രണ്ടാം കുഞ്ഞ് പിറന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ജോ റൂട്ട്

സ്പോര്‍ട്സ് ഡസ്ക്
Friday, July 10, 2020

രണ്ടാം കുഞ്ഞ് പിറന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ജോ റൂട്ട്. ഇന്‍സ്റ്റഗ്രാമില്‍ ആണ് തന്റെ രണ്ട് മക്കള്‍ക്കുമൊപ്പമുള്ള ചിത്രം റൂട്ട് പങ്കുവെച്ചത്. പെൺകുഞ്ഞാണ് ഇത്തവണ. ഇംഗ്ലണ്ടിലെ സഹാതാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേർ റൂട്ടിന്റെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്.

ഇം​ഗ്ലീഷ് ക്രിക്കറ്റ് ടീമിനെ ടാ​ഗ് ചെയ്താണ് റൂട്ട് ഇൻസ്റ്റാ​ഗ്രാമിൽ ഈ സന്തോഷം പങ്കുവെച്ചത്. എല്ലാവിധ ആശംസകളും. നിങ്ങൾക്കൊപ്പം ഞങ്ങളുമുണ്ട് എന്നായിരുന്നു അദ്ദേഹം കുറിച്ചത്. ഇതിനൊപ്പം ക്രിക്കറ്റ് ഈസ് ബാക്ക് എന്നും ഹാഷ്ടാ​ഗ് ചെയ്തിട്ടുണ്ട്.

രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് റൂട്ട് പിന്മാറിയത്. റൂട്ടിന്റെ അഭാവത്തില്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. അലിസ്റ്റര്‍ കുക്ക് നായകസ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് റൂട്ട് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനാവുന്നത്. ടി20യില്‍ റൂട്ട് സ്ഥിരസാന്നിധ്യമല്ലെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും ഇംഗ്ലണ്ട് നിരയില്‍ അദ്ദേഹം സജീവമാണ്.

×