ്കളുടെ പ്രസിഡന്റായി, ലോകനേതാവായി തെരെഞ്ഞുടുക്കാൻ പോവുന്നത് എന്ന് അതിശയത്തോടെ ഞാൻ നിദാലിനോട് ചോദിച്ചു. അവന്റെ ഉത്തരം രസകരമായിരുന്നു. “ബാപ്പ ബൈഡന്റെ പ്രസംഗം ഒന്ന് കേൾക്കൂ, മുൻ പ്രസിഡണ്ട് ഒബാമയോടൊപ്പം എട്ടു വർഷം ലോകത്തെതന്നെ നിയന്ത്രിച്ച വ്യക്തിയാണദ്ദേഹം…….”

അധികം ദീർഘമല്ലാത്ത, പക്ഷെ ഓരോ അമേരിക്കക്കാരന്റെയും മനസ്സിനെ ആഴത്തിൽ കണ്ടറിഞ്ഞ വാക്കുകൾ അതീവ നിശ്ശബ്തതയോടെയാണ് തിങ്ങിക്കൂടിയ ജനം ശ്രവിച്ചത്. ട്രംപ് ഭരണം മുറിവേൽപ്പിച്ചുകൊണ്ടിരിക്കുന്ന അമേരിക്കൻ ജനതയെ ആശ്വസിപ്പിക്കുന്ന അർത്ഥവത്തായ പ്രസംഗം കഴിഞ്ഞപ്പോൾ സ്ക്യൂരിറ്റികളെ മറികടന്നു ജനം അദ്ദേഹത്തെ അഭിനന്ദിക്കാനും അനുമോദിക്കാനുമായി സ്റ്റേജിനടുത്തേക്കു അടുക്കുന്നുണ്ടായിരുന്നു. ഒരുവേള എനിക്കും ആ ആൾകൂട്ടത്തിൽ എത്തിച്ചേരാൻകഴിഞ്ഞു.

കൈഎത്തിപ്പിടിച്ചു അദ്ദേഹത്തിനു ശൈഖ്ഹാൻഡ് കൊടുത്തപ്പോൾ ഞാൻ പറഞ്ഞു: “ഐആം ഫ്രം ഇന്ത്യ, ഗുഡ് ലക്ക്”. തിരക്കിൽ നടന്നു നീങ്ങുമ്പോൾ കൈയുയർത്തി വിജയാശംസകൾ നേർന്നു. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യത്തെ 2021-ലേക്കുള്ള തെരെഞ്ഞെടുപ്പ് പരിപാടിയുടെ ഭാഗമാവാൻ എനിക്ക് സാധിച്ചു.

പുതിയ ലോക സാരഥി

പത്തുമാസങ്ങൾക്കിപ്പുറം ആ മനുഷ്യൻ അമേരിക്കയുടെ നാൽപ്പത്തി ആറാമത് പ്രസിഡന്റായി അമേരിക്കൻ ജനത വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്തിരിക്കുന്നു. ഒപ്പം ഇന്ത്യൻ ജമൈക്ക വംശജ കമലാ ഹാരിസിനെയും അമേരിക്കയുടെ വൈസ് പ്രസിഡന്റായി ലോക പ്രശസ്തമായ “വൈറ്റ് ഹൗസിൽ” വാഴിക്കുന്നു. എന്നാൽ ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവാൻ താനുണ്ടാവില്ലെന്നു പതിവ് തെറ്റിച്ചുകൊണ്ട് ട്രംപ് തീരുമാനിച്ചിരിക്കുന്നു. കൊച്ചുകുട്ടികളുടെ തരം താണ പിടിവാശിക്കാരനായിമാറിയ പ്രസിഡന്റിനെയാണ് അമേരിക്കക്കാർ കഴിഞ്ഞ നാലുവർഷം വൈറ്റ്ഹൗസിൽ വഴിച്ചതെന്നോർക്കുമ്പോൾ സാധാരണക്കാർ പോലും ലജ്ജിക്കും.

പക്ഷെ ഇത്തവണത്തെ തെരെഞ്ഞെടുപ്പ് പതിവുപോലെ സുഖകരമായിരുന്നില്ല. അധികാരകസേര ഒഴിഞ്ഞു കൊടുക്കാൻ തയ്യാറില്ലാത്ത അമേരിക്കയുടെ ഏറ്റവും മോശക്കാരനായ പ്രസിഡന്റ് എന്ന പേരുദോഷം വരുത്തിയ ട്രംപ് ഇലക്ഷന്റെ ആദ്യ നാളുകൾമുതൽതന്നെ പറഞ്ഞു തുങ്ങിയിരുന്നു “താൻ അധികാരം കൈമാറുകയില്ലെന്നു”. പറഞ്ഞതുപോലെ സംഭവിപ്പിക്കാൻ വേണ്ടി ഏതറ്റംവരെയും പോകും എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ക്യാപ്പിറ്റോൾ ആക്രമണം.

ചരിത്രത്തിൽ ആദ്യമായി ട്രംപ് അനുകൂലികളായ റിപ്ലബിക്കൻ പാർട്ടിക്കാർ അതും ചെയ്തുനോക്കി. അഞ്ചുപേരുടെ മരണത്തിനു കാരണമായ ആ ഹീന നടപടിക്കാഹ്വനം ചെയ്തത് റൊണാൾഡ് ട്രംപ് തന്നെയാണ്. അദ്ദേഹം അമേരിക്കയുടെ പ്രസിഡണ്ട് ആണെന്ന കാര്യം മറക്കുകയും ഒരു സാധാരണ ഗുണ്ടാത്തലവന്റെ നിലവാരത്തിലെത്തിയെന്ന വിരോധോഭാസവും ലോകം കണ്ടു. തെരെഞ്ഞെടുപ്പിൽ തോറ്റ ട്രംപ് ജനവിധി അട്ടിമറിക്കാനുള്ള സകല ശ്രമങ്ങളും നടത്തിയിരുന്നു. ക്യാപിറ്റോൾ ആക്രമണം അതിന്റെ അവസാനകൈ ആണെന്ന് കരുതാനാവില്ല.

ജോ ബൈഡൻ അധികാരത്തിൽ കയറുന്നമുറക്ക് അമേരിക്കക്കു പേരുദോശം വരുത്തുന്ന മറ്റു പദ്ധതികളുടെ പണിപ്പുരയിലാണ് ട്രംപനുകൂലികൾ എന്ന കാര്യത്തിൽ സംശയമില്ല. എല്ലാറ്റിലും “അമേരിക്ക ഫസ്റ്റ് “ എന്നാക്രോശിക്കുന്ന ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമെന്നഖ്യാതി നേടിയ ഒരു രാജ്യത്തിലെ ശക്തനായ ഭരണാധികാരിയുടെ തരംതാണ നെറികേടുകൾ ഇക്കഴിഞ്ഞ നാലുവർഷങ്ങളായി ലോകം കണ്ടുകൊണ്ടിരിക്കുന്നു. മഹാമാരിയായിവന്ന കോവിഡ് -19 ന്റെ വൈറസുകളെ നശിപ്പിക്കാൻ ഡെറ്റോളോ മറ്റു കീടനാശിനികളോ കഴിക്കാൻ സ്വന്തം ജനതയോടും ലോകത്തോടും ഉറക്കെ വിളിച്ചു പറഞ്ഞ ഭരണാധികാരിയെന്ന പേരും ട്രംപിന്മാത്രം അവകാശപ്പെട്ടതാണ്. അതുകൊണ്ടാണല്ലോ കോവിഡ്മൂലം മരിച്ചവരുടെ എണ്ണത്തിലും “അമേരിക്ക ഫസ്റ്റ്” ആയതു. നാലു ലക്ഷം മനുഷ്യരെയാണ് ഒരു ഭരണാധികാരി കഴിഞ്ഞ പത്തുമസാനുള്ളിൽ കുരുതിക്കു കൊടുത്ത്.

2018-ൽ ചൈനീസ് പ്രസിഡണ്ട് സ്കി ജിൻപിങ്മായി നടത്തിയ ഒരു സംഭാഷണത്തിൽ പ്രസിഡണ്ട് റൊണാൾഡ് ട്രംപ് തമാശയായി പറഞ്ഞ കാര്യം ക്യാപ്പിറ്റോൾ ആക്രമണത്തോടെ അമേരിക്കൻ പത്രങ്ങൾ ആവർത്തിച്ചെഴുതിയതു ഒരു മനുഷ്യന്റെ മനസ്സിലിരുപ്പ് വ്യക്തമാക്കുന്നു.: “ഞാൻ അമേരിക്കയുടെ ആജീവനാന്ത പ്രസിഡന്റായിരിക്കും”.

ഇത്തവണ ട്രംപിന് രണ്ടാം മുഴം കിട്ടിയിരുന്നെങ്കിൽ അദ്ദേഹം ഭരണഘടനയിൽ മാറ്റം വരുത്തുവാനും ആഗ്രഹിച്ചിരുന്നു. പ്രസിഡന്റിന്റെ ഭരണകാലാവധി പത്തു വർഷമായി മാറ്റാനുള്ള അദ്ദേഹത്തിന്റെ മനസ്സിലിരുപ്പ് പുറത്തുവന്നത് ഇൻഡ്യാനയിലെ “ഇൽഹാർട്ടനിൽ” നടത്തിയ ഒരു റാലിയിലായിരുന്നു. കൂടാതെ 2020 ജൂലായ്മാസത്തിൽ മറ്റൊരു തമാശ ട്വീറ്റ്കൂടി ട്രംപ് ചെയ്തു “പത്തോ പതിനാലോ വർഷത്തേക്കായിരിക്കണം പ്രസിഡന്റിന്റെ കാലാവധി”.

ഇടക്കിടെ തമാശരൂപത്തിലാണെങ്കിലും ഒരു തെമ്മാടി പ്രസിഡന്റിന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ ആശകൾക്കു അതിരില്ലായിരുന്നു. പക്ഷെ അമേരിക്കയുടെ ഭരണഘടനപ്രകാരം ഒരു വ്യക്തിക്ക് പ്രസിഡണ്ടായി രണ്ടു തവണ മാത്രമേ മത്സരിക്കാൻ പാടുള്ളൂ. അനന്തമായ അധികാര മോഹിയാണ് ട്രംപ് എന്നതിന് മറ്റൊരുദാഹരണം ആവശ്യമില്ല. ജനാധിപത്യത്തിലെ ഏകാധിപതികൾ അധികാര മോഹികളും ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നവരുമാകുന്നത് ഇതാദ്യമല്ല. റഷ്യയിലെ പുട്ടിനും ഇസ്രായേലിലെ നെതന്യാഹുവും ട്രംപിന്റെ മറ്റൊരു പതിപ്പാണ്.

ബൈഡനിസം :

വംശീയ വിദ്വേഷവും വിഭാഗീയതയും അമേരിക്കയിൽ തീവ്രമാക്കിയതിൽ ട്രംപിനുള്ള പങ്കു നിഷേധിക്കാനാവില്ല. നാസിസത്തിന്റെയും ഫാസിസത്തിന്റെയും മറ്റൊരുറവിടമായി അമേരിക്കമാറിയതും ഇക്കഴിഞ്ഞ നാലുവര്ഷത്തിലായിരുന്നു. ഇരുപതു വർഷങ്ങൾക്കു മുമ്പ് ന്യൂയോർക്കിലെ വേൾഡ് ട്രേഡ്സെന്ററിൽ നടന്ന ഭീകരാക്രമണത്തോടെയാണ് അമേരിക്ക ലോക പൊലീസുകാരനായി വേഷമിട്ടുതുടങ്ങിയത്. അന്നത്തെ പ്രസിഡന്റായിരുന്ന ബുഷും തുടർന്ന് മകനയാ ജൂനിയർ ബുഷും അമേരിക്ക ഭരിച്ചപ്പോൾപോലും അമേരിക്കയെ ലോകം ഇത്രയധികം വെറുത്തിരുന്നില്ല.

2001 സെപ്റ്റംബർ പതിനൊന്നിനുശേഷമുള്ള കാലയളവിൽ അച്ഛനും മകനും (സീനിയർ ആൻഡ് ജൂനിയർ ബുഷ്) അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാക്ക്, സിറിയ, യമൻ എന്നിവിടങ്ങളിലായി എട്ടുലക്ഷം മനുഷ്യരെയാണ് കൊന്നോടോക്കിയത്, അതിൽ 48 ശതമാനവും നിരപരാതികളായിരുന്നു എന്ന സത്യം പുറത്തു കൊണ്ടുവന്നത് ബ്രൗൺ യൂണിവേസിറ്റിയുടെ വാട്സൺ ഇന്സിറ്റിട്യൂട് ഓഫ് ഇന്റർനാഷണൽ നടത്തിയ ഒരു ഗവേഷണ പഠനത്തിലായിരുന്നു. അതായതു രണ്ടുപേരുടെയും ഭരണത്തിൽ കശാപ്പു ചെയ്യപ്പെട്ട 3 ,35 ,745 മനുഷ്യർ വെറും സാധാരണക്കാരായിരുന്നു, നിരപരാധികളായിരുന്നു. പക്ഷെ റൊണാൾഡ് ട്രംപ്പിന്റെ നാലുവർഷത്തെ ഭരണത്തിൽ കേവലം ഒരുമഹാമാരി മൂലം മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തിലെത്തിച്ചതിനുത്തരവാദി ട്രംപ് എന്ന ഭരണാധികാരിയുടെ കഴിവില്ലായ്മയും പിടിപ്പുകേടുമാണെന്നു അമേരിക്കക്കാർ തിരിച്ചറിഞ്ഞതിന്റെ ശിക്ഷയാണ് നാളെ (20 / 1 / 2 021 ) വൈറ്റ്ഹൗസിൽ നിന്നും അദ്ദേഹം പുറം തള്ളപ്പെടുന്നത് .

ട്രംപിസം മുറിവേല്പിച്ച അമേരിക്കയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള ഭാരിച്ച ചുമതല ഇനി ബൈഡണിസംകൊണ്ടാവുമോ? അമേരിക്ക ആര് ഭരിച്ചാലും “അമേരിക്ക ഫസ്റ്റ്” മുദ്രാവാക്യം ഇല്ലാതാക്കാൻ കഴിയില്ല. അവരുടെ വിദേശകാര്യ പോളിസിയും യുദ്ധക്കൊതിയും ഒരു പാരമ്പര്യ സൃഷ്ടിയാണ്. അതൊരു കച്ചവട തന്ത്രം കൂടിയാണ്. ലോകത്തെവിടെയും ദുരിതം പടർത്താൻ പ്രതിജ്ഞാബദ്ധരായവരായി മാറിയിരിക്കുന്നു കഴിഞ്ഞകാല അമേരിക്ക. ഓരോ വർഷവും പ്രതിരോധ ബജറ്റായി മാറ്റിവെക്കുന്നതാവട്ടെ 500 ബില്യൺ ഡോളറാണ്. ഈ പണമത്രയും സമാഹരിക്കുന്നതു അമേരിക്കാരൻ ഒടുക്കുന്ന നികുതിയും ഗൾഫ് മുതലായ രാജ്യങ്ങളെ പേടിപ്പെടുത്തി വിൽക്കപ്പെടുന്ന ആയുധ കച്ചവടത്തിലൂടെയും. ജോ ബൈഡൻ-കമലാ ഹാരിസ് ടീം ഇതിൽനിന്നു വ്യത്യസ്തമാവുമോ എന്നാണ് അമേരിക്കയും ലോകവും ഉറ്റുനോക്കുന്നത്.

നാളിതുവരെയുള്ള അമേരിക്കൻ ചരിത്രത്തിൽ നടപ്പിലാകാത്ത ഒരു ഫോറിൻ പോളിസി , ആയുധ കച്ചവടമില്ലാത്ത നയപ്രഖ്യാപനം, രാക്ഷ്ട്രത്തിന്റെ പ്രതിരോധ ചെലവ് വെട്ടിച്ചുരുക്കൽ എന്നിവ ഇരുവർക്കും സാധ്യമാവുമോ? ലോകത്താകമാനം പടർന്നുപിടിച്ചതും (കോവിഡ്19) ഇനിയുള്ള നാളുകളിൽ വരാനിരിക്കുന്നതുമായ “മഹാമാരികളെ” തടയാനും, ആഗോളതാപനത്തെ ഫലപ്രദമായി നേരിടാനും, അമേരിക്കയിലേയും പ്രത്യകിച്ചും ആഫ്രിക്കയിലെയും പട്ടിണിമൂലം മരിക്കുന്ന ജനങ്ങളെ സംരക്ഷിക്കാനും, ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും, ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുവാനും, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും പുതിയ ജോ ബൈഡൻ ടീംമിനാവുമോ ? അമേരിക്കയുടെ പ്രതിരോധ ചെലവുകൾ വെട്ടിച്ചുരുക്കി അവ മേല്പറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കാനായി മാറ്റിവെക്കുമോ?

യുദ്ധാവേഷം ഭാഗികമായെങ്കിലും മാറ്റി നിർത്തി അതിനായി ചെലവിടുന്ന കോടിക്കണക്കിനു ഡോളറുകൾ ജനങ്ങളുടെ ക്ഷേമത്തിനും വരാനിരിക്കുന്ന മഹാമാരികളെ തടയാനും, താളം തെറ്റിയ കാലാവസ്ഥയെ നിയന്ത്രിക്കാനും ജോ ബൈഡൻ ടീം മുൻകൈ എടുക്കുകയാണെകിൽ ഒരുവേള അമേരിക്കയും അതുമൂലം ലോക രാക്ഷ്ട്രങ്ങളും രക്ഷപ്പെടും. യുദ്ധമില്ലാത്ത, മഹാമാരികളില്ലാത്ത ഒരു നല്ലനാളയുടെ തുടക്കമാവട്ടെ പുതിയ ബൈഡനിസം.

ഹസ്സൻ തിക്കോടി ——9747883300 – hassanbatha@gmail.com

×